കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ചെന്ന പരാതി; ഡിവൈഎസ്പി എ ഉമേഷ് അവധിയില്‍ പ്രവേശിച്ചു

കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ചെന്ന പരാതി; ഡിവൈഎസ്പി എ ഉമേഷ് അവധിയില്‍ പ്രവേശിച്ചു

കോഴിക്കോട്: വടകര ഡിവൈഎസ്പി എ ഉമേഷ് അവധിയില്‍ പ്രവേശിച്ചു. ചെര്‍പ്പുളശേരിയില്‍ വെച്ച് കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ചു എന്ന ആരോപണം നേരിടുന്നതിനിടെയാണ് അവധിയില്‍ പ്രവേശിച്ചത്. പാലക്കാട് എസ്പി ഡിജിപിക്ക് അന്വേഷണ റിപ്പോര്‍ട്ട് കൈമാറിയിരുന്നു. വെളളിയാഴ്ച്ചയാണ് ഡിവൈഎസ്പി അവധിയില്‍ പ്രവേശിച്ചത്. ഇന്നലെ ദേഹാസ്വസ്ഥ്യത്തെ തുടർന്ന് ഉമേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇസിജിയിൽ വ്യത്യാസം കണ്ടതിനെ തുടർന്നാണ് ഉമേഷിനെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

രണ്ടാഴ്ച്ച മുന്‍പ് ജീവനൊടുക്കിയ എസ്എച്ച്ഒ ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പിലാണ് എ ഉമേഷിനെതിരായ ഗുരുതര ആരോപണം ഉണ്ടായിരുന്നത്. 2014-ല്‍ വടക്കഞ്ചേരി സി ഐ ആയിരുന്ന കാലത്ത് ഉമേഷ് കസ്റ്റഡിയിലെടുത്ത യുവതിയെ അവരുടെ വീട്ടിലെത്തി പീഡിപ്പിച്ചുവെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്. യുവതിയുടെ അമ്മയും രണ്ട് ആൺമക്കളും വീട്ടിലുളള സമയത്താണ് ഉമേഷ് അവരുടെ വീട്ടിലെത്തി യുവതിയെ പീഡിപ്പിച്ചതെന്നും കേസ് ഒതുക്കാനും മാധ്യമങ്ങളിൽ വാർത്ത വരാതിരിക്കാനും യുവതിക്ക് ഉമേഷിന് മുന്നിൽ കീഴടങ്ങേണ്ടിവന്നു എന്നും കുറിപ്പിൽ പറഞ്ഞിരുന്നു.

ബിനു തോമസിന്റെ ആത്മഹത്യാ കുറിപ്പിലെ പരാമര്‍ശം ശരിവെച്ച് അതിക്രമത്തിന് ഇരയായ യുവതിയുടെ മൊഴിയും പുറത്തുവന്നിരുന്നു. തന്നെ ഡിവൈഎസ്പി പീഡിപ്പിച്ചെന്ന് യുവതി അന്വേഷണ സംഘത്തോട് പറഞ്ഞു. ‘ഏപ്രില്‍ 15-ന് വീട്ടിലെത്തിയ ഉമേഷ് തന്നെ ടെറസിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിച്ചു’ എന്നാണ് യുവതി അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി. പാലക്കാട് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കാണ് യുവതി മൊഴി നല്‍കിയത്. 

നവംബര്‍ പതിനഞ്ചിനാണ് ചെര്‍പ്പുളശേരി എസ്എച്ച്ഒ ആയിരുന്ന കോഴിക്കോട് തൊട്ടില്‍പ്പാലം സ്വദേശി ബിനു തോമസിനെ (52) ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. സഹപ്രവര്‍ത്തകരാണ് വൈകീട്ടോടെ ബിനുവിനെ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമായിട്ടില്ല.

Comments

Leave a Reply

Your email address will not be published. Required fields are marked *