മലയാള സിനിമക്ക് വീണ്ടെടുക്കാനാകാത്ത നഷ്ടമാണ് ശ്രീനിവാസന്റെ വേർപാട്: മുഖ്യമന്ത്രി

മലയാള സിനിമക്ക് വീണ്ടെടുക്കാനാകാത്ത നഷ്ടമാണ് ശ്രീനിവാസന്റെ വേർപാട്: മുഖ്യമന്ത്രി

അന്തരിച്ച നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസനെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മലയാള സിനിമക്ക് വീണ്ടെടുക്കാനാകാത്ത നഷ്ടമാണ് ശ്രീനിവാസന്റെ വേർപാടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചലചിത്രത്തിന്റെ സമസ്ത രംഗങ്ങളിലും നായക സ്ഥാനത്ത് എത്തിയ പ്രതിഭയാണ് മറയുന്നത്. പച്ച മനുഷ്യന്റെ ജീവിതം വെള്ളിത്തിരയിൽ എത്തിക്കുന്നതിലും ചിരിയിലൂടെയും ചിന്തയിലൂടെയും പ്രേക്ഷകനെ താൻ ഇച്ഛിക്കുന്ന ബോധതലങ്ങളിൽ എത്തിക്കുന്നതിലും ഇതുപോലെ വിജയിച്ച ചലചിത്രകാരൻമാർ വേറെ അധികമില്ല

സിനിമയിൽ നിലനിന്നുപോകുന്ന പല മാമൂലുകളെയും തകർത്തു കൊണ്ടാണ് ശ്രീനിവാസൻ ചുവടുവെച്ചത്. താൻ പ്രകാശിപ്പിക്കുന്ന ആശയം കടുത്ത വിമർശനത്തിന് വിധേയമാകുമെന്ന് അറിഞ്ഞു കൊണ്ട് തന്നെ സരസമായി അവതരിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. കടുത്ത വിയോജിപ്പുള്ളവരും ശ്രീനിവാസനിലെ പ്രതിഭയെ ആദരിച്ചു. മലയാള ചലചിത്ര രംഗത്തെ ആസ്വാദന തലത്തെ ഭാവാത്മകമായി മാറ്റുന്നതിന് ശ്രീനിവാസൻ പ്രയത്‌നിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു

സരസമായ ഭാഷയിലൂടെ സമൂഹത്തിന്റെ യാഥാർഥ്യങ്ങൾ വിളിച്ചുപറഞ്ഞ് കഴിവുറ്റ കലാകാരനായിരുന്നു ശ്രീനിവാസനെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ അനുസ്മരിച്ചു. കാലത്തിന് മുമ്പേ നടന്നയാളാണ് ശ്രീനിവാസൻ. അദ്ദേഹത്തിന്റെ സിനിമയിലെ ഉദ്ധരണികൾ കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനത്തിലും ഉപയോഗിച്ചിരുന്നു. അദ്ദേഹത്തെ കാണാൻ ഇരിക്കുമ്പോഴാണ് അപ്രതീക്ഷിത വിയോഗമെന്നും വിഡി സതീശൻ പറഞ്ഞു
 

Comments

Leave a Reply

Your email address will not be published. Required fields are marked *