Blog

  • 500 കിലോമീറ്റർ വരെ ₹7500 മാത്രം

    500 കിലോമീറ്റർ വരെ ₹7500 മാത്രം

    500 കിലോമീറ്റർ വരെ ₹7500 മാത്രം

    ന്യൂഡൽഹി: ഇൻഡിഗോ വിമാനക്കമ്പനിയുടെ സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിനെ തുടർന്ന് രാജ്യത്ത് വ്യോമയാന മേഖലയിൽ ഉടലെടുത്ത പ്രതിസന്ധി മുതലെടുത്ത് മറ്റ് വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ വർദ്ധിപ്പിച്ചതിൽ കേന്ദ്ര സർക്കാർ ഇടപെട്ടു. യാത്രക്കാരുടെ ചൂഷണം തടയുന്നതിനായി ആഭ്യന്തര വിമാന ടിക്കറ്റുകൾക്ക് പരമാവധി വില പരിധി (Fare Cap) നിശ്ചയിച്ചുകൊണ്ട് കേന്ദ്ര വ്യോമയാന മന്ത്രാലയം ഉത്തരവിറക്കി.

    ​പുതിയ ഉത്തരവനുസരിച്ച്, 500 കിലോമീറ്റർ ദൂരപരിധിയിലുള്ള യാത്രകൾക്ക് പരമാവധി ₹7,500 മാത്രമേ വിമാനക്കമ്പനികൾക്ക് ഈടാക്കാൻ കഴിയൂ. ദൂരപരിധി അനുസരിച്ചുള്ള മറ്റ് നിരക്കുകളും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

    • ​500 കി.മീ. വരെ: ₹7,500
    • ​500-1000 കി.മീ. വരെ: ₹12,000
    • ​1000-1500 കി.മീ. വരെ: ₹15,000
    • ​1500 കി.മീറ്ററിന് മുകളിൽ: ₹18,000

    ​സ്ഥിതിഗതികൾ സാധാരണ നിലയിലാകുന്നതുവരെ ഈ നിരക്ക് പരിധികൾ കർശനമായി പാലിക്കണമെന്ന് എല്ലാ വിമാനക്കമ്പനികൾക്കും നിർദേശം നൽകിയിട്ടുണ്ട്. ബിസിനസ് ക്ലാസ് ടിക്കറ്റുകൾക്കും യുഡിഎഫ്, പിഎസ്എഫ്, ടാക്‌സുകൾ എന്നിവയ്ക്കും ഈ പരിധി ബാധകമല്ല. അടിയന്തരമായി യാത്ര ചെയ്യേണ്ടവരെ സാമ്പത്തികമായി ചൂഷണം ചെയ്യുന്നത് തടയുക എന്നതാണ് ഈ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം അറിയിച്ചു.

  • ക്വിന്റൻ ഡികോക്കിന് തകർപ്പൻ സെഞ്ച്വറി; മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് 271 റൺസ് വിജയലക്ഷ്യം

    ക്വിന്റൻ ഡികോക്കിന് തകർപ്പൻ സെഞ്ച്വറി; മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് 271 റൺസ് വിജയലക്ഷ്യം

    ക്വിന്റൻ ഡികോക്കിന് തകർപ്പൻ സെഞ്ച്വറി; മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് 271 റൺസ് വിജയലക്ഷ്യം

    വിശാഖപട്ടണത്ത് നടക്കുന്ന മൂന്നാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കക്ക് ഭേദപ്പെട്ട സ്‌കോർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചിത 47.5 ഓവറിൽ 270 റൺസിന് ഓൾ ഔട്ടായി. മികച്ച തുടക്കം കിട്ടിയിട്ടും മധ്യനിരയിലെ തകർച്ചയാണ് ദക്ഷിണാഫ്രിക്കയെ വലിയ സ്‌കോറിൽ എത്തുന്നതിൽ നിന്നും തടഞ്ഞത്. ക്വിന്റൻ ഡികോക്കിന്റെ തകർപ്പൻ സെഞ്ച്വറിയാണ് അവർക്ക് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്

