മറക്കാൻ പറ്റാത്ത സംഭാവനകൾ നൽകി; ആരെയും നോവിക്കാത്ത നർമം: ശ്രീനിവാസനെ ഒരു നോക്ക് കാണാൻ ഓടിയെത്തി സിനിമാ ലോകം

മറക്കാൻ പറ്റാത്ത സംഭാവനകൾ നൽകി; ആരെയും നോവിക്കാത്ത നർമം: ശ്രീനിവാസനെ ഒരു നോക്ക് കാണാൻ ഓടിയെത്തി സിനിമാ ലോകം

കൊച്ചി: മലയാള സിനിമയിലെ അതുല്യ പ്രതിഭയായ ശ്രീനിവാസനെ അവസാനമായി ഒരു നോക്ക് കാണാന്‍ നിരവധി പേരാണ് ഇന്നും ഉദയംപേരൂര്‍ കണ്ടനാട്ടെ വീട്ടുവളപ്പിലെത്തുന്നത്. നടി പാര്‍വതി തിരുവോത്ത്, നടന്മാരായ പൃഥ്വിരാജ്, വിനീത്, ജഗദീഷ്, സംവിധായകന്‍ ഫാസില്‍, രാജസേനന്‍ തുടങ്ങിയവര്‍ ശ്രീനിവാസന് അന്തിമോപചാരം അര്‍പ്പിച്ചു.

വാക്കാല്‍ പറഞ്ഞ് അറിയിക്കാന്‍ പറ്റാത്ത നഷ്ടമാണ് ഉണ്ടായതെന്ന് പാര്‍വതി പറഞ്ഞു. സിനിമയില്‍ മാത്രമല്ല, വ്യക്തി എന്ന നിലയിലും ശ്രീനിവാസന്‍ തന്ന സംഭാവന ഒരിക്കലും നമുക്ക് മറക്കാന്‍ പറ്റാത്തതാണ്. അതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്നുവെന്നും പാര്‍വതി മാധ്യമങ്ങളോട് പറഞ്ഞു. മലയാള സിനിമയ്ക്ക് ശ്രീനിവാസന്‍ ഒരുപാട് സംഭാവനകള്‍ തന്നെന്നും അതിന് അനുസരിച്ച് തിരിച്ച് നല്‍കാന്‍ നമുക്ക് സാധിച്ചില്ലെന്നും ജഗദീഷും കൂട്ടിച്ചേര്‍ത്തു. ആരെയും ദ്രോഹിക്കുന്ന നര്‍മമല്ല ശ്രീനിവാസന്റേതെന്നും ജഗദീഷ് പറഞ്ഞു.

അതേസമയം രാവിലെ 10 മണിക്ക് ഉദയംപേരൂര്‍ കണ്ടനാട്ടെ വീട്ടുവളപ്പില്‍ ശ്രീനിവാസന്റെ സംസ്‌കാര ചടങ്ങ് നടക്കും. ഇന്നലെ(ശനിയാഴ്ച്ച) രാവിലെ 8.30ഓടെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 69 വയസായിരുന്നു. വിവിധ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെയാണ് അന്ത്യം. വീട്ടിലും എറണാകുളം ടൗണ്‍ഹാളിലും നടന്ന പൊതുദര്‍ശനത്തില്‍ രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുള്‍പ്പടെ ആയിരങ്ങള്‍ അന്തിമോപചാരം അര്‍പ്പിച്ചു.

രാവിലെ ഡയാലിസിസിന് കൊണ്ടുപോകുമ്പോള്‍ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട ശ്രീനിവാസനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പക്ഷെ ജീവന്‍ രക്ഷിക്കാനായില്ല. 48 വര്‍ഷക്കാലം നീണ്ടുനിന്ന സിനിമാ ജീവിതത്തില്‍ 200ലേറെ സിനിമകളില്‍ ശ്രീനിവാസന്‍ അഭിനയിച്ചു. 1956 ഏപ്രില്‍ 26ന് കണ്ണൂരിലെ പാട്യത്ത് ജനിച്ച ശ്രീനിവാസന്‍ കൂത്തുപറമ്പ് മിഡില്‍ സ്‌കൂള്‍, കതിരൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. മട്ടന്നൂര്‍ പഴശ്ശിരാജ എന്‍എസ്എസ് കോളേജില്‍ നിന്ന് ഇക്കണോമിക്സില്‍ ബിരുദം നേടി.

