നിയന്ത്രണം നഷ്ടമായ ബസ് കണ്ടെയ്‌നറുമായി കൂട്ടിയിടിച്ചു, പിന്നാലെ തീ പടർന്നു; മൂന്ന് മരണം
ആന്ധ്രപ്രദേശിൽ സ്വകാര്യ ബസ് കണ്ടെയ്‌നർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. നന്ദ്യാൽ ജില്ലയിൽ ഇന്ന് പുലർച്ചെയാണ് അപകടം. നിയന്ത്രണം വിട്ട ബസ് ട്രക്കിൽ ഇടിച്ചു കയറുകയായിരുന്നു.
അപകടത്തിന് പിന്നാലെ തീപിടിച്ച ബസ് പൂർണമായും കത്തിനശിച്ചു. 36 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. നെല്ലൂരിൽ നിന്ന് ഹൈദരാബാദിലേക്ക് പോകുകയായിരുന്ന ബസിന്റെ ടയർ പൊട്ടിത്തെറിച്ചാണ് നിയന്ത്രണം നഷ്ടമായത്.
നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡർ മറികടന്ന ബസ് എതിർദിശയിൽ സഞ്ചരിച്ച ട്രക്കിൽ ഇടിച്ചു. ട്രക്കിലെ ഡ്രൈവറും ക്ലീനറും ബസ് ഡ്രൈവറുമാണ് മരിച്ചത്. തീപിടിച്ചതോടെ വശങ്ങളിലെ ഗ്ലാസ് പൊട്ടിച്ചാണ് യാത്രക്കാർ പുറത്തിറങ്ങിയത്. ഇതുവഴി എത്തിയ മറ്റൊരു വാഹനത്തിലെ ഡ്രൈവറാണ് ഗ്ലാസ് തകർത്ത് യാത്രക്കാരെ പുറത്തിറക്കാൻ സഹായിച്ചത്. 10 പേർക്ക് പൊള്ളലേറ്റിട്ടുണ്ട്.

Leave a Reply