    ഞെട്ടലോടെയായിരുന്നു ദക്ഷിണാഫ്രിക്കൻ ഇന്നിംഗ്‌സിന്റെ തുടക്കം. സ്‌കോർ ബോർഡിൽ വെറും ഒരു റൺസ് മാത്രമുള്ളപ്പോൾ ഓപൺ റയൻ റക്കിൽറ്റൻ പൂജ്യത്തിന് മടങ്ങി. പിന്നീട് രണ്ടാം വിക്കറ്റിൽ ക്രീസിലൊന്നിച്ച ക്വന്റൻ ഡികോക്കും ടെംബ ബവുമയും ചേർന്ന് സ്‌കോർ 100 കടത്തി. 113 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്നുണ്ടാക്കിയത്

    48 റൺസെടുത്ത ബവുമ പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ മാത്യു ബ്രീറ്റ്‌സ്‌കുമൊന്നിച്ച് ഡികോക് സ്‌കോർ മുന്നോട്ടു ചലിപ്പിച്ചു. 24 റൺസെടുത്ത ബ്രീറ്റ്‌സ്‌കിനെ പ്രസിദ്ധ് കൃഷ്ണ വീഴ്ത്തി. എയ്ഡൻ മർക്രാം ഒരു റൺസിന് വീണു. ഇതിനിടെ ഡികോക്ക് സെഞ്ച്വറി തികച്ചിരുന്നു. സെഞ്ച്വറിക്ക് പിന്നാലെ ഡികോക്ക് പുറത്താകുകയും ചെയ്തു. 89 പന്തിൽ ആറ് സിക്‌സും 8 ഫോറും സഹിതം 106 റൺസാണ് ഡികോക്ക് എടുത്ത്

    ഡെവാൾഡ് ബ്രെവിസ് 29 റൺസും മാർക്കോ ജാൻസൺ 17 റൺസുമെടുത്തു. കേശവ് മഹാരാജ് 20 റൺസുമായി പുറത്താകാതെ നിന്നു. ഇന്ത്യക്കായി പ്രസിദ്ധ് കൃഷ്ണ, കുൽദീപ് യാദവ് എന്നിവർ നാല് വീതം വിക്കറ്റുകൾ വീഴ്ത്തി. അർഷ്ദീപ് സിംഗ്, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റ് സ്വന്തമാക്കി
     

  • താമര ചിഹ്നത്തിൽ ജയിച്ചയാൾ കേരളത്തിന്റെ മുഖ്യമന്ത്രി ആകും; 40 മണ്ഡലങ്ങളിൽ ബിജെപി ജയിക്കും: പിസി ജോർജ്

    താമര ചിഹ്നത്തിൽ ജയിച്ചയാൾ കേരളത്തിന്റെ മുഖ്യമന്ത്രി ആകും; 40 മണ്ഡലങ്ങളിൽ ബിജെപി ജയിക്കും: പിസി ജോർജ്

    താമര ചിഹ്നത്തിൽ ജയിച്ചയാൾ കേരളത്തിന്റെ മുഖ്യമന്ത്രി ആകും; 40 മണ്ഡലങ്ങളിൽ ബിജെപി ജയിക്കും: പിസി ജോർജ്

    2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രി ആകുമെന്ന് ബിജെപി നേതാവ് പിസി ജോർജ്. പൂഞ്ഞാർ പാലാ ഉൾപെടെ 40 മണ്ഡലങ്ങളിൽ ബിജെപി ജയിക്കും. പൂഞ്ഞാർ കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളുടെ ചുമതല എനിക്ക് തന്നു. വൈദികൻ അല്ല അച്ഛൻ ആയാലും തെറ്റ് പറഞ്ഞാൽ പറയും.

    മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപി ആകും. കേരള കോൺഗ്രസ് പിരിച്ചു വിടണം. ക്രിസ്ത്യാനിക്ക് എന്ത് കിട്ടി എന്ന് അവർ പറയട്ടെ. കെഎം മാണിയും പിജെ ജോസഫും എല്ലാം അതീവ സമ്പന്നൻ ആയി. കേരള കോൺഗ്രസുകാർ ബിജെപിയിലേക്ക് വരണം.

