തൃശൂർ റൂട്ടിൽ പുതിയ ട്രെയിൻ സർവീസ്

തൃശൂർ റൂട്ടിൽ പുതിയ ട്രെയിൻ സർവീസ്

ന്യൂഡൽഹി: തീർഥാടന- സാംസ്കാരിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി ഗുരുവായൂർ – തൃശൂർ റൂട്ടിൽ പുതിയ ട്രെയിൻ സർവീസ് ആരംഭിക്കാൻ കേന്ദ്ര റെയ്‌ൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഉദ്യോഗസ്ഥരോടു നിർദേശിച്ചു. ഗുരുവായൂരിനും തൃശൂരിനും ഇടയിൽ ഉച്ചയ്ക്ക് 12 മണി മുതൽ രാത്രി 9.15 വരെ ട്രെയിനുകൾ ഇല്ലാത്ത സാഹചര്യം കേന്ദ്രമന്ത്രി കൂടിയായ തൃശൂർ എംപി സുരേഷ് ഗോപി ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് ഈ തീരുമാനമുണ്ടായത്.

അശ്വിനി വൈഷ്ണവുമായി സുരേഷ് ഗോപി നടത്തിയ കൂടിക്കാഴ്ചയിൽ റെയ്‌ൽവേ വികസനവുമായി ബന്ധപ്പെട്ട നിർണായക വിഷയങ്ങൾ ചർച്ച ചെയ്തു. ഇരിങ്ങാലക്കുട സ്റ്റേഷനിലെ നിർമാണ പ്രവർത്തനങ്ങളുടെ നിലവിലെ ശോചനീയാവസ്ഥയും യാത്രക്കാരുടെ ബുദ്ധിമുട്ടുകളും മന്ത്രിയെ നേരിട്ട് അറിയിച്ചു. സ്റ്റേഷനിലെ പ്ലാറ്റ്‌ഫോം വികസനം അതിവേഗം പൂർത്തിയാക്കാൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി. തൃശൂർ സ്റ്റേഷനിലെ തിരക്ക് കുറയ്ക്കാനും തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിലേക്കുള്ള ഭക്തർക്ക് സുഗമമായ യാത്ര ഉറപ്പാക്കാനും ഇരിങ്ങാലക്കുട സ്റ്റേഷൻ വികസിപ്പിക്കുന്നത് ഉപകരിക്കും.

ഇരിങ്ങാലക്കുട – തിരൂർ പാത യാഥാർഥ്യമാക്കുന്നതിനെക്കുറിച്ചും ചർച്ച ചെയ്തു. ഈ പദ്ധതിക്ക് റെയ്ൽവേ മന്ത്രാലയത്തിന്‍റെ അംഗീകാരമുണ്ടെങ്കിലും കേരള സർക്കാരിന്‍റെ ഭാഗത്ത് നിന്നും ആവശ്യമായ സഹകരണം ലഭിക്കുന്നില്ലെന്ന് റെയ്‌ൽവേ മന്ത്രി അറിയിച്ചു. ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയക്കാൻ അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

Comments

Leave a Reply

Your email address will not be published. Required fields are marked *