രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസ്: ശബ്ദരേഖ പരിശോധന തുടങ്ങി

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസ്: ശബ്ദരേഖ പരിശോധന തുടങ്ങി

തിരുവന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ ബലാത്സംഗക്കേസില്‍ ശബ്ദരേഖ പരിശോധന തുടങ്ങി. ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കുന്നത് ഇന്ന് പൂര്‍ത്തിയാകും. ഓരോ ശബ്ദരേഖയും പ്രത്യേകമാണ് പരിശോധിക്കുക. ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ വെച്ചാണ് പരിശോധന നടക്കുന്നത്. യുവതിയുടെ ശബ്ദസാമ്പിള്‍ ശേഖരിച്ചാണ് പരിശോധന. പുറത്തുവന്നത് രാഹുലിന്റെ ശബ്ദമാണെന്ന് സ്ഥിരീകരിച്ചാല്‍ ശക്തമായ തെളിവാകും.

ബലാത്സംഗം നടന്നതായി യുവതി മൊഴി നൽകിയ തിരുവനന്തപുരത്തെ ഫ്ളാറ്റിലെത്തി പൊലീസ് പരിശോധന നടത്തി. ഫ്ളാറ്റിലെത്തി മഹസർ തയ്യാറാക്കി. യുവതിയെയും കൊണ്ടാണ് പൊലീസ് ഫ്ളാറ്റിലെത്തിയത്. ഫ്ളാറ്റിൽ നിന്നും സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കും. പാലക്കാട്ടെ രാഹുലിന്റെ ഫ്ളാറ്റിലെത്തിയും പൊലീസ് പരിശോധന നടത്തി മഹസർ തയ്യാറാക്കുമെന്നാണ് വിവരം.

അതേസമയം, യുവതി പരാതി നൽകിയതിന് പിന്നാലെ ഒളിവിൽ പോയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പാലക്കാട് വ്യാപക തിരച്ചിലാണ് നടക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് തന്നെ ഉണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി വിവിധ ഇടങ്ങളിൽ പരിശോധന നടന്നു. മംഗലംഡാം, കുഞ്ചിയാർപതി, പപ്പടപ്പാറയിലെ റിസോർട്ട് അടക്കമാണ് പൊലീസ് പരിശോധന നടത്തി. രാഹുൽ സ്ഥലത്തുണ്ടെന്ന വാർത്തകൾ വന്നതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്.

പരാതിക്കാരിയായ യുവതിക്കെതിരെ ഡിജിറ്റൽ രേഖകൾ രാഹുൽ മാങ്കൂട്ടത്തിലും കൈമാറിയിട്ടുണ്ട്. മുദ്രവെച്ച കവറിലാണ് ജില്ലാ കോടതിക്ക് ഡിജിറ്റൽ രേഖകൾ കൈമാറിയത്. അഭിഭാഷകൻ വഴിയാണ് 9 ഫയലുകൾ അടങ്ങുന്ന കവർ കോടതിക്ക് കൈമാറിയത്. കേസിൽ രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ ബുധനാഴ്ച തിരുവനന്തപുരം സെഷൻസ് കോടതി പരിഗണിക്കാനിരിക്കെയാണ് നിർണായക നീക്കം. യുവതി ഗർഭച്ഛിദ്രം നടത്തിയത് സ്വന്തം ഇഷ്ടപ്രകാരമാണെന്ന് തെളിയിക്കുന്ന രേഖകൾ ഇതിലുണ്ടെന്നാണ് വിവരം.

നവംബർ 27-നാണ് യുവതി രാഹുലിനെതിരെ പരാതി നൽകിയത്. സെക്രട്ടറിയേറ്റിലെത്തി മുഖ്യമന്ത്രിയെ നേരിൽ കണ്ടാണ് യുവതി പരാതി നൽകിയത്. ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രത്തിന് വിധേയമാക്കി എന്നാണ് യുവതി പരാതിയില്‍ പറയുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയില്‍ നിന്ന് തനിക്ക് നേരിട്ട ദുരനുഭവം വിവരിച്ചുകൊണ്ട് ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ യുവതി പരാതിയ്‌ക്കൊപ്പം കൈമാറിയിരുന്നു. പിന്നാലെ രാഹുലിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

Comments

Leave a Reply

Your email address will not be published. Required fields are marked *