കൈനകരിയിൽ ഗർഭിണിയായ യുവതിയെ കൊന്ന്‌ കായലിൽ തള്ളിയ കേസ്; രണ്ടാം പ്രതി രജനിക്കും വധശിക്ഷ

കൈനകരിയിൽ ഗർഭിണിയായ യുവതിയെ കൊന്ന്‌ കായലിൽ തള്ളിയ കേസ്; രണ്ടാം പ്രതി രജനിക്കും വധശിക്ഷ

ആലപ്പുഴ കുട്ടനാട് കൈനകരിയിൽ ഗർഭിണിയായ യുവതിയെ കൊന്ന്‌ കായലിൽ തള്ളിയ കേസിൽ പ്രതി രജനിക്കും വധശിക്ഷ. ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി മൂന്ന് ആണ് ശിക്ഷ വിധിച്ചത്. കേസിൽ നേരത്തെ ഒന്നാം പ്രതി പ്രബീഷിന് വധശിക്ഷ വിധിച്ചിരുന്നു. അതേദിവസം രജനി നേരിട്ട് ഹാജരായിരുന്നില്ല. ഹാജരാക്കിയ ശേഷം വിധി പറയാമെന്ന് കോടതി അറിയിച്ചിരുന്നു. പ്രബീഷിന്റെ സുഹൃത്താണ് രജനി

2021 ജൂലായ്‌ ഒൻപതിനാണ് കേസിനാസ്പദമായ സംഭവം. പുന്നപ്ര തെക്കേമഠം വീട്ടിൽ അനിതാ ശശിധരനെയാണ് (32) കാമുകനും വനിതാ സുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയത്. മലപ്പുറം നിലമ്പൂർ മുതുകോട് പൂക്കോടൻ വീട്ടിൽ പ്രബീഷിനെ (37) ഒന്നാം പ്രതിയായും കൈനകരി പഞ്ചായത്ത് 10-ാം വാർഡിൽ തോട്ടുവാത്തല പടിഞ്ഞാറു പതിശ്ശേരി വീട്ടിൽ രജനിയെ (38) രണ്ടാം പ്രതിയുമായി നെടുമുടി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമായ അനിതയെ പ്രബീഷും രജനിയും ചേർന്നാണ് കൊലപ്പെടുത്തിയത്.

പള്ളാത്തുരുത്തിക്ക് സമീപം ആറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവമാണ് അന്വേഷണത്തിൽ അരും കൊലയെന്ന് തെളിഞ്ഞത്. വിവാഹിതനായ പ്രബീഷ് ഒരേ സമയം വിവാഹിതരായ അനിതയും രജനിയുമായി അടുപ്പത്തിലായിരുന്നു. അനിത ഗർഭണിയായതിന് പിന്നാലെ ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പാലക്കാട് ആലത്തൂരിലെ ഒരു ഫാമിൽ ജോലി ചെയ്യുകയായിരുന്ന അനിതയെ ജൂലായ്‌ ഒൻപതാം തീയതി ആലപ്പുഴയിലേക്ക് വിളിച്ചു വരുത്തി. കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വന്നിറങ്ങിയ അനിതയെ ഓട്ടോയിൽ രജനിയുടെ കൈനകരിയിലെ വീട്ടിലെത്തിച്ചു. ശേഷം അനിതയെ പ്രബീഷ് കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തി.

നിലവിളി പുറത്തേക്ക് കേൾക്കാതിരിക്കാൻ രജനി വായും മൂക്കും അമർത്തിപ്പിടിച്ചു. ബോധരഹിതയായ അനിത കൊല്ലപ്പെട്ടു എന്നു കരുതി ഇരുവരും ചേർന്നു പൂക്കൈത ആറ്റിൽ ഉപേക്ഷിച്ചു എന്നാണ് പോലീസിന്റെ കണ്ടെത്തൽ. കേസ് വേഗത്തിൽ അന്വേഷിച്ച് തൊണ്ണൂറ് ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചു. വിചാരണ വേളയിൽ 82 സാക്ഷികളെ വിസ്തരിച്ചു. രജനിയുടെ അമ്മയും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി. പ്രതികൾ കുറ്റക്കാരാണെന്ന് ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി മൂന്ന് കണ്ടെത്തി.

Comments

Leave a Reply

Your email address will not be published. Required fields are marked *