    ക്രിസ്ത്യൻ സമൂഹത്തിന്റെ സ്വാധീനം കേരളത്തിൽ കുറഞ്ഞു. കോട്ടയത്ത് പത്തിൽ കൂടുതൽ പഞ്ചായത്ത് ബിജെപി പിടിക്കും. 4ൽ കൂടുതൽ മെമ്പർമാർ കോട്ടയം ജില്ലാ പഞ്ചായത്തിൽ കിട്ടുമെന്നും പിസി ജോർജ് പറഞ്ഞു.
     

  • കൊല്ലത്ത് ദേശീയപാത ഇടിഞ്ഞ സംഭവം: കരാർ കമ്പനിക്ക് ഒരു മാസത്തെ വിലക്ക്, കരിമ്പട്ടികയിലാക്കാനും നീക്കം

    കൊല്ലത്ത് ദേശീയപാത ഇടിഞ്ഞ സംഭവം: കരാർ കമ്പനിക്ക് ഒരു മാസത്തെ വിലക്ക്, കരിമ്പട്ടികയിലാക്കാനും നീക്കം

    കൊല്ലത്ത് ദേശീയപാത ഇടിഞ്ഞ സംഭവം: കരാർ കമ്പനിക്ക് ഒരു മാസത്തെ വിലക്ക്, കരിമ്പട്ടികയിലാക്കാനും നീക്കം

    കൊല്ലം കൊട്ടിയത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞു താഴ്ന്ന സംഭവത്തിൽ അടിയന്തര നടപടി സ്വീകരിച്ച് കേന്ദ്ര സർക്കാർ. കരാർ കമ്പനിക്ക് ഒരു മാസത്തെ അടിയന്തര വിലക്ക് ഏർപ്പെടുത്തി. കമ്പനിയെ കരിമ്പട്ടികയിൽ പെടുത്താനും നീക്കം ആരംഭിച്ചു. 

    കൊട്ടിയം മൈലക്കാടിന് സമീപത്തെ ദേശീയപാതയുടെ സംരക്ഷണ ഭിത്തിയാണ് ഇന്നലെ തകർന്നത്. സംഭവത്തിൽ ദേശീയപാത നിർമാണ കമ്പനിയെ കരിമ്പട്ടികയിൽ പെടുത്താതിരിക്കാൻ കാരണം കാണിക്കൽ നോട്ടീസ് അടക്കം കേന്ദ്രം നൽകി. 

    കരാർ കമ്പനിയുടെ പ്രൊജക്ട് മാനേജരെയും റസിഡന്റ് എൻജിനീയറെയും മാറ്റി. വിദഗ്ധ സമിതി സംഭവസ്ഥലം സന്ദർശിക്കും. സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതൽ നടപടികളുണ്ടാകുമെന്നും കേന്ദ്രം അറിയിച്ചു
     

  • സാഹചര്യം മുതലെടുത്ത് യാത്രാനിരക്ക് കൂട്ടരുത്; വിമാനയാത്രാ നിരക്കിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

    സാഹചര്യം മുതലെടുത്ത് യാത്രാനിരക്ക് കൂട്ടരുത്; വിമാനയാത്രാ നിരക്കിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

    സാഹചര്യം മുതലെടുത്ത് യാത്രാനിരക്ക് കൂട്ടരുത്; വിമാനയാത്രാ നിരക്കിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

    വിമാന നിരക്ക് വർധനയിൽ ഇടപെട്ട് വ്യോമയാന മന്ത്രാലയം. ചില വിമാനക്കമ്പനികൾ അസാധാരണമായ രീതിയിൽ ഉയർന്ന നിരക്ക് ഈടാക്കുന്നത് ഗൗരവതരമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. യാത്രാനിരക്കിന് പരിധി നിശ്ചയിക്കുകയും ഇത് ചൂണ്ടിക്കാട്ടി കമ്പനികൾക്ക് കത്തയക്കുകയും ചെയ്തു. പരിധി എത്രയാണ് നിശ്ചയിച്ചതെന്ന് വ്യക്തമാക്കിയിട്ടില്ല

