ആഷസ് നാലാം ടെസ്റ്റിൽ ഓസീസിന് അടിപതറി, ഇംഗ്ലണ്ടിന് 4 വിക്കറ്റ് ജയം

ആഷസ് നാലാം ടെസ്റ്റിൽ ഓസീസിന് അടിപതറി, ഇംഗ്ലണ്ടിന് 4 വിക്കറ്റ് ജയം

ബാറ്റ്‌സ്മാൻമാർക്ക് ഒരുതരത്തിലും നിലയുറപ്പിക്കാൻ ആകാതെ വന്നതോടെ ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റ് അവസാനിച്ചത് വെറും രണ്ട് ദിവസത്തിനുള്ളിൽ. ഒടുവിൽ വിജയം ഇംഗ്ലണ്ടിനും സ്വന്തം. നാലാം ടെസ്റ്റിൽ നാല് വിക്കറ്റിനാണ് ഇംഗ്ലണ്ട് ജയിച്ചത്. വിജയലക്ഷ്യമായ 175 റൺസ് ആറ് വിക്കറ്റ് നഷ്ടത്തിൽ അവർ മറികടന്നു

ഇന്നലെ ആരംഭിച്ച നാലാം ടെസ്റ്റിൽ ആദ്യം ബാറ്റ് ചെയ്തത് ഓസ്‌ട്രേലിയ ആയിരുന്നു. ഒന്നാമിന്നിംഗ്‌സിൽ 152 റൺസിന് ഓസീസ് പുറത്ത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ട് 110 റൺസിന് ഓൾ ഔട്ടായതോടെ ആദ്യ ദിനം വീണത് 20 വിക്കറ്റുകൾ. ഓസ്‌ട്രേലിയക്ക് 42 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡും

രണ്ടാം ദിനം രണ്ടാമിന്നിംഗ് തുടർന്ന ഓസീസ് ആകട്ടെ 132 റൺസിന് ഓൾ ഔട്ടായി. 46 റൺസെടുത്ത ട്രാവിസ് ഹെഡാണ് അവരുടെ ടോപ് സ്‌കോറർ. സ്റ്റീവ് സ്മിത്ത് 24 റൺസും കാമറൂൺ ഗ്രീൻ 19 റൺസുമെടുത്തു. മറ്റാർക്കും രണ്ടക്കം തികയ്ക്കാനായില്ല. ഇംഗ്ലണ്ടിന് വേണ്ടി ബ്രെയ്ഡൻ കേഴ്‌സ് നാലും ബെൻ സ്‌റ്റോക്‌സ് മൂന്നും ജോഷ് ടങ്ക് രണ്ടും അറ്റ്കിൻസൺ ഒരു വിക്കറ്റുമെടുത്തു

175 റൺസ് വിജയലക്ഷ്യവുമായി രണ്ടാമിന്നിംഗ്‌സ് ആരംഭിച്ച ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കമാണ് ഓപണർമാർ നൽകിയത്. സാക് ക്രൗളി 37 റൺസും ബെൻ ഡക്കറ്റ് 34 റൺസുമെടുത്തു. ജേക്കബ് ബേതൽ 40 റൺസിനും ജോ റൂട്ട് 15 റൺസിനും ബെൻ സ്‌റ്റോക്‌സ് 2 റൺസിനും വീണു. ഹാരി ബ്രൂക്ക് 18 റൺസുമായി പുറത്താകാതെ നിന്നു. രണ്ടാം ദിനമായ ഇന്ന് വീണത് 16 വിക്കറ്റുകളാണ്. എങ്കിലും ഇംഗ്ലണ്ടിനെ വിജയലക്ഷ്യത്തിൽ എത്തുന്നതിൽ നിന്ന് തടയാൻ ഓസീസിന് സാധിച്ചില്ല
 

Comments

Leave a Reply

Your email address will not be published. Required fields are marked *