DySPക്കെതിരെ ജീവനൊടുക്കിയ സിഐയുടെ കുറിപ്പ്; അനാശാസ്യത്തിന് അറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചു: എന്നെയും നിർബന്ധിച്ചു

DySPക്കെതിരെ ജീവനൊടുക്കിയ സിഐയുടെ കുറിപ്പ്; അനാശാസ്യത്തിന് അറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചു: എന്നെയും നിർബന്ധിച്ചു

പാലക്കാട്: ജീവനൊടുക്കിയ ചെര്‍പ്പുളശ്ശേരി സി ഐ ബിനു തോമസിന്റെ കുറിപ്പ് പുറത്ത്. അനാശാസ്യത്തിന് അറസ്റ്റിലായ യുവതിയെ മേലുദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് കത്തിൽ ബിനു തോമസ് പറയുന്നത്. പീഡിപ്പിക്കാന്‍ തന്നെയും നിര്‍ബന്ധിച്ചുവെന്നും പുറത്തറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും കത്തിലുണ്ട്. 2014ല്‍ പാലക്കാട്ട് സർവീസിലിരിക്കെ നടന്ന കാര്യങ്ങളാണ് കത്തിലുള്ളത്.

2014ൽ സിഐ ആയിരുന്ന, നിലവിൽ വടകര ഡിവൈഎസ്പിയായ ഉമേഷിനെതിരെയാണ് ബിനു തോമസിന്റെ കുറിപ്പിലെ വെളിപ്പെടുത്തൽ. കേസ് ഒതുക്കാനും മാധ്യമങ്ങളിൽ വാർത്ത വരാതിരിക്കാനും പോലീസ് ഉദ്യോഗസ്ഥനു കീഴടങ്ങുകയല്ലാതെ യുവതിക്കു മുൻപിൽ മറ്റു മാർഗങ്ങളില്ലായിരുന്നു എന്ന് കുറിപ്പിലുണ്ട്. തൊട്ടിൽപ്പാലം സ്വദേശിയാണ് 52കാരനായ ബിനു.

ചെര്‍പ്പുളശേരി നഗരത്തില്‍ അനാശാസ്യത്തിന് അറസ്റ്റിലായ യുവതിയെയാണ് പോലീസ് ഉദ്യോഗസ്ഥൻ പീഡിപ്പിച്ചത്. അറസ്റ്റ് ചെയ്ത അന്നേ ദിവസം തന്നെ അവരെ സ്റ്റേഷനില്‍ എത്തിച്ചിരുന്നെങ്കിലും പിന്നീട് പറഞ്ഞുവിട്ടു. അന്നേ ദിവസം രാത്രി മേലുദ്യോഗസ്ഥൻ സ്ത്രീയുടെ വീട്ടിലെത്തുകയും ബിനു തോമസിനെ ഭീഷണിപ്പെടുത്തി ഒപ്പം കൂട്ടുകയുമാണുണ്ടായത്. അതിനു ശേഷം ഇക്കാര്യം പറഞ്ഞ് നിരന്തരം മാനസികമായി പീഡിപ്പിക്കുമായിരുന്നു എന്നും കുറിപ്പില്‍‌ ബിനു തോമസ് എഴുതിയിട്ടുണ്ട്.

നവംബര്‍ 15ന് ഉച്ചയോടെ ഭക്ഷണം കഴിക്കാന്‍ തന്റെ കോട്ടേജിലേക്ക് പോയ ബിനു പിന്നെ തിരിച്ചുവന്നിരുന്നില്ല. തുടര്‍ന്ന് സഹപ്രവർത്തകർ നടത്തിയ അന്വേഷണത്തിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തോട് ചേർന്ന് 32 പേജുള്ള ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിരുന്നു. പോലീസ് ഉദ്യോഗസ്ഥർ കുറിപ്പിലെ വിവരങ്ങള്‍ മനപൂർവ്വം മറച്ചുവയ്ക്കുകയായിരുന്നു എന്നാണ് വിവരം.

Comments

Leave a Reply

Your email address will not be published. Required fields are marked *