ആഹ്ലാദ പ്രകടനത്തിനിടെ സ്കൂട്ടറിലിരുന്ന പടക്കത്തിന് തീ പിടിച്ചു; സ്ഥാനാർഥിയുടെ ബന്ധു മരിച്ചു

ആഹ്ലാദ പ്രകടനത്തിനിടെ സ്കൂട്ടറിലിരുന്ന പടക്കത്തിന് തീ പിടിച്ചു; സ്ഥാനാർഥിയുടെ ബന്ധു മരിച്ചു

കോഴിക്കോട്: തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പനങ്ങാട് യുഡിഎഫ് നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ സ്‌കൂട്ടറിന് തീപിടിച്ച് സ്ഥാനാർഥിയുടെ ബന്ധു മരിച്ചു. വട്ടോളി സ്വദേശി സന്ദീപ്(34) ആണ് മരിച്ചത്. സ്‌കൂട്ടറിൽ സൂക്ഷിച്ച പടക്കങ്ങൾ പൊട്ടിത്തെറിച്ചാണ് അപകടമെന്നാണ് പ്രാഥമിക വിവരം.

പനങ്ങാട് പഞ്ചായത്ത് രണ്ടാം വാർഡിൽ വിജയിച്ച യുഡിഎഫ് സ്ഥാനാർഥി ദേവാനന്ദിന്റെ വിജയാഹ്ലാദ പ്രകടനത്തിനിടെയായിരുന്നു അപകടം. ദേവാനന്ദിന്റെ സഹോദരന്റെ മകനാണ് മരിച്ച സന്ദീപ്. ബാലുശ്ശേരി കുറുമ്പൊയിൽ വയലടയ്ക്കു സമീപമാണ് അപകടമുണ്ടായത്. സംഭവത്തിൽ ഒരാൾക്ക് കൂടി പരുക്കേറ്റു. ഇയാൾ ചികിത്സയിലാണ്. ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. പടക്കം പൊട്ടിയതിന് പിന്നാലെ സ്കൂട്ടറിന്റെ പെട്രോൾ ടാങ്ക് കത്തിയെന്നാണ് പ്രാഥമിക നിഗമനം.

തെരഞ്ഞെടുപ്പ് ആഘോഷത്തിനിടെ പടക്കംപൊട്ടി മലപ്പുറം കൊണ്ടോട്ടിയിലും കോൺഗ്രസ് പ്രവർത്തകൻ മരിച്ചിരുന്നു. പെരിയമ്പലം സ്വദേശി ഇർഷാദാണ് മരിച്ചത്. സ്കൂട്ടറിന് മുന്നിൽ വെച്ച പടക്കം മറ്റ് ആളുകൾക്ക് വിതരണം ചെയ്തത് പോവുകയായിരുന്നു ഇർഷാദ്. അതിനിടയിൽ സമീപത്ത് പൊട്ടിക്കുകയായിരുന്ന പടക്കത്തിൽ നിന്നുള്ള തീപ്പൊരി സ്കൂട്ടറിലെ പടക്കത്തിലേക്ക് തെറിച്ച് വീഴുക‍യായിരുന്നു. പടക്കം ഒന്നാകെ പൊട്ടിയാണ് മരണം സംഭവിച്ചത്.

Comments

Leave a Reply

Your email address will not be published. Required fields are marked *