ക്ലാസ് മുറിയിൽ വട്ടത്തിലിരുന്ന് മദ്യപിച്ച് വിദ്യാർഥിനികൾ; ആറ് കുട്ടികളെ സസ്പെൻഡ് ചെയ്തു
സ്കൂളിൽ ക്ലാസ് മുറിയിൽ വട്ടത്തിലിരുന്ന് സംഘമായി മദ്യപിച്ച് ഒമ്പതാം ക്ലാസ് വിദ്യാർഥിനികൾ. പരസ്യ മദ്യപാനത്തിന്റെ വീഡിയോ പുറത്തുവന്നതോടെ ആറ് വിദ്യാർഥിനികളെ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തു. തമിഴ്നാട് തിരുനെൽവേലിയിലാണ് സംഭവം. തിരുനെൽവേലി പാളയംകോട്ടയിലെ സർക്കാർ എയ്ഡഡ് സ്കൂളിലാണ് വിദ്യാർഥിനികളുടെ പരസ്യമദ്യപാനം
യൂണിഫോമണിഞ്ഞ കുട്ടികൾ ക്ലാസ് മുറിയിൽ വട്ടത്തിലിരുന്ന് മദ്യപിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. പ്ലാസ്റ്റിക് ഗ്ലാസുകളിലേക്ക് മദ്യം ഒഴിക്കുകയും വെള്ളം ചേർത്ത് കുടിക്കുകയുമാണ് ദൃശ്യങ്ങളിൽ. ദൃശ്യങ്ങൾ പുറത്തു വന്നതിന് പിന്നാലെ സ്കൂൾ നടത്തിയ അന്വേഷണത്തിൽ സംഭവം സ്ഥിരീകരിച്ചു. ഇതിന് ശേഷമാണ് നടപടിയെടുത്തത്.
സഹപാഠി പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു. പിന്നാലെ ആറ് വിദ്യാർഥിനികളെ സ്കൂൾ അധികൃതർ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
വിദ്യാർഥികൾക്ക് മദ്യം എങ്ങനെ ലഭിച്ചെന്നും ആരാണ് അവർക്ക് എത്തിച്ചുനൽകിയതെന്നും കണ്ടെത്താൻ സ്കൂളിൽ അന്വേഷണം നടത്തുമെന്ന് മുഖ്യ വിദ്യാഭ്യാസ ഓഫിസർ എം. ശിവകുമാർ പ്രതികരിച്ചു. സസ്പെൻഡ് ചെയ്തെങ്കിലും വിദ്യാർഥിനികളെ പരീക്ഷ എഴുതാൻ അനുവദിക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.

Leave a Reply