    സ്ഥിതി നിയന്ത്രണത്തിൽ വരുന്നതുവരെ നിർദേശം പാലിക്കണം. വിമാനക്കമ്പനികളുടെ യാത്രാ നിരക്കുകൾ നിരീക്ഷിക്കുന്നതായും മന്ത്രാലയം അറിയിച്ചു. മുൻനിശ്ചയിച്ച നിരക്ക് പരിധികൾ കർശനമായി പാലിക്കണമെന്നും നിർദേശം നൽകി. നിർദേശിച്ച മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയാൽ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പും നൽകി.

    ഇൻഡിഗോയിലെ പ്രതിസന്ധിയെ തുടർന്ന് മറ്റ് കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയത് യാത്രക്കാർക്ക് ഇരുട്ടടിയായി. പല റൂട്ടുകളിലും പത്തിരട്ടിയോളമാണ് നിരക്ക് വർധിപ്പിച്ചത്. 30,000ത്തിന് മുകളിലാണ് ഡൽഹി -തിരുവനന്തപുരം നിരക്ക്. സാഹചര്യം മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്യാൻ അനുവദിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.
     

  • രാഹുൽ മാങ്കൂട്ടത്തിലിനെ തൊട്ടാൽ കൊന്നുതള്ളും: റിനി ആൻ ജോർജിന് വധഭീഷണി

    രാഹുൽ മാങ്കൂട്ടത്തിലിനെ തൊട്ടാൽ കൊന്നുതള്ളും: റിനി ആൻ ജോർജിന് വധഭീഷണി

    രാഹുൽ മാങ്കൂട്ടത്തിലിനെ തൊട്ടാൽ കൊന്നുതള്ളും: റിനി ആൻ ജോർജിന് വധഭീഷണി

    രാഹുൽ മാങ്കൂട്ടത്തിലിന്റെ വിഷയം ആദ്യമായി പൊതുശ്രദ്ധയിൽ കൊണ്ടുവന്ന നടി റിനി ആൻ ജോർജിന് വധഭീഷണി. രാഹുൽ മാങ്കൂട്ടത്തിലിനെ തൊട്ടാൽ കൊന്നുതള്ളും എന്നായിരുന്നു ഭീഷണി. റിനിയുടെ വടക്കൻ പറവൂരിലെ വീടിന് മുന്നിലെത്തിയാണ് രണ്ട് പേർ ഭീഷണി മുഴക്കിയത്.

    സംഭവത്തിൽ റിനി പോലീസിൽ പരാതി നൽകി. ഇനിയും ഇത്തരം ശ്രമങ്ങളുണ്ടാകുമെന്നാണ് കരുതുന്നതെന്നും എന്നാൽ ഭയപ്പെടുന്നില്ലെന്നും റിനി പറഞ്ഞു. ഇന്നലെ രാത്രി ഒമ്പത് മണിയോടെ ഒരു വ്യക്തി വീടിന് മുന്നിലെത്തി ഗേറ്റ് തുറക്കാൻ ശ്രമിച്ചതായി റിനി പറഞ്ഞു

    ശബ്ദം കേട്ട് വീട്ടുകാർ ഇറങ്ങി ചെന്നപ്പോൾ അയാൾ സ്‌കൂട്ടറുമായി സ്ഥലം വിട്ടു. എന്നാൽ രാത്രി 10 മണിയോടെ മറ്റൊരാൾ വീടിന് മുന്നിലെത്തി ഭീഷണി മുഴക്കുകയായിരുന്നുവെന്ന് റിനി പറഞ്ഞു. ബൈക്കിലാണ് ഇയാൾ എത്തിയത്. ഹെൽമറ്റ് ധരിച്ചതിനാൽ ആളെ തിരിച്ചറിയാനായില്ലെന്നും പരാതിയിൽ റിനി പറയുന്നു
     

  • കടുവ സെൻസസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു

    കടുവ സെൻസസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു

    കടുവ സെൻസസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു

    കടുവ സെൻസസിനിടെയുണ്ടായ കാട്ടാന ആക്രമണത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. പാലക്കാട് പുതൂർ ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റ് കാളിമുത്തുവാണ് മരിച്ചത്. അട്ടപ്പാടി പുതൂരിലാണ് സംഭവം. 

