ഗര്‍ഭിണിയായി എന്ന വാദം തെറ്റ്; ലൈംഗിക ബന്ധം ഉഭയകക്ഷി സമ്മതപ്രകാരം: മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ രാഹുല്‍

ഗര്‍ഭിണിയായി എന്ന വാദം തെറ്റ്; ലൈംഗിക ബന്ധം ഉഭയകക്ഷി സമ്മതപ്രകാരം: മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ രാഹുല്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയിലാണ് ജാമ്യഹര്‍ജി നല്‍കിയിരിക്കുന്നത്. നാളെ ഹര്‍ജി കോടതിയുടെ പരിഗണനയില്‍ വരുമെന്നാണ് വിവരം. കേസ് വന്നത് സിപിഐഎം- ബിജെപി കൂട്ടുകെട്ടിന്റെ ഭാഗമായാണ് എന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ജാമ്യഹര്‍ജിയില്‍ പറയുന്നത്. ഉഭയസമ്മതപ്രകാരമുളള ലൈംഗികബന്ധമാണ് ഉണ്ടായതെന്നും പെണ്‍കുട്ടി ഗര്‍ഭിണിയാണ് എന്ന ആരോപണം ശരിയല്ലെന്നും രാഹുല്‍ കോടതിയില്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജിയില്‍ പറയുന്നു.

യുവതിയുടെ പരാതി രാഷ്ട്രീയ പ്രേരിതമാണ് എന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വാദം. പരാതിക്ക് പിന്നില്‍ സിപി ഐഎമ്മും ബിജെപിയുമാണ്. പരാതിക്കാരി ഫേസ്ബുക്കിലൂടെ തന്നെയാണ് ആദ്യം ബന്ധപ്പെട്ടത്. ഗാര്‍ഹിക പീഡനത്തിന് ഇരയാകുന്നുവെന്ന് പരാതിക്കാരി തന്നോട് പറഞ്ഞു. തനിക്ക് അവരോട് സഹതാപം തോന്നി. തുടര്‍ന്ന് ഉഭയകക്ഷി സമ്മതപ്രകാരമുളള ലൈംഗിക ബന്ധത്തിലേക്ക് അത് വളര്‍ന്നു. ബന്ധത്തിലെ ശരിയും തെറ്റും തിരിച്ചറിയുന്നയാളാണ് യുവതി. യുവതി ഗര്‍ഭിണിയായി എന്ന വാദം തെറ്റാണ് എന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ജാമ്യഹര്‍ജിയില്‍ വാദിക്കുന്നത്. ബന്ധത്തിലെ ഓരോ നിമിഷവും പരാതിക്കാരി റെക്കോര്‍ഡ് ചെയ്‌തെന്നും സന്ദേശങ്ങള്‍ റെക്കോര്‍ഡ് ചെയ്തത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായാണെന്നും രാഹുല്‍ ഹര്‍ജിയില്‍ പറയുന്നു. തന്നെ വ്യക്തിഹത്യ ചെയ്യാനുളള ശ്രമത്തിന്റെ ഭാഗമാണിതെന്നും മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കിയത് രാഷ്ട്രീയ താല്‍പ്പര്യത്തിന്റെ ഭാഗമാണെന്നും രാഹുല്‍ ജാമ്യഹര്‍ജിയില്‍ പറയുന്നുണ്ട്.

ശബരിമല വിവാദം കത്തിനില്‍ക്കുന്ന സമയത്താണ് യുവതി പരാതി നല്‍കിയത്. സര്‍ക്കാരിനെ വിവാദത്തില്‍ നിന്ന് രക്ഷിക്കാനാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. അവരുമായുണ്ടായത് ഉഭയകക്ഷി സമ്മതപ്രകാരമുളള ലൈംഗിക ബന്ധമാണ്. ഭര്‍ത്താവിനൊപ്പം കഴിയുന്ന സ്ത്രീയാണ് പരാതിക്കാരി. ഗര്‍ഭഛിദ്രത്തിന് മരുന്ന് യുവതി കഴിച്ചത് സ്വന്തം തീരുമാനപ്രകാരമാണ്. ഗര്‍ഭധാരണത്തിന്റെ ഉത്തരവാദിത്തം ഭര്‍ത്താവിന് തന്നെയാണ്’എന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വാദിക്കുന്നു.

ഇന്നലെയാണ് പരാതിക്കാരിയായ യുവതി മുഖ്യമന്ത്രിയെ കണ്ട് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയത്. സെക്രട്ടറിയേറ്റിൽ എത്തി മുഖ്യമന്ത്രിയെ നേരിൽ കണ്ടാണ് പരാതി നൽകിയത്. അതിന് പിന്നാലെ കുറ്റം ചെയ്തിട്ടില്ലാന്നുളള ബോധ്യമുള്ളടത്തോളം കാലം നിയമപരമായി തന്നെ പോരാടുമെന്നും നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തുമെന്നും രാഹുൽ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. തുടർന്നാണ് ഇപ്പോൾ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്.

Comments

Leave a Reply

Your email address will not be published. Required fields are marked *