മുൻകൂർ ജാമ്യം കിട്ടിയതോടെ ഒളിത്താവളം വിട്ട് പുറത്തുവരാൻ രാഹുൽ; നാളെ വോട്ട് ചെയ്യാൻ എത്തിയേക്കും

രണ്ടാമത്തെ ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം ലഭിച്ചതോടെ ഒളിവ് ജീവിതം അവസാനിപ്പിക്കാനൊരുങ്ങി പാലക്കാട്ടെ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. നാളെ വോട്ട് ചെയ്യാനായി രാഹുൽ പാലക്കാട് എത്തുമെന്നാണ് വിവരം. കുന്നത്തൂർമേട് സൗത്തിലെ സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിലെ ബൂത്ത് നമ്പർ രണ്ടിലാണ് രാഹുലിന്് വോട്ട്. രാഹുൽ താമസിക്കുന്ന ഫ്ളാറ്റ് ഈ വാർഡിലാണ് സ്ഥിതി ചെയ്യുന്നത്
കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റാണ് ഈ വാർഡ്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ആയതിന് ശേഷമുള്ള ആദ്യ തദ്ദേശ തെരഞ്ഞെടുപ്പാണിത്. ബംഗളൂരുവിൽ താമസിക്കുന്ന 23കാരി നൽകിയ ബലാത്സംഗ പരാതിയിൽ ഇന്നാണ് കോടതി രാഹുലിന് ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചത്.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് സജീവമായിരുന്നു. എന്നാൽ ബലാത്സംഗ കേസിൽ യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന് പിന്നാലെ ഒളിവിൽ പോകുകയായിരുന്നു. ഒളിവിൽ തുടരുന്നതിനിടെയാണ് മറ്റൊരു യുവതിയും ബലാത്സംഗ പരാതിയുമായി എത്തിയത്. ഈ കേസിലാണ് ഇന്ന് മുൻകൂർ ജാമ്യം ലഭിച്ചത്. ആദ്യ കേസിൽ രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു.

Leave a Reply