    സെൻസസിനിടെ കാട്ടാന ആക്രമിക്കാനെത്തിയതോടെ കാളിമുത്തുവും ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥനും ഓടി മാറിയിരുന്നു. ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥൻ വിവരം അറിയിച്ചതിനെ തുടർന്ന് ആർആർടി സംഘം പരിശോധന നടത്തി.

     പിന്നാലെയാണ് കാളിമുത്തുവിന്റെ മൃതദേഹം കണ്ടെത്തിയത്. മുള്ളി വനമേഖലയിലായിരുന്നു മൃതദേഹം. പുതൂരിൽ കഴിഞ്ഞ ദിവസം അഞ്ചംഗ വനപാലക സംഘം കാട്ടിൽ കുടുങ്ങിയിരുന്നു. ഇതേ മേഖലയിലാണ് ഇന്നത്തെ സംഭവം.
     

  • വിശാഖപട്ടണത്ത് ദക്ഷിണാഫ്രിക്കക്ക് മികച്ച തുടക്കം; ഡികോക്കിന് അർധ സെഞ്ച്വറി

    വിശാഖപട്ടണത്ത് ദക്ഷിണാഫ്രിക്കക്ക് മികച്ച തുടക്കം; ഡികോക്കിന് അർധ സെഞ്ച്വറി

    വിശാഖപട്ടണത്ത് ദക്ഷിണാഫ്രിക്കക്ക് മികച്ച തുടക്കം; ഡികോക്കിന് അർധ സെഞ്ച്വറി

    ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനത്തിൽ ടോസ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിന് അയച്ചു. നിലയുറപ്പിക്കും മുമ്പ് ആദ്യ വിക്കറ്റ് വീണെങ്കിലും പിന്നീട് ദക്ഷിണാഫ്രിക്ക കളം പിടിക്കുകയായിരുന്നു. മത്സരം 21 ഓവർ പിന്നിടുമ്പോൾ ദക്ഷിണാഫ്രിക്ക 2 വിക്കറ്റ് നഷ്ടത്തിൽ 114 റൺസ് എന്ന നിലയിലാണ്

    സ്‌കോർ 1 ൽ നിൽക്കെ അവർക്ക് ഓപണർ റയൻ റക്കിൽട്ടണെ പൂജ്യത്തിന് നഷ്ടമായിരുന്നു. പിന്നീട് ക്രീസിലൊന്നിച്ച ക്വിന്റൻ ഡികോക്കും നായകൻ ടെംബ ബവുമയും ചേർന്ന് 113 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 67 പന്തിൽ 48 റൺസെടുത്ത ബവുമയെ ജഡേജ പുറത്താക്കുകയായിരുന്നു

    56 പന്തിൽ നാല് സിക്‌സും അഞ്ച് ഫോറും സഹിതം 64 റൺസുമായി ഡികോക്ക് ക്രീസിലുണ്ട്. മാത്യു ബ്രീറ്റ്‌സ്‌ക് ആണ് മറുവശത്ത്. ഇരു ടീമും ഓരോ മത്സരം വീതം ജയിച്ച് നിൽക്കുന്നതിനാൽ ഇന്നത്തെ മത്സരം നിർണായകമാണ്. ടെസ്റ്റ് പരമ്പരക്ക് പിന്നാലെ ഇന്ത്യക്ക് ഏകദിന പരമ്പര കൂടി നഷ്ടമാകുമോയെന്ന ഭീതിയിലാണ് ആരാധകർ
     

  • വർക്കലയിൽ പ്രിന്റിംഗ് പ്രസിനിടയിൽ കുടുങ്ങി ജീവനക്കാരിക്ക് ദാരുണാന്ത്യം

    വർക്കലയിൽ പ്രിന്റിംഗ് പ്രസിനിടയിൽ കുടുങ്ങി ജീവനക്കാരിക്ക് ദാരുണാന്ത്യം

    വർക്കലയിൽ പ്രിന്റിംഗ് പ്രസിനിടയിൽ കുടുങ്ങി ജീവനക്കാരിക്ക് ദാരുണാന്ത്യം

    വർക്കലയിൽ പ്രിന്റിംഗ് പ്രസ്സിനിടയിൽപ്പെട്ട് ജീവനക്കാരിക്ക് ദാരുണാന്ത്യം. വർക്കല ചെറുകുന്നം സ്വദേശിയായ മീനഭവനിൽ (51) വയസുള്ള മീനയാണ് മരിച്ചത്. വർക്കലയിൽ പ്രവർത്തിക്കുന്ന പൂർണ്ണ പ്രിന്റിംഗ് പ്രസ്സിലാണ് അപകടം നടന്നത്. 

    പ്രസ്സിൽ ഉപയോഗിക്കുന്ന മെഷീനിൽ ജീവനക്കാരിയുടെ സാരി കുരുങ്ങിയാണ് അപകടമുണ്ടായത്. മറ്റ് ജീവനക്കാരെത്തി അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

    ഇരുപത് വർഷമായി പ്രിന്റിംഗ് പ്രസിൽ ജോലിചെയ്ത് വരികയായിരുന്നു മീന. അബദ്ധത്തിൽ പറ്റിയ ഒരു അപകടം എന്നാണ് പ്രാഥമിക നിഗമനം.

  • രണ്ടാമത്തെ ബലാത്സംഗ കേസ്: രാഹുലിന്റെ മുൻകൂർ ജാമ്യഹർജി തിങ്കളാഴ്ച പരിഗണിക്കും, അറസ്റ്റ് തടഞ്ഞില്ല

    രണ്ടാമത്തെ ബലാത്സംഗ കേസ്: രാഹുലിന്റെ മുൻകൂർ ജാമ്യഹർജി തിങ്കളാഴ്ച പരിഗണിക്കും, അറസ്റ്റ് തടഞ്ഞില്ല

    രണ്ടാമത്തെ ബലാത്സംഗ കേസ്: രാഹുലിന്റെ മുൻകൂർ ജാമ്യഹർജി തിങ്കളാഴ്ച പരിഗണിക്കും, അറസ്റ്റ് തടഞ്ഞില്ല

    ബംഗളൂരുവിൽ താമസിക്കുന്ന മലയാളി യുവതിയായ 23കാരിയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. അഡീഷണൽ സെഷൻസ് കോടതിയാണ് ഹർജി പരിഗണിച്ചത്. പോലീസിന്റെ റിപ്പോർട്ട് കിട്ടുന്നതിന് വേണ്ടിയാണ് ഹർജി പരിഗണിക്കുന്നത് മാറ്റിവെച്ചത്. ഈ കേസിൽ കോടതി അറസ്റ്റ് തടഞ്ഞിട്ടില്ല

    ആദ്യ കേസിൽ രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. എന്നാൽ രണ്ടാമത്തെ കേസിൽ അറസ്റ്റ് തടയാത്തതിനാൽ പോലീസിന് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാൻ സാധിക്കും. ആദ്യം രജിസ്റ്റർ ചെയ്ത പീഡനക്കേസിൽ ഹൈക്കോടതി 15ാം തീയതി വരെയാണ് അറസ്റ്റ് തടഞ്ഞത്. തൊട്ടുപിന്നാലെ രണ്ടാമത്തെ കേസിലും മുൻകൂർ ജാമ്യഹർജി നൽകുകയായിരുന്നു

    പരാതിക്കാരിയുടെ പേര് പോലും ഇല്ലാതെ ലഭിച്ച ഇ മെയിലിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യഹർജി നൽകിയത്. ജാമ്യഹർജി തീർപ്പാക്കും വരെ അറസ്റ്റ് തടയണമെന്നും രാഹുൽ ആവശ്യപ്പെട്ടിട്ടുണ്ട്.