വരന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി ബ്ലേഡ് മാഫിയ; വിവാഹം മുടങ്ങി, ജീവനൊടുക്കാൻ ശ്രമിച്ച വധു ഗുരുതരാവസ്ഥയിൽ

ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടർന്ന് വിവാഹം മുടങ്ങിയതിന് പിന്നാലെ ജീവനൊടുക്കാൻ ശ്രമിച്ച പ്രതിശ്രുത വധു ഗുരുതരാവസ്ഥയിൽ. തിരുവനന്തപുരം കല്ലമ്പലം സ്വദേശിനിയുമായി നിശ്ചയിച്ച വിവാഹത്തിൽ നിന്ന് പിൻമാറാൻ വരന്റെ വീട്ടിലെത്തിയാണ് ഗുണ്ടാസംഘം ഭീഷണിപ്പെടുത്തിയത്. സംഭവത്തിൽ എട്ട് പേർക്കെതിരെ പോലീസ് കേസെടുത്തു
കൊല്ലം സ്വദേശിയായ യുവാവുമായി വിവാഹം നിശ്ചയിച്ച പെൺകുട്ടിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ബ്ലേഡ് മാഫിയ സംