മെസിയുടെ കൊൽക്കത്ത ടൂറിനിടെ നടന്ന സംഘർഷം; ബംഗാൾ കായിക മന്ത്രി രാജിവെച്ചു

മെസിയുടെ കൊൽക്കത്ത ടൂറിനിടെ നടന്ന സംഘർഷം; ബംഗാൾ കായിക മന്ത്രി രാജിവെച്ചു

കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന ലയണൽ മെസിയുടെ ഗോട്ട് ടൂർ പരിപാടിക്കിടെയുണ്ടായ സംഘർഷങ്ങളിൽ അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെ ബംഗാൾ കായിക മന്ത്രി അരൂപ് ബിശ്വാസ് രാജിവെച്ചു. സ്വന്തം കൈപ്പടയിൽ എഴുതി മുഖ്യമന്ത്രി മമത ബാനർജിക്ക് രാജിക്കത്ത് സമർപ്പിച്ചു. 

സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം ഉറപ്പാക്കാനാണ് രാജിയെന്ന് കത്തിൽ പറയുന്നു. മമത ബാനർജി രാജി സ്വീകരിച്ചതായാണ് വിവരം. തൃണമൂൽ കോൺഗ്രസിന്റെ മുതിർന്ന നേതാവായ അരൂപ് ബിശ്വാസ് മമതയുടെ വിശ്വസ്തരിൽ ഒരാളാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെയുള്ള തീരുമാനം സർക്കാരിന്റെ പ്രതിച്ഛായ വർധിപ്പിക്കുമെന്നാണ് കരുതുന്നത്. 

ശനിയാഴ്ച സ്റ്റേഡിയത്തിലെത്തിയ മെസിയെ കാണികൾക്ക് വ്യക്തമായി കാണാനാകാത്തതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. സുരക്ഷ നിയന്ത്രിക്കാനാകാതെ വന്നതോടെ മെസി അതിവേഗം സ്‌റ്റേഡിയം വിട്ടിരുന്നു. പിന്നാലെ കാണികൾ പ്രകോപിതരാകുകയും സ്റ്റേഡിയം അടിച്ചു തകർക്കുകയും ചെയ്തിരുന്നു.
 

Comments

Leave a Reply

Your email address will not be published. Required fields are marked *