രാഹുലിനെതിരായ കേസിൽ പൊലീസിനോട് റിപ്പോർട്ട് തേടി പ്രോസിക‍്യൂഷൻ

രാഹുലിനെതിരായ കേസിൽ പൊലീസിനോട് റിപ്പോർട്ട് തേടി പ്രോസിക‍്യൂഷൻ

തിരുവനന്തപുരം: ലൈംഗികാരോപണത്തെത്തുടർന്ന് ഒളിവിൽ കഴിയുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂർ ജാമ‍്യാപേക്ഷ പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് നീട്ടി. കേസുമായി ബന്ധപ്പെട്ട് പ്രോസിക‍്യൂഷൻ നേമം പൊലീസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ രാഹുൽ ജാമ‍്യാപേക്ഷ സമർപ്പിച്ചത്. യുവതിയുമായി ശാരീരിക ബന്ധമുണ്ടായിരുന്ന കാര്യം ജാമ്യാപേക്ഷയിൽ രാഹുൽ സമ്മതിക്കുന്നുണ്ട്.

എന്നാൽ, ഇതു പരസ്പര സമ്മതത്തോടെയായിരുന്നു എന്നാണ് വാദം. അതിനാൽ ബലാത്സംഗ ആരോപണം നിലനിൽക്കില്ലെന്നും അവകാശപ്പെടുന്നു. യുവതിയുടെ ഗർഭത്തിന് ഉത്തരവാദി താനല്ല, അവരുടെ ഭർത്താവാണെന്നും രാഹുൽ പറയുന്നു. ‌

ഗർഭഛിദ്രം നടത്തിയത് അവരുടെ തീരുമാനമനുസരിച്ചാണ്. മരുന്നും സ്വയം കഴിച്ചതാണെന്നും രാഹുൽ. ബിജെപിയുടെ പ്രാദേശിക നേതാവിന്‍റെ ഭാര്യയാണ് പരാതിക്കാരി. ആരോപണം സിപിഎം – ബിജെപി ഗൂഢാലോചനയുടെ ഭാഗമാണ്. പൊലീസിൽ പരാതി നൽകാതെ, തെരഞ്ഞെടുപ്പ് കാലത്ത് മുഖ്യമന്ത്രിക്കു നേരിട്ട് പരാതി നൽകിയതിൽ ദുരൂഹതയുണ്ടെന്നും രാഹുൽ ആരോപിക്കുന്നു.

എതിർ രാഷ്ട്രീയ പാർട്ടിക്കു സ്വാധീനമുള്ള സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് യുവതി. തനിക്കെതിരേ പരാതി നൽകിയില്ലെങ്കിൽ സ്ഥാപനത്തിൽ തുടരാനാകില്ലെന്ന് യുവതി മാനേജ്മെന്‍റ് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും ജാമ്യ ഹർജിയിൽ വാദിക്കുന്നു. ശബരിമല സ്വർണക്കൊള്ള കേസിൽ നിന്ന് ജനശ്രദ്ധ തിരിക്കുന്നതിനു വേണ്ടിയാണ് ഇപ്പോൾ തനിക്കെതിരേ ആരോപണം ഉയർത്തിയതും കേസെടുത്തതും എന്നും രാഹുൽ.

Comments

Leave a Reply

Your email address will not be published. Required fields are marked *