ഭരണഘടന സംരക്ഷിക്കപ്പെടുന്നില്ലെങ്കിൽ സുപ്രീം കോടതിയെ ‘സുപ്രീം’ എന്ന് വിളിക്കേണ്ടതില്ല: മൗലാന മഹ്മൂദ് മദനി
ന്യൂഡൽഹി: രാജ്യത്തെ നീതിന്യായ വ്യവസ്ഥയെയും സർക്കാരിനെയും വിമർശിച്ച് ജംഇയ്യത്തുൽ ഉലമ-ഇ-ഹിന്ദ് (Jamiat Ulema-e-Hind) മേധാവി മൗലാന മഹ്മൂദ് മദനി നടത്തിയ പ്രസ്താവന വിവാദമായി. ഭരണഘടന സംരക്ഷിക്കപ്പെടുന്നില്ലെങ്കിൽ സുപ്രീം കോടതിയെ ‘സുപ്രീം’ എന്ന് വിളിക്കാൻ അർഹതയില്ലെന്ന് അദ്ദേഹം തുറന്നടിച്ചു.
ന്യൂനപക്ഷ അവകാശങ്ങൾ ഹനിക്കപ്പെടുന്നു എന്ന് ആരോപിച്ചുകൊണ്ടായിരുന്നു മദനി സംസാരിച്ചത്. ആരാധനാലയ നിയമം (Places of Worship Act, 1991) നിലനിൽക്കെത്തന്നെ പല കേസുകളും മുന്നോട്ട് പോകുന്നതിനെ അദ്ദേഹം ചോദ്യം ചെയ്തു.
”ഭരണഘടന അവിടെ സംരക്ഷിക്കപ്പെടുന്നിടത്തോളം കാലം മാത്രമേ സുപ്രീം കോടതിയെ ‘സുപ്രീം’ എന്ന് വിളിക്കാൻ അതിന് അർഹതയുള്ളൂ. ഇത് സംഭവിക്കുന്നില്ലെങ്കിൽ, അതിനെ സുപ്രീം എന്ന് വിളിക്കാൻ പോലും അർഹതയില്ല,” മൗലാന മദനി പറഞ്ഞു.
ബാബരി മസ്ജിദ്, മുത്തലാഖ് കേസുകളിലെ വിധികൾ ഉൾപ്പെടെയുള്ള സമീപകാല കോടതി തീരുമാനങ്ങൾ, ജുഡീഷ്യറി ‘സർക്കാർ സമ്മർദ്ദത്തിലാണ്’ പ്രവർത്തിക്കുന്നതെന്ന് സൂചിപ്പിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ന്യൂനപക്ഷങ്ങൾക്ക് ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളെ ഈ വിധികളിലൂടെ ലംഘിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘അടിച്ചമർത്തലുണ്ടെങ്കിൽ ജിഹാദും ഉണ്ടാകും’
”അടിച്ചമർത്തൽ ഉണ്ടായാൽ അവിടെ ജിഹാദും ഉണ്ടാകും” എന്ന അദ്ദേഹത്തിന്റെ പരാമർശവും വലിയ രാഷ്ട്രീയ കോളിളക്കത്തിന് വഴിവെച്ചിട്ടുണ്ട്. ഈ പ്രസ്താവനക്കെതിരെ പല രാഷ്ട്രീയ കക്ഷികളും വിമർശനവുമായി രംഗത്തെത്തി.
ഇന്ത്യയിലെ 60 ശതമാനം വരുന്ന നിശ്ശബ്ദ ഭൂരിപക്ഷവുമായി മുസ്ലീങ്ങൾ സജീവമായി ഇടപെടണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. “നിങ്ങളുടെ പ്രശ്നങ്ങൾ അവരെ ബോധ്യപ്പെടുത്തുക. ഈ 60 ശതമാനം ആളുകൾ മുസ്ലീങ്ങൾക്ക് എതിരായാൽ, രാജ്യത്ത് വലിയ അപകടം ഉണ്ടാകും,” മദനി മുന്നറിയിപ്പ് നൽകി.









