അതിജീവിതയെയും സ്ത്രീ സമൂഹത്തെയും അപഹസിക്കുന്ന അടൂർ പ്രകാശ് മാപ്പ് പറയണം: മന്ത്രി വി ശിവൻകുട്ടി

അതിജീവിതയെയും സ്ത്രീ സമൂഹത്തെയും അപഹസിക്കുന്ന അടൂർ പ്രകാശ് മാപ്പ് പറയണം: മന്ത്രി വി ശിവൻകുട്ടി

നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെയും സ്ത്രീ സമൂഹത്തെയും യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് അപഹസിക്കുകയാണെന്നും അദ്ദേഹം മാപ്പ് പറയണമെന്നും മന്ത്രി വി ശിവൻകുട്ടി. യുഡിഎഫ് കൺവീനറുടെ നിലപാട് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. നടിയെ ആക്രമിച്ച കേസിൽ കോടതി വിധിക്കെതിരെ അപ്പീൽ പോകാനുള്ള സർക്കാർ തീരുമാനത്തെ, സർക്കാരിന് വേറെ പണിയില്ലേ എന്ന് ചോദിച്ച് പരിഹസിച്ച അടൂർ പ്രകാശിന്റെ നടപടി ഞെട്ടിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു

കുറിപ്പിന്റെ പൂർണരൂപം
 

അതിജീവിതയെയും സ്ത്രീസമൂഹത്തെയും അപഹസിക്കുന്ന യു ഡി എഫ് കൺവീനറുടെ നിലപാട് അങ്ങേയറ്റം പ്രതിഷേധാർഹം.

നടിയെ ആക്രമിച്ച കേസിൽ കോടതി വിധിക്കെതിരെ അപ്പീൽ പോകാനുള്ള സർക്കാർ തീരുമാനത്തെ “സർക്കാരിന് വേറെ പണിയില്ലേ” എന്ന് ചോദിച്ച് പരിഹസിച്ച യു ഡി എഫ് കൺവീനർ അടൂർ പ്രകാശിന്റെ നടപടി ഞെട്ടിക്കുന്നതാണ്. നീതിക്ക് വേണ്ടിയുള്ള ഒരു സ്ത്രീയുടെ പോരാട്ടത്തെയും അതിന് സർക്കാർ നൽകുന്ന പിന്തുണയെയും ‘പണിയില്ലായ്മ’യായി കാണുന്ന മനോഭാവം യു ഡി എഫിന്റെ സ്ത്രീവിരുദ്ധ മുഖമാണ് വ്യക്തമാക്കുന്നത്.

ഈ വെളിപ്പെടുത്തലോടെ ഒരുകാര്യം പകൽ പോലെ വ്യക്തമായി; യു ഡി എഫ് അതിജീവിതയ്‌ക്കൊപ്പം ഇല്ല.

വാക്കുകളിൽ ‘അതിജീവിതയ്‌ക്കൊപ്പം’ എന്ന് പറയുകയും, പ്രവൃത്തിയിൽ വേട്ടക്കാരെ സഹായിക്കുകയും ചെയ്യുന്ന യു ഡി എഫിന്റെ ഇരട്ടത്താപ്പാണ് കൺവീനറുടെ വാക്കുകളിലൂടെ പുറത്തുവന്നിരിക്കുന്നത്. കുറ്റവാളികൾ രക്ഷപ്പെടാതിരിക്കാൻ സർക്കാർ നടത്തുന്ന നിയമപോരാട്ടത്തെ ലഘൂകരിക്കുന്നതിലൂടെ സംസ്ഥാനത്തെ മുഴുവൻ സ്ത്രീകളെയുമാണ് യു ഡി എഫ് നേതൃത്വം അപമാനിച്ചിരിക്കുന്നത്.

സ്ത്രീസുരക്ഷയെക്കുറിച്ച് വാചാലരാകുന്നവരുടെ തനിനിറം കേരളം തിരിച്ചറിയണം. ഈ സ്ത്രീവിരുദ്ധ പ്രസ്താവന പിൻവലിച്ച് കേരളത്തിലെ പൊതുസമൂഹത്തോട്, പ്രത്യേകിച്ച് സ്ത്രീകളോട് മാപ്പ് പറയാൻ യു ഡി എഫ് തയ്യാറാകണം. നീതി ഉറപ്പാക്കുന്നത് വരെ സർക്കാർ അതിജീവിതയ്ക്കൊപ്പം തന്നെ ഉണ്ടാകും.

Comments

Leave a Reply

Your email address will not be published. Required fields are marked *