മിസ്റ്റർ പിണറായി വിജയൻ, നിങ്ങൾ ഏകാധിപതി ചമഞ്ഞാൽ ഞങ്ങൾ ഭയക്കില്ല: വിഡി സതീശൻ

മിസ്റ്റർ പിണറായി വിജയൻ, നിങ്ങൾ ഏകാധിപതി ചമഞ്ഞാൽ ഞങ്ങൾ ഭയക്കില്ല: വിഡി സതീശൻ

കോൺഗ്രസ് നേതാവ് എൻ സുബ്രഹ്മണ്യനെ എഐ ചിത്രം പങ്കുവച്ച കേസിൽ കസ്റ്റഡിയിലെടുത്തതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സുബ്രഹ്മണ്യൻ മാത്രമല്ല പല സിപിഎം നേതാക്കളും എഐ ചിത്രങ്ങൾ പ്രചരിപ്പിച്ചിട്ടുണ്ടെന്നും മാന്യമായി ജീവിക്കുന്നവരെ വലിയ ക്രിമിനലിനെപ്പോലെ കസ്റ്റഡിയിലെടുക്കേണ്ട കാര്യമെന്തെന്നും വി ഡി സതീശൻ ചോദിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഏകാധിപതി ചമയുന്നുവെന്നും ഇങ്ങനെയൊരു മുഖ്യമന്ത്രി കേരളത്തിന് നാണക്കേടെന്നും അദ്ദേഹം മാധ്യമങ്ങളോട് ചോദിച്ചു. 

കേരളത്തിൽ എഐ ഉപയോഗിച്ച് ഏറ്റവും കൂടുതൽ ചിത്രങ്ങൾ നിർമിച്ച് പ്രചരിപ്പിച്ചിട്ടുള്ളത് സിപിഎമ്മാണ്. വയനാടുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയുടേയും പ്രിയങ്കാ ഗാന്ധിയുടേയും തന്റേയും കെ സി വേണുഗോപാലിന്റേയും രമേശ് ചെന്നിത്തലയുടേയും എഐ ചിത്രങ്ങളും നൃത്തം വയ്ക്കുന്ന എഐ വിഡിയോകളും പ്രചരിപ്പിച്ചിട്ടുണ്ട്. അതിനൊന്നും കേസെടുക്കാത്തതെന്താണെന്നും വി ഡി സതീശൻ ചോദിച്ചു.

മിസ്റ്റർ പിണറായി വിജയൻ, ഏകാധിപതി ചമഞ്ഞാൽ ഞങ്ങൾക്ക് പേടിയില്ല. ഇങ്ങനെയൊരു മുഖ്യമന്ത്രി കേരളത്തിന് നാണക്കേടാണ്. നിങ്ങളുടെ അവസാന ഭരണമാണ് ഇത്. അതാണോ ഈ അഹങ്കാരം കാണിക്കുന്നത്. ശബരിമല പാട്ടിലെ കേസിൽ നിന്ന് നിങ്ങൾ ഓടിയ വഴിയിൽ പുല്ലുപോലും മുളച്ചിട്ടില്ല. പോലീസ് ജീപ്പിന് ബോംബെറിഞ്ഞ സിപിഎം നേതാവിന് ഒരു മാസം തികയും മുൻപ് പരോൾ നൽകിയ സർക്കാരാണിത്. മാന്യമായി ജീവിക്കുന്ന ആളുകളെ രാത്രിയിൽ അറസ്റ്റ് ചെയ്തുകൊണ്ട് പോകുകയാണെന്നും സതീശൻ പറഞ്ഞു
 

Comments

Leave a Reply

Your email address will not be published. Required fields are marked *