മണിപ്പൂരിൽ കുക്കി വിഭാഗത്തിൽപ്പെട്ട ഭാര്യയെ കാണാനെത്തിയ മെയ്‌തെയ് യുവാവിനെ വെടിവെച്ചു കൊന്നു
മണിപ്പൂരിൽ മെയ്‌തെയ് വിഭാഗത്തിൽപ്പെട്ട യുവാവിനെ വെടിവെച്ചു കൊന്നു. കാക്ചിംഗ് സ്വദേശി ഋഷികാന്ത് സിംഗ് ആണ് കൊല്ലപ്പെട്ടത്. ചുരാചന്ദ്പൂരിലാണ് സംഭവം. കുക്കി വിഭാഗത്തിലുള്ളവർ യുവാവിനെ തട്ടിക്കൊണ്ടുപോയി വെടിവെച്ച് കൊല്ലുകയായിരുന്നു. കുക്കി ഭൂരിപക്ഷ പ്രദേശത്താണ് കൊലപാതകം നടന്നത്.
ഋഷികാന്തിന്റെ ഭാര്യ കുക്കി വിഭാഗത്തിൽപ്പെട്ട യുവതിയാണ്. ഈ മാസം 19നാണ് ഋഷികാന്ത നേപ്പാളിൽ നിന്ന് മണിപ്പൂരിലെത്തിയത്. ഭാര്യയെ കാണാൻ സ്ഥലത്ത് എത്തിയപ്പോഴാണ് യുവാവിനെ തട്ടിക്കൊണ്ടു പോയത്. കുക്കി നേതാക്കളുടെ സമ്മതം വാങ്ങിയാണ് ഋഷികാന്ത് ഭാര്യയുടെ വീട്ടിലെത്തിയതെന്ന് കുടുംബം പറയുന്നു.
എന്നാൽ രാത്രിയോടു കൂടി വാഹനത്തിൽ ആയുധങ്ങളുമായി എത്തിയ ഒരു സംഘം യുവാവിനെയും ഭാര്യയെയും തട്ടിക്കൊണ്ടുപോയി. യുവതിയെ പിന്നീട് വിട്ടയച്ചു. എന്നാൽ ഋഷികാന്തിനെ കൊലപ്പെടുത്തിയ ശേഷം ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു











