നടിയെ ആക്രമിച്ച കേസ്: അപ്പീൽ നടപടികൾ ആരംഭിച്ചു, ദിലീപ് അടക്കമുള്ളവരെ വെറുതെവിട്ടത് ചോദ്യം ചെയ്യും

നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി വിധിക്കെതിരായ പ്രോസിക്യൂഷന്റെ അപ്പീൽ നടപടികൾ ആരംഭിച്ചു. എട്ടാം പ്രതി ദിലീപ് അടക്കമുള്ളവരെ വെറുതെവിട്ട നടപടിയെയാണ് പ്രധാനമായും ചോദ്യം ചെയ്യുന്നത്. കേസിലെ അപ്പീൽ സാധ്യതകൾ വ്യക്തമാക്കുന്ന റിപ്പോർട്ട് സ്‌പെഷ്യൽ പ്രോസിക്യൂട്ടർ തയ്യാറാക്കി. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന് റിപ്പോർട്ട് ഇന്ന് കൈമാറും
വിചാരണ കോടതി ഉത്തരവ് പരിഗണിച്ച് അപ്പീൽ തയ്യാറാക്കുന്ന നടപടികളും ആരംഭിച്ചു. ഈ ആഴ്ച തന്നെ ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനം. കേസിൽ വിധി പ്രസ്താവിക്കുന്നതിന് മുമ്പ് വിധിയുടെ വിശദാംശങ്ങൾ ചോർന്നുവെന്ന ഊമക്കത്തിനെ കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് ഡിജിപിയെ വിവരം ധരിപ്പിച്ചിട്ടുണ്ട്
നേരത്തെ ഈ കത്ത് ചൂണ്ടിക്കാട്ടി അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി നൽകിയിരുന്നു. കേസിൽ ഒന്ന് മുതൽ ആറ് വരെ പ്രതികളെ ശിക്ഷിക്കുമെന്നും മറ്റുള്ളവരെ വെറുതെവിടുമെന്നും വിധി എഴുതിയ ശേഷം ദിലീപിന്റെ അടുത്ത സുഹൃത്തിനെ കാണിച്ചു എന്നാണ് കത്തിൽ പറയുന്നത്.

Leave a Reply