ഭാഷാപരിമിതിയുടെ പേരിൽ തന്നെ ട്രോളുന്നവരോട് ദേഷ്യമില്ല; മനുഷ്യരുടെ സങ്കടങ്ങൾക്ക് ഒരു ഭാഷയേ ഉള്ളൂ: റഹീം

ഭാഷാപരിമിതിയുടെ പേരിൽ തന്നെ ട്രോളുന്നവരോട് ദേഷ്യമില്ല; മനുഷ്യരുടെ സങ്കടങ്ങൾക്ക് ഒരു ഭാഷയേ ഉള്ളൂ: റഹീം

ബംഗളൂരുവിലെ യെലഹങ്കയിൽ വീട് നഷ്ടപ്പെട്ടവരെ സന്ദർശിക്കുന്നതിനിടെ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംഭവിച്ച ഭാഷാ പരിമിതിയിൽ വിശദീകരണവുമായി രാജ്യസഭാ എംപി എഎ റഹീം. തന്നെ ട്രോളുന്നവരോട് വെറുപ്പില്ല. ഭാഷ കൂടുതൽ മെച്ചപ്പെടുത്തും. മനുഷ്യരുടെ സങ്കടങ്ങൾക്ക് ഒരു ഭാഷയെ ഉള്ളൂവെന്നും റഹീം പറഞ്ഞു

പോസ്റ്റിന്റെ പൂർണരൂപം

എന്റെ ഇംഗ്ലീഷിനെ ട്രോളുന്നവരോട്. ..
എനിക്ക് ഭാഷപരമായ പരിമിതികളുണ്ട്.
പക്ഷേ,
മനുഷ്യരുടെ സങ്കടങ്ങൾക്ക് 
ഒരു ഭാഷയേ ഉള്ളൂ..
ഭരണകൂടഭീകരതയുടെ നേര്കാഴ്ചകൾ തേടിയാണ് അവിടേയ്ക്ക് ചെന്നത്..
ശബ്ദമില്ലാത്ത,എല്ലാം നഷ്ടപെട്ട ആയിരത്തോളം ദുർബലരായ ഇരകളെയാണ് ഞങ്ങൾക്ക് അവിടെ കാണാനായത് ആ യാത്രയെ കുറിച്ച് 
ഇപ്പോഴും തികഞ്ഞ അഭിമാനമേ ഉളളൂ,
അവരുടെ ശബ്ദം ഇന്ന് എല്ലാ മാധ്യമങ്ങളും ഏറ്റെടുക്കുന്നു. .
ആരും കാണാതെ അവസാനിക്കുമായിരുന്ന കാഴ്ചകൾ ഇന്ന് ലോകം കാണുന്നു.
പുനരധിവാസത്തെ കുറിച്ച് നിങ്ങൾ ഇപ്പോൾ സംസാരിക്കാൻ നിർബന്ധിതരായിരിക്കുന്നു.
എന്റെ ഇംഗ്ലീഷിലെ 
വ്യാകരണം തിരയുന്നവരോട് ഒരു വെറുപ്പുമില്ല.എന്റെ ഭാഷ ഞാൻ തീർച്ചയായും ഇനിയും കൂടുതൽ മെച്ചപ്പെടുത്തും.
പക്ഷേ ഒരു തെറ്റുമില്ലാതെ വിവിധ ഭാഷകൾ കൈകാര്യം ചെയ്യുന്ന നിരവധിപേർ നിങ്ങളുടെ കൂട്ടത്തിലുണ്ടല്ലോ?
അവരെ ആരെയും ഇവിടെയെന്നല്ല,ബുൾഡോസറുകൾ ജീവിതം തകർത്ത ദുർബലരുടെ അരികിൽ ഒരിടത്തും കണ്ടിട്ടില്ല.
എന്റെ ഭാഷയിലേക്ക് സൂക്ഷിച്ചു നോക്കുമ്പോൾ,നിങ്ങളുടെ സർക്കാർ പറഞ്ഞയച്ച ബുൾഡോസറുകൾ തകർത്ത വീടുകളും,അതിലെ സാധുക്കളായ കുറെ ഇന്ത്യക്കാരെയും നിങ്ങൾ കാണാതെ പോകരുത്.
എന്റെ ഭാഷയെ ട്രോളുന്ന തിരക്കിൽ ആ ദുർബലരായ മനുഷ്യരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാതെ രക്ഷപ്പെടാൻ ശ്രമിക്കരുത്.
ഇനിയും ശബ്ദമില്ലാത്തവരെ തേടിപ്പോകും,
ഒറ്റപ്പെട്ടുപോയവരെ ചേർത്തു പിടിക്കും.

Comments

Leave a Reply

Your email address will not be published. Required fields are marked *