കളമശ്ശേരിയില്‍ മുഹമ്മദ് ഷിയാസ്? ഗുരുവായൂരില്‍ ടി എന്‍ പ്രതാപന്? കെ ബാബു ഒഴികെ എല്ലാ സിറ്റിങ് എംഎല്‍എമാരും മത്സരരംഗത്തിറങ്ങും; നിര്‍ണായക തീരുമാനങ്ങളുമായി കോണ്‍ഗ്രസ്

നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിശ്ചയിക്കാന്‍ ഡല്‍ഹിയില്‍ നടന്ന നിര്‍ണായക യോഗത്തിന്റെ വിവരങ്ങള്‍ പുറത്ത്. ഗുരുവായൂര്‍- പട്ടാമ്പി സീറ്റുകളും കളമശ്ശേരി- കൊച്ചി സീറ്റുകളും മുസ്ലീം ലീഗുമായി വച്ചുമാറാനാണ് കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. ഗുരുവായൂരില്‍ ടി എന്‍ പ്രതാപനും കളമശ്ശേരിയില്‍ മുഹമ്മദ് ഷിയാസും മത്സരിക്കും. കെ ബാബു ഒഴികെ എല്ലാ സിറ്റിങ് എംഎല്‍എമാരേയും മത്സരിപ്പിക്കാനാണ് ധാരണയായിട്ടുള്ളത്.
ഇന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയിലാണ് നിര്‍ണായക കോണ്‍ഗ്രസ് യോഗം നടക്കുന്നത്. യോഗം ചേരുന്നതിന് മുന്നോടിയായാണ് സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ വസതിയില്‍ കേരളത്തില്‍ നിന്നുള്ള നേതാക്കളുടെ ചര്‍ച്ചകള്‍ നടന്നത്. ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് നടന്നത്. ഇത്തവണ മത്സരിക്കാനില്ലെന്ന് കെ ബാബു മുമ്പ് തന്നെ വ്യക്തമാക്കിയിരുന്നു. തൃക്കാക്കരയില്‍ ഉമ തോമസ് തന്നെ മത്സരിച്ചേക്കുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു.
കെ ബാബു മത്സരിച്ച് വിജയിച്ച തൃപ്പൂണിത്തുറ, പാര്‍ട്ടി പുറത്താക്കിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ആയ പാലക്കാട് മണ്ഡലങ്ങളില്‍ ആരെ മത്സരിപ്പിക്കുമെന്ന് പാര്‍ട്ടി കൂടുതല്‍ ആലോചനകള്‍ക്ക് ശേഷം തീരുമാനിക്കും. സിപിഐഎമ്മിനേയും ബിജെപിയേയും കേരളത്തില്‍ ഒരുപോലെ പ്രതിരോധിക്കണമെന്നാണ് ഹൈക്കമാന്‍ഡ് കേരളത്തിലെ നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.
Leave a Reply