ദാമ്പത്യം തകരാൻ കാരണം അമ്മ സജിതയ്ക്ക് ഗ്രീമയോടുള്ള അമിത സ്‌നേഹമെന്ന് പ്രതിയുടെ സഹോദരൻ

ദാമ്പത്യം തകരാൻ കാരണം അമ്മ സജിതയ്ക്ക് ഗ്രീമയോടുള്ള അമിത സ്‌നേഹമെന്ന് പ്രതിയുടെ സഹോദരൻ

തിരുവനന്തപുരം കമലേശ്വരത്ത് അമ്മയും മകളും സയനൈഡ് കഴിച്ച് ജീവനൊടുക്കിയ സംഭവത്തിൽ പ്രതിയായ ഉണ്ണിക്കൃഷ്ണൻ നിരപരാധിയാണെന്ന് അവകാശപ്പെട്ട് സഹോദരൻ ചന്തു രംഗത്ത്. ദാമ്പത്യം തകരാൻ കാരണം മകൾ ഗ്രീമയോടുള്ള അമ്മ സജിതയുടെ അമിത സ്നേഹവും സ്വാർത്ഥതയുമാണെന്നും ഗ്രീമയുടെ ഭർത്താവ് ഉണ്ണിക്കൃഷ്ണന്റെ ഭാഗത്ത് നിന്ന് തെറ്റുകൾ ഒന്നും ഉണ്ടായിട്ടില്ലെന്നും സഹോദരൻ പറഞ്ഞു. ദമ്പതികൾക്ക് ഒരു തരത്തിലുള്ള സ്വകാര്യതയും നൽകാൻ സജിത തയ്യാറായിരുന്നില്ലെന്നും മകളുടെ ജീവിതം പൂർണ്ണമായും അമ്മയുടെ നിയന്ത്രണത്തിലായിരുന്നുവെന്നും സഹോദരൻ ആരോപിക്കുന്നു.

വിവാഹശേഷം ഹണിമൂൺ യാത്രയ്ക്കിടെ പോലും സജിത നിരന്തരം ഫോൺ ചെയ്ത് ശല്യപ്പെടുത്തിയിരുന്നു. ഗ്രീമയെ അയർലൻഡിലേക്ക് കൊണ്ടുപോകാൻ ഉണ്ണിക്കൃഷ്ണൻ ശ്രമിച്ചെങ്കിലും അമ്മയുടെ എതിർപ്പ് കാരണം അത് നടന്നില്ല. ഫോൺ വിളിക്കുമ്പോൾ പോലും സജിത സ്പീക്കർ ഓൺ ചെയ്യിച്ച് സംസാരം കേൾക്കുമായിരുന്നു. ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ രണ്ടുതവണ കൗൺസിലിങ് നടത്തിയെങ്കിലും ഫലം കണ്ടില്ലെന്ന് ചന്തു വിശദീകരിച്ചു.

തർക്കങ്ങൾ ഉണ്ടാകുമ്പോൾ സജിത ആത്മഹത്യ ഭീഷണി മുഴക്കുമായിരുന്നുവെന്നും ഈ ഭയമാണ് വിവാഹബന്ധം വേർപെടുത്താനുള്ള തീരുമാനം വൈകാൻ കാരണമെന്നും ഉണ്ണിക്കൃഷ്ണന്റെ സഹോദരൻ വെളിപ്പെടുത്തി. കുടുംബപ്രശ്നങ്ങൾ പുറത്തറിയുന്നത് വലിയ അഭിമാനക്ഷതമായാണ് സജിത കണ്ടിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗ്രീമയുടെ ഭർത്താവ് അമ്പലത്തറ പഴഞ്ചിറ സ്വദേശി ബി.എം. ഉണ്ണികൃഷ്ണനെ വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ മുംബൈ വിമാനത്താവളത്തിൽവെച്ച് പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

കമലേശ്വരം ആര്യൻകുഴിക്ക് സമീപം ശാന്തിഗാർഡൻസിൽ പരേതനായ റിട്ട: അഗ്രികൾച്ചർ ഡെപ്യൂട്ടി ഡയറക്ടർ എൻ. രാജീവിന്റെ ഭാര്യ സജിത (54), മകൾ ഗ്രീമ എസ്. രാജ് (30) എന്നിവരെയാണ് കഴിഞ്ഞ ബുധനാഴ്ച വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.കൃഷി വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്ന ഗ്രീമയുടെ പിതാവ് രാജീവ് സൂക്ഷിച്ചിരുന്ന സയനൈഡ് ഉപയോഗിച്ചാണ് ഇരുവരും ജീവനൊടുക്കിയത്. ഗ്രീമയെ ഭർത്താവ് ഉപേക്ഷിച്ചതിലുള്ള കടുത്ത മനോവിഷമമാണ് ജീവനൊടുക്കാനുണ്ടായ കാരണമെന്ന് മൃതദേഹത്തിന് സമീപത്തുനിന്ന് ലഭിച്ച കുറിപ്പിൽ പറഞ്ഞിരുന്നു. കേവലം 25 ദിവസം മാത്രം കൂടെ താമസിച്ച് മകളെ ഭർത്താവ് ഉപേക്ഷിച്ചുവെന്ന് സജിത മരിക്കുന്നതിന് മുൻപ് ബന്ധുക്കൾക്ക് അയച്ച സന്ദേശത്തിലും പറഞ്ഞിരുന്നു.

Comments

Leave a Reply

Your email address will not be published. Required fields are marked *