കേന്ദ്രസർക്കാർ കൊണ്ടുവന്ന ലേബർ കോഡ് കേരളത്തിൽ നടപ്പാക്കില്ല; കരട് കരടായി തന്നെ കിടക്കും: മന്ത്രി വി ശിവൻകുട്ടി

കേന്ദ്രസർക്കാർ കൊണ്ടുവന്ന ലേബർ കോഡ് കേരളത്തിൽ നടപ്പാക്കില്ല; കരട് കരടായി തന്നെ കിടക്കും: മന്ത്രി വി ശിവൻകുട്ടി

കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ ലേബർ കോഡ് കേരളത്തിൽ നടപ്പാക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. കേന്ദ്ര ട്രേഡ് യൂണിയൻ നേതാക്കളുടെ യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു സംസ്ഥാന തൊഴിൽ മന്ത്രി. തൊഴിൽ വകുപ്പ് സെക്രട്ടറിക്ക് പുറമെ സിഐടിയു, ഐഎൻടിയുസി, എഐടിസി, ബിഎംഎസ്, എസ്ടിസി, യുടിയുസി തുടങ്ങിയ സംഘടനാ പ്രതിനിധിക( യോഗത്തിൽ പങ്കെടുത്തു.

ലേബർ കോഡ് പിൻവലിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടാൻ യോഗം തീരുമാനിച്ചു. ഇതിൻ്റെ ഭാഗമായി ഡിസംബർ 19 ന് ലേബർ കോൺക്ലേവ് നടത്തും. എല്ലാ ലേബർ കോഡിനെ എതിർക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ തൊഴിൽ മന്ത്രിമാരെ യോഗത്തിലേക്ക് ക്ഷണിക്കും. നൂറ് പേരെയാണ് കോൺക്ലേവിലേക്ക് പ്രതിനിധികളായി ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന് മാത്രമായി പ്രത്യേക തൊഴിൽ നിയമം ഉണ്ടാക്കുന്നതിനുള്ള സാധ്യത, സംസ്ഥാനത്തിന് പുതിയ ലേബർ കോഡിൽ എത്രത്തോളം ഇടപെടാനാവും എന്നതടക്കം യോഗം ചർച്ച ചെയ്യും. ഇതിൽ നിയമ പണ്ഡിതരുടെയടക്കം അഭിപ്രായം പരിഗണിക്കും. ലേബർ കോഡ് പിൻവലിക്കാൻ ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് ഇമെയിൽ അയക്കും. ഡിസംബർ 19 ന് ശേഷം കേന്ദ്രമന്ത്രിയെ കണ്ട് ലേബർ കോഡ് പിൻവലിക്കാൻ നിവേദനം നൽകുമെന്നും മന്ത്രി പറഞ്ഞു.

Comments

Leave a Reply

Your email address will not be published. Required fields are marked *