ആരായാലും പറഞ്ഞ വാക്ക് പാലിക്കണം; പാർട്ടിയാണ് വലുതെന്നും ഡികെ ശിവകുമാർ
കർണാടകയിൽ മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള വിവാദം ശക്തമായിരിക്കെ പ്രതികരണവുമായി ഡി കെ ശിവകുമാർ. നേതാക്കളെക്കാളും വലുതാണ് പാർട്ടി. വാക്കാണ് ലോകശക്തിയെന്നും വാക്ക് പാലിക്കുന്നതാണ് ലോകത്തിലെ ഏറ്റവും വലിയ കരുത്തെന്നും ഡി കെ ശിവകുമാർ പരാമർശിച്ചു.
ജഡ്ജിയായാലും പ്രസിഡന്റ് ആയാലും ഞാനടക്കം മറ്റാരായാലും പറഞ്ഞ വാക്ക് പാലിക്കണം. വാക്കാണ് ലോകശക്തി. പുറകിൽ നിൽക്കുന്നവർക്ക് കസേരയുടെ വില അറിയില്ല. ആ കസേരക്ക് എന്ത് വിലയും പ്രധാന്യവുമാണ് ഉള്ളതെന്ന് അവർക്കറിയില്ല. ഒഴിഞ്ഞ കസേര വലിച്ച് അതിലിരിക്കുന്നതിന് പകരം അവർ നിൽക്കുകയാണ്
എല്ലാ മുതിർന്ന നേതാക്കളും ഇരിക്കുമ്പോൾ അവർ നിൽക്കുന്നു. നിങ്ങൾക്ക് ഒരു കസേരയും കിട്ടിയില്ലെങ്കിൽ നിങ്ങൾ പിന്നിലായിപ്പോകുമെന്നും ശിവകുമാർ പറഞ്ഞു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി ഡികെ ശിവകുമാർ പക്ഷം ശക്തമായി വാദിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പരാമർശം.









