5 സംസ്ഥാനങ്ങളിലെ കരട് വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും, ബംഗാളിൽ 58 ലക്ഷം പേർ പുറത്തായെന്ന് വിവരം
തീവ്ര വോട്ടർ പട്ടിക പുനഃപരിശോധനയിൽ (എസ്‌ഐആർ) അഞ്ച് സംസ്ഥാനങ്ങളിലെ കരട് വോട്ടർ പട്ടിക കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പ്രസിദ്ധീകരിക്കും. പഞ്ചിമ ബംഗാൾ, രാജസ്ഥാൻ, ഗോവ, പുതുച്ചേരി, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ കരട് പട്ടികയാണ് പുറത്തിറക്കുന്നത്. കരട് പട്ടികയിൽ നിന്നും ബംഗാളിൽ 58 ലക്ഷം പേർ പുറത്തായതായാണ് ലഭിക്കുന്ന വിവരം.
ബംഗാളിൽ ആകെ 58,20,897 ലക്ഷത്തിലധികം (മൊത്തം വോട്ടർമാരുടെ 7.6 ശതമാനം) പേരുകൾ നീക്കം ചെയ്യപ്പെടുമെന്നാണ് റിപ്പോർട്ട്. 31,39,815 ലേറെ പേർ ഹിയറിങ്ങിനായി ഹാജരാകേണ്ടി വരും. ഏതാണ്ട് 13.74 ലക്ഷം പേരുകൾ ( സ്ഥലത്തില്ലാത്തവർ, മരിച്ചവർ, ഇരട്ട വോട്ടർമാർ ) എന്നിങ്ങനെ വോട്ടർ പട്ടികയിൽ പൊരുത്തക്കേടുകൾ ഉണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തി.
ഗോവയിൽ 8.5 ശതമാനവും രാജസ്ഥാനിൽ 8 ശതമാനം പേരുകളും നീക്കം ചെയ്തുവെന്നാണ് സൂചന. ഏറ്റവും കുറവ് പേരുകൾ നീക്കം ചെയ്തിട്ടുള്ളത് ലക്ഷദ്വീപിലാണ്. 2.5 ശതമാനം പേരുകൾ മാത്രമാണ് ലക്ഷദ്വീപിൽ നിന്നും നീക്കം ചെയ്തിട്ടുള്ളതെന്നാണ് റിപ്പോർട്ട്.
അതേസമയം കേരളത്തിലെ എസ്‌ഐആർ നടപടികൾ നീട്ടിവെച്ചിട്ടുണ്ട്. ഡിസംബർ നാലിനാണ് എസ്‌ഐആർ നടപടികൾ തുടങ്ങിയത്. ഡിസംബർ 11 വരെ പ്രക്രിയ തുടർന്നു. ഡിസംബർ 16ന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത്.

Leave a Reply