പോസ്റ്റ്‌മോർട്ടം പൂർത്തിയായി; സുഹാന്റേത് മുങ്ങിമരണം: ശരീരത്തിൽ സംശയാസ്പദമായ മുറിവുകളും പരിക്കുകളും ഇല്ല

പോസ്റ്റ്‌മോർട്ടം പൂർത്തിയായി; സുഹാന്റേത് മുങ്ങിമരണം: ശരീരത്തിൽ സംശയാസ്പദമായ മുറിവുകളും പരിക്കുകളും ഇല്ല

പാലക്കാട്: ചിറ്റൂരില്‍ മരിച്ച ആറുവയസുകാരന്‍ സുഹാന്റേത് മുങ്ങി മരണം തന്നെയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സുഹാന്റെ ശരീരത്തില്‍ സംശയാസ്പദമായ മുറിവുകളോ പരിക്കുകളോ ഇല്ലെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ വച്ചായിരുന്നു പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.

സുഹാന്റെ മൃതദേഹം ആദ്യം സുഹാന്‍ പഠിച്ച അമ്പാട്ടുപാളയം റോയല്‍ ഇന്ത്യന്‍ സ്‌കൂളിലേക്ക് എത്തിക്കും. ശേഷം എരുമങ്കാടുള്ള മാതാവിന്റെ വീട്ടിലും ഉച്ചയ്ക്കുശേഷം ചിറ്റൂര്‍ നല്ലേപ്പിള്ളിയിലുള്ള പിതാവിന്റെ വീട്ടിലും പൊതുദര്‍ശനത്തിന് വെക്കും. ശേഷം ഖബറടക്കും. കഴിഞ്ഞ ദിവസം പകല്‍ 11 മണിയോടെ കാണാതായ സുഹാന്റെ മൃതദേഹം വീടിനടുത്തുള്ള കുളത്തില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.

കറുകമണി, എരുമങ്കോട് സ്വദേശികളായ മുഹമ്മദ് അനസ്-തൗഹീദ ദമ്പതികളുടെ മകനാണ് സുഹാന്‍. 22 മണിക്കൂറോളം നീണ്ട പരിശോധനയിലാണ് ഇന്ന് രാവിലെ ഒമ്പത് മണിയോടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം സഹോദരനൊപ്പം ടി വി കണ്ടുകൊണ്ടിരിക്കെ പിണങ്ങി വീട്ടില്‍ നിന്നിറങ്ങുകയായിരുന്നു. രാവിലെ കൂട്ടുകാര്‍ക്കൊപ്പം ഗ്രൗണ്ടില്‍ പോയി കളിച്ച കുട്ടി വീട്ടിലെത്തി സഹോദരനൊപ്പം ടിവി കാണുകയായിരുന്നു. ഇതിനിടെ സഹോദരനോട് പിണങ്ങി വീട് വിട്ടിറങ്ങുകയായിരുന്നു. ഈ സമയത്ത് കുട്ടിയുടെ മുത്തശ്ശിയും അമ്മയുടെ സഹോദരങ്ങളും മക്കളും വീട്ടിലുണ്ടായിരുന്നു. സുഹാനെ കാണാതായ വിവരം സഹോദരന്‍ വീട്ടുകാരെ അറിയിക്കുകയും വീട്ടുകാര്‍ നാട്ടുകാരെ അറിയിക്കുകയുമായിരുന്നു. പിന്നാലെ പൊലീസും ഡോഗ് സ്‌ക്വാഡും ഫയര്‍ഫോഴ്സുമെല്ലാം തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല.

Comments

Leave a Reply

Your email address will not be published. Required fields are marked *