ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍; എസ്‌ഐആര്‍ കരട് പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട അര്‍ഹരായവരെ ഉള്‍പ്പെടുത്താന്‍ ഹെല്‍പ് ഡെസ്‌കുകള്‍: വില്ലേജ് ഓഫീസുകള്‍ കേന്ദ്രീകരിച്ച് രണ്ട് ഉദ്യോഗസ്ഥര്‍ക്ക് ചുമതല

ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍; എസ്‌ഐആര്‍ കരട് പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട അര്‍ഹരായവരെ ഉള്‍പ്പെടുത്താന്‍ ഹെല്‍പ് ഡെസ്‌കുകള്‍: വില്ലേജ് ഓഫീസുകള്‍ കേന്ദ്രീകരിച്ച് രണ്ട് ഉദ്യോഗസ്ഥര്‍ക്ക് ചുമതല

എസ്‌ഐആര്‍ കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയവരില്‍ അര്‍ഹരായവരെ ഉള്‍പ്പെടുത്താന്‍ ഹെല്‍പ് ഡെസ്‌കുകള്‍ തുടങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്. വില്ലേജ് ഓഫീസുകള്‍ കേന്ദ്രീകരിച്ച് രണ്ട് ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കി ഹെല്‍പ് ഡെസ്‌കുകള്‍ തുടങ്ങും.  മലയോരതീര മേഖലകള്‍ തുടങ്ങിയ സ്ഥലങ്ങളിലെത്തി ബോധവത്കരണം നടത്താന്‍ അംഗനവാടി,ആശ വര്‍ക്കര്‍മാരെയും കുടുംബശ്രീ പ്രവര്‍ത്തകരെയും നിയോഗിക്കും.

കേരളം ഉള്‍പ്പടെ പതിനൊന്ന് സംസ്ഥാനങ്ങളിലെ എസ്‌ഐആര്‍ കരടു പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ ഒഴിവായത് മൂന്നു കോടി എഴുപത് ലക്ഷം വോട്ടര്‍മാരാണ്.  ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ ഒഴിവായത് തമിഴ്‌നാട്ടിലാണ്. അന്തിമ വോട്ടര്‍ പട്ടിക ഫെബ്രുവരി 21 ന് പ്രസിദ്ധീകരിച്ച ശേഷമാകും കേരളം ഉള്‍പ്പെട അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുക.

ബിഹാറിനു ശേഷം കേരളം ഉള്‍പ്പടെ പത്ത് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളിലെയും തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണമാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതില്‍ ഉത്തര്‍പ്രദേശ് ഒഴികെ പതിനൊന്നിടത്തെ കരട് പട്ടിക പ്രസിദ്ധീകരിക്കുന്നത് പൂര്‍ത്തിയായി.  മരിച്ചവര്‍, സ്ഥിരമായി താമസം മാറിയവര്‍ എന്നിവരെ ഒഴിവാക്കിയുള്ള കരട് പട്ടികകളിലെ പരാതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരീക്ഷിക്കും.

തമിഴ്‌നാട്ടില്‍ പതിനഞ്ച് ശതമാനം അഥവാ 97 ലക്ഷം വോട്ടര്‍മാകെ ഒഴിവാക്കിയാണ് കരട് പട്ടിക പ്രസിദ്ധീകരിച്ചത്. പശ്ചിമ ബംഗാളില്‍ 58 ലക്ഷം പേര്‍ ഒഴിവായി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ കണക്ക് ചൂണ്ടിക്കാട്ടിയാണ് എസ്‌ഐആറിനെതിരായ ആക്ഷേപം കേന്ദ്ര സര്‍ക്കര്‍ നേരിടുന്നത്. ഗുജറാത്തില്‍ 73 ലക്ഷം പേര്‍ പട്ടികയില്‍ നിന്ന് പുറത്തായി. മധ്യപ്രദേശില്‍ 42.74 ലക്ഷം വോട്ടര്‍മാരുടെ കുറവാണ് കരട് പട്ടികയിലുള്ളത്. ഛത്തീസ്ഗഡില്‍ 27 ലക്ഷം പേര്‍ ഒഴിവായി. ആന്‍ഡമാനില്‍ 54000 പേര്‍ പട്ടികയില്‍ ഇല്ല.

യുപി മാറ്റി നിര്‍ത്തിയാല്‍ കേരളം അടക്കം പതിനൊന്ന് ഇടങ്ങളില്‍ 36 കോടി വോട്ടര്‍മാരാണ് നിലവിലെ പട്ടികയില്‍. എസ്‌ഐആറിനു ശേഷമുള്ള കരടില്‍ മൂന്നു കോടി എഴുപത് ലക്ഷം പേരാണ് ആകെ കുറഞ്ഞത്. വിവിധ സംസ്ഥാനങ്ങളില്‍ പട്ടികയില്‍ ആക്ഷേപം ഉന്നയിക്കാനുള്ള തീയതി അടുത്ത മാസം 23നാണ് അവസാനിക്കുന്നത്. പശ്ചിമ ബംഗാളില്‍ അനര്‍ഹര്‍ പട്ടികയില്‍ കടന്നു കൂടി എന്ന ആക്ഷേപം ബിജെപി ഉന്നയിച്ചിട്ടുണ്ട്. ഫെബ്രുവരി 21 നാണ് അന്തിമ പട്ടിക പ്രസിദ്ധീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിലവില്‍ നിശ്ചയിച്ച തീയതി. എന്നാല്‍ കോടതി ഇടപെടല്‍ ഉണ്ടായാല്‍ ഇത് വീണ്ടും നീണ്ടേക്കാം. അന്തിമ പട്ടിക കൂടി വന്ന ശേഷമേ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കൂ എന്ന സൂചനയാണ് കമ്മീഷന്‍ വൃത്തങ്ങള്‍ നൽകുന്നത്.

Comments

Leave a Reply

Your email address will not be published. Required fields are marked *