രാഹുലിനെ കണ്ടെത്താൻ പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ച് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ പ്രതി ചേർക്കപ്പെട്ടതിനു പിന്നാലെ ഒളിവിൽ പോയ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ കണ്ടെത്താൻ ക്രൈംബ്രാഞ്ച് പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചു.
ആദ‍്യ സംഘത്തിൽ നിന്നും രാഹുലിന് വിവരങ്ങൾ ചോർന്നുവെന്ന നിഗമനത്തെത്തുടർന്നാണ് പുതിയ സംഘത്തെ നിയോഗിച്ചിരിക്കുന്നത്. രാഹുലിനെതിരായ രണ്ടാമത്തെ കേസിൽ അതിജീവിതയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും.
നേരത്തെ രാഹുലിനെതിരായ കേസിൽ അറസ്റ്റ് തടഞ്ഞതോടെ അന്വേഷണ സംഘം കർണാടകയിൽ നിന്നും മടങ്ങിയിരുന്നു. ഒളിവിൽ പോയി പത്ത് ദിവസങ്ങൾ പൂർത്തിയായിട്ടും രാഹുലിനെ ഇതുവരെ അന്വേഷണ സംഘത്തിന് പിടികൂടാൻ സാധിച്ചിട്ടില്ല. നവംബർ 27നാണ് രാഹുലിനെതിരേ യുവതി മുഖ‍്യമന്ത്രിക്ക് പരാതി നൽകിയത്.
പരാതി പൊലീസിനു കൈമാറിയതോടെയാണ് രാഹുൽ ഒളിവിൽ പോയത്. അതേസമയം, 23 കാരിയായ യുവതിയെ പീഡിപ്പിച്ചെന്ന രണ്ടാമത്തെ കേസിൽ രാഹുലിന്‍റെ അറസ്റ്റ് കോടതി തടഞ്ഞിട്ടില്ല. തിങ്കളാഴ്ചയോടെ കോടതി വിശദമായ വാദം കേൾക്കും.