മദ്രാസിലെ ഫിലിം ചേംബര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സിനിമാ അഭിനയത്തില്‍ ഡിപ്ലോമ നേടിയ ശ്രീനിവാസന്‍ തുടക്ക കാലത്ത് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റെന്ന നിലയിലും പ്രവര്‍ത്തിച്ചിരുന്നു. സിനിമാ പഠനകാലത്ത് രജനികാന്ത് ശ്രീനിവാസന്റെ സഹപാഠിയായിരുന്നു. 48 വര്‍ഷക്കാലം നീണ്ടുനിന്ന സിനിമാ ജീവിതത്തില്‍ 200ലേറെ സിനിമകളില്‍ ശ്രീനിവാസന്‍ അഭിനയിച്ചു. 1977ല്‍ പി എ ബക്കര്‍ സംവിധാനം ചെയ്ത മണിമുഴക്കത്തിലൂടെയാണ് സിനിമയിലേയ്ക്ക് വരുന്നത്. പിന്നീട് 1984ല്‍ ‘ഓടരുത് അമ്മാവാ ആളറിയാം’ എന്ന സിനിമയുടെ തിക്കഥാകൃത്തെന്ന നിലയില്‍ മലയാള സിനിയില്‍ ശ്രീനിവാസന്‍ വരവറിയിച്ചു. സാമൂഹിക വിഷയങ്ങളെ നര്‍മ്മരസം ചേര്‍ത്ത് ശ്രീനിവാസന്‍ തിരക്കഥകളൊരുക്കിയപ്പോള്‍ മലയാളിക്ക് ഹാസ്യത്തിന്റെയും ആക്ഷേപഹാസ്യത്തിന്റെയും നവ്യാനുഭവങ്ങള്‍ കൂടിയാണ് സ്വന്തമായത്.

1989ല്‍ പുറത്തിറങ്ങിയ വടക്കുനോക്കി യന്ത്രമായിരുന്നു ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമ. മികച്ചൊരു സംവിധായകന്റെ വരവറിയിച്ച സിനിമയായിരുന്നു വടക്കുനോക്കി യന്ത്രമെങ്കിലും അഭിനയത്തിലും തിരക്കഥാ രചനയിലുമായിരുന്ന ശ്രീനിവാസന്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിച്ചത്. ശ്രീനിവാസന്‍ സംവിധാനം ചെയ്ത മറ്റൊരു ചിത്രമായ ചിന്താവിഷ്ടയായ ശ്യാമള മലയാളിയുടെ ജീവിതപരിസരങ്ങളിലെ കാപട്യങ്ങളെ ആക്ഷേപഹാസ്യത്തിലൂടെ വരച്ചിട്ടു. ഒരു സ്ത്രീപക്ഷ സിനിമയെന്ന് കൂടി വിശേഷിപ്പിച്ച് പോകാവുന്ന സിനിമയാണ് ചിന്താവിഷ്ടയായ ശ്യാമള മലയാള സിനിമയിലെ ഏറ്റവും ചിന്തോദ്ദീപമായ സാമൂഹ്യ വിമര്‍ശന സിനിമകളുടെ പട്ടികയെടുത്താല്‍ ശ്രീനിവാസന്‍ എന്ന എഴുത്തുകാരന്റെ പ്രതിഭാവിലാസം വ്യക്തമാണ്. മലയാള സാഹിത്യത്തിന് വൈക്കം മുഹമ്മദ് ബഷീര്‍ എന്തായിരുന്നോ അതായിരുന്നു മലയാള സിനിമയ്ക്ക് ശ്രീനിവാസന്‍.

Comments

Leave a Reply

Your email address will not be published. Required fields are marked *