കാസർകോട് സബ് ജയിലിൽ റിമാൻഡ് പ്രതി മരിച്ച നിലയിൽ; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ
കാസർകോട് സബ് ജയിലിൽ റിമാൻഡ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ദേളി സ്വദേശി മുബഷീറാണ് മരിച്ചത്. 2016ലെ പോക്‌സോ കേസിൽ ഈ മാസമാണ് ഇയാൾ അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്യുകയായിരുന്നു
സ്‌പെഷ്യൽ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്നതിനിടെ ഇന്ന് രാവിലെയാണ് മുബഷറിനെ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് മരണം സ്ഥിരീകരിക്കുകയായിരുന്നു. അതേസമയം മരണത്തിൽ ദുരൂഹത ആരോപിച്ച് മുബഷിറിന്റെ ബന്ധുക്കൾ രംഗത്തുവന്നു
ജയിലിൽ മർദനം ഏൽക്കേണ്ടി വന്നതായി മുബഷിർ പറഞ്ഞതായി ബന്ധുക്കൾ ആരോപിച്ചു. ജയിലിൽ ചില ഗുളികകൾ കഴിപ്പിച്ചെന്നും ഇത് എന്തിനുള്ള മരുന്നാണെന്ന് അറിയില്ലെന്നും ബന്ധുക്കൾ പറയുന്നു. അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്.








