ശബരിമല സ്വർണക്കൊള്ള: എസ്‌ഐടി സംഘം വിപുലീകരിക്കാൻ ഹൈക്കോടതിയുടെ അനുമതി

ശബരിമല സ്വർണക്കൊള്ള: എസ്‌ഐടി സംഘം വിപുലീകരിക്കാൻ ഹൈക്കോടതിയുടെ അനുമതി

ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണ സംഘം വിപുലീകരിക്കാൻ എസ്‌ഐടിക്ക് ഹൈക്കോടതിയുടെ അനുമതി. ഹൈക്കോടതി അവധിക്കാല ബെഞ്ചിന്റേതാണ് നടപടി. അന്വേഷണ സംഘത്തിൽ രണ്ട് സിഐമാരെ കൂടി പങ്കാളികളാക്കും. ഉദ്യോഗസ്ഥരുടെ കുറവ് അന്വേഷണത്തെ ബാധിക്കുന്നുണ്ടെന്നായിരുന്നു എസ് ഐ ടിയുടെ ഹർജി. 

ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം അംഗീകരിച്ചാണ് അവധിക്കാല ബെഞ്ച് ഇന്ന് തന്നെ നടപടിയെടുത്തത്.  അതേസമയം, ശബരിമല സ്വർണക്കൊള്ള കേസിൽ ഡി മണി ചോദ്യം ചെയ്യലിനായി എസ് ഐ ടിക്ക് മുന്നിൽ ഹാജരായി. തിരുവനന്തപുരം ഈഞ്ചക്കലിലെ എസ്‌ഐടി ഓഫീസിലാണ് ചൊവ്വാഴ്ച രാവിലെ ഡി മണിയും സുഹൃത്ത് ബാലമുരുകനും എത്തിയത്. വിദേശ വ്യവസായി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് മണിയെയും ബാലമുരുകനെയും എസ്‌ഐടി ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്

അഭിഭാഷകരും ഇരുവർക്കൊപ്പമുണ്ട്. വ്യവസായി നൽകിയ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഡി മണിയിലേക്ക് എസ്‌ഐടി സംഘം എത്തിയത്. താൻ ഡി മണിയോ ദാവൂദ് മണിയോ അല്ലെന്നും എംഎസ് മണിയാണെന്നും ഇയാൾ നേരത്തെ പറഞ്ഞിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയെ കുറിച്ച് അറിയില്ലെന്നും ഇവർ പറഞ്ഞിരുന്നു

എന്നാൽ ഇയാൾ തങ്ങൾ അന്വേഷിക്കുന്ന ഡി മണി തന്നെയാണെന്ന് എസ്‌ഐടി സംഘം വ്യക്തമാക്കുകയായിരുന്നു. മണിക്ക് ശബരിമല സ്വർണക്കൊള്ളയുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന കാര്യമാണ് എസ്‌ഐടി സംഘം പരിശോധിക്കുന്നത്.
 

Comments

Leave a Reply

Your email address will not be published. Required fields are marked *