മൂന്നാറിലെ സ്കൈ ഡൈനിങ്ങിന് പൂട്ടു വീണു; ഉടമയ്ക്കെതിരേ കേസ്

മൂന്നാറിലെ സ്കൈ ഡൈനിങ്ങിന് പൂട്ടു വീണു; ഉടമയ്ക്കെതിരേ കേസ്

അടിമാലി: മൂന്നാർ ആനച്ചാലിൽ വിനോദസഞ്ചാരികൾ കുടുങ്ങിയ സ്കൈ ഡൈനിങ് അടച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പ്രവർത്തിച്ചിരുന്നതെന്ന് കണ്ടെത്തിയതിനെ തുടർ‌ന്ന് റവന്യു വകുപ്പ് സ്റ്റോപ്പ് മെമ്മോ നൽ‌കുകയായിരുന്നു. സ്ഥാപനത്തിന്‍റെ ഉടമയ്ക്കും നടത്തിപ്പുകാരനുമെതിരേ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വെള്ളത്തൂവൽ പൊലീസാണ് കേസെടുത്തത്.

കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയാണ് ആനച്ചാലിലെ സതേൺ സ്കൈസ് എറോ ഡൈനാമിക്സെന്ന സാഹസിക വിനോദസഞ്ചാര കേന്ദ്രത്തിന് പ്രവർത്തനാനുമതി നൽകിയത്. ഏതൊക്കെ സ്ഥാപനങ്ങളുടെ അനുമതിയാണ് ഇത്തരത്തിലൊരു സ്ഥാപനം നടത്താനാവശ്യം എന്നതിൽ റവന്യു വകുപ്പ് കൃത്യമായൊരു മാർഗ നിർദേശം പുറപ്പെടുവിച്ചിട്ടില്ല. ഇത് മുതലെടുത്ത് അടിസ്ഥാനപരമായ സുരക്ഷാ ഉപകരണങ്ങൾ പോലും ഇല്ലാതെ സ്ഥാപനം നടത്തിയെന്ന് കണ്ടെത്തിയതോടെയാണ് നടപടി.

ജില്ലയിലെ സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത് മതിയായ പരിശോധനകൾ നടത്തിയാണോയെന്ന് കണ്ടെത്താനായി ദുരന്ത നിവാരണ അതോറിറ്റി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കാലം കഴിഞ്ഞതിനു ശേഷം പരിശോധനകളാരംഭിക്കാനാണ് നീക്കം.

Comments

Leave a Reply

Your email address will not be published. Required fields are marked *