വാളയാർ ആൾക്കൂട്ട കൊലപാതകം; സ്ത്രീകൾക്കും പങ്കെന്ന് നിഗമനം

വാളയാർ ആൾക്കൂട്ട കൊലപാതകം; സ്ത്രീകൾക്കും പങ്കെന്ന് നിഗമനം

പാലക്കാട്: വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകത്തില്‍ സ്ത്രീകള്‍ക്കും പങ്കുണ്ടെന്ന നിഗമനത്തില്‍ പൊലീസ്. രണ്ട് മണിക്കൂര്‍ നീണ്ട ആക്രമണത്തില്‍ അതിഥി തൊഴിലാളിയെ മര്‍ദിക്കാന്‍ സ്ത്രീകളുമുണ്ടായിരുന്നതായാണ് വിവരം. സംഭവത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ അന്വേഷണ ചുമതലയേറ്റെടുത്ത ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും.

അതേസമയം ആക്രമണത്തില്‍ 15 പേര്‍ പങ്കാളികളെന്നാണ് പൊലീസ് കണ്ടെത്തല്‍. പ്രതികള്‍ നാടുവിട്ടെന്നും സൂചന. കേസില്‍ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം ആരംഭിച്ചു. നിലവില്‍ കേസ് അന്വേഷിക്കുന്നത് വാളയാര്‍ പൊലീസാണെങ്കിലും ഉത്തരവ് ഇറങ്ങുന്ന മുറയ്ക്ക് ക്രൈംബ്രാഞ്ച് പൂര്‍ണ തോതില്‍ അന്വേഷണം ഏറ്റെടുക്കും. ഇതിന്റെ ഭാഗമായാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ച് പ്രാഥമിക അന്വേഷണം നടത്തി.

ഡിസംബര്‍ 18-നാണ് ഛത്തീസ്ഗഢ് സ്വദേശി രാം നാരായണനെ മോഷ്ടാവെന്ന് ആരോപിച്ച് ഒരുസംഘം മര്‍ദ്ദിച്ചത്. എന്നാല്‍ കയ്യില്‍ മോഷണവസ്തുക്കളൊന്നും ഉണ്ടായിരുന്നില്ല. ‘നീ ബംഗ്ലാദേശി ആണോടാ’ എന്നടക്കം ചോദിച്ചായിരുന്നു മര്‍ദ്ദനം. സംസാരിക്കാന്‍ ശ്രമിക്കുമ്പോളെല്ലാം രാമിന് മര്‍ദ്ദനമേല്‍ക്കേണ്ടി വന്നു. വാളയാര്‍ അട്ടപ്പള്ളത്തുവെച്ച് വൈകിട്ട് ആറോടെയാണ് രാമിന് മര്‍ദ്ദനമേല്‍ക്കേണ്ടിവന്നത്. അവശനിലയില്‍ രാം നാരായണനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

രാമിന് ക്രൂരമര്‍ദ്ദനമേല്‍ക്കേണ്ടിവന്നുവെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. രാം നാരായണന്റെ തലയിലും ശരീരത്തിലും ഏറ്റ പരിക്കാണ് മരണകാരണമെന്നും റിപ്പോര്‍ട്ടിലുണ്ട്.

രാമിന്റെ തല മുതല്‍ കാല്‍ വരെ നാല്‍പ്പതോളം മുറിവുകളാണ് ഉണ്ടായിരുന്നത്. മര്‍ദിച്ചവര്‍ രാമിന്റെ പുറം മുഴുവന്‍ വടി കൊണ്ട് അടിച്ചുപൊളിച്ചിരുന്നു. ഇത് കൂടാതെ ചവിട്ടിയതിന്റെയും നിലത്തിട്ട് വലിച്ചതിന്റെയും അടയാളങ്ങളും ശരീരത്തിലാകമാനമുണ്ട്. തലയില്‍ രക്തസ്രാവം ഉണ്ടായി എന്നും പോസ്റ്റ്‌മോര്‍ട്ടത്തിന് മുന്‍പായി എടുത്ത എക്സ്റേ ഫലത്തിലുണ്ടായിരുന്നു.

Comments

Leave a Reply

Your email address will not be published. Required fields are marked *