ശശി തരൂരിനെ അനുനയിപ്പിക്കാൻ ഹൈക്കമാൻഡ്; തരൂരുമായി രാഹുൽ ഗാന്ധി നേരിട്ട് സംസാരിക്കും

ശശി തരൂരിനെ അനുനയിപ്പിക്കാൻ ഹൈക്കമാൻഡ്; തരൂരുമായി രാഹുൽ ഗാന്ധി നേരിട്ട് സംസാരിക്കും

കൊച്ചിയിൽ നടന്ന പാർട്ടിയുടെ മഹാപഞ്ചായത്തിൽ അരങ്ങേറിയ വിവാദങ്ങൾക്ക് പിന്നാലെ തരൂരിനെ അനുനയിപ്പിക്കാനൊരുങ്ങി ഹൈക്കമാൻഡ്. രാഹുൽ ഗാന്ധി ശശി തരൂരുമായി നേരിട്ട് സംസാരിക്കുമെന്നാണ് വിവരം. തരൂരിന്റെ പരാതികൾ കേൾക്കും. കൊച്ചിയിൽ ഉണ്ടായത് അവഗണന അല്ലെന്നും തെറ്റിദ്ധാരണ മാത്രം എന്നും തരൂരിനെ ബോധ്യപ്പെടുത്താനാവും രാഹുൽ ഗാന്ധിയുടെ ശ്രമം. പാർലമെന്റിന്റെ സമ്മേളനത്തിന് മുന്നോടിയായാണ് പ്രശ്ന പരിഹാരത്തിന് നീക്കം നടക്കുന്നത്.

മഹാപഞ്ചായത്തിൽ രാഹുൽ ഗാന്ധി വേദിയിലുണ്ടായിരുന്ന നേതാക്കളുടെ പേര് പറഞ്ഞ് പ്രസംഗം തുടങ്ങിയെങ്കിലും ശശി തരൂരിന്‍റെ പേര് ഒ‍ഴിവാക്കിയിരുന്നു. ഇതിൽ തരൂരിന് അതൃപ്തിയുണ്ടായിരുന്നു. തന്റെ പക്കലുണ്ടായിരുന്ന പട്ടികയിൽ ഇല്ലാത്തതിനാലാണ് തരൂരിന്റെ പേര് പരാമർശിക്കാതിരുന്നതെന്നും, അത് മനപ്പൂർവ്വം അപമാനിക്കാൻ ചെയ്തതല്ലെന്നും രാഹുൽ ഗാന്ധി പിന്നീട് വ്യക്തമാക്കിയിരുന്നു.

കേരള നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ദില്ലിയിൽ വെള്ളിയാഴ്ച നടന്ന എഐസിസി യോഗത്തിൽ നിന്നും തരൂർ വിട്ട് നിന്നതും നേതൃത്വത്തിന് കല്ലുകടിയായി. കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ തരൂരിനെപ്പോലെയുള്ള ഒരു നേതാവിനെ പിണക്കുന്നത് പാർട്ടിയെ സംബന്ധിച്ച് വലിയ തിരിച്ചടിയായിരിക്കും എന്നാണ് ഹൈക്കമാൻഡ് വിലയിരുത്തൽ. അനുനയ നീക്കങ്ങൾ വിജയിച്ചില്ലെങ്കിൽ ബിജെപി സാഹചര്യം മുതലെടുക്കാനുള്ള സാധ്യതയും കോൺഗ്രസ് ഭയപ്പെടുന്നുണ്ട്.

Comments

Leave a Reply

Your email address will not be published. Required fields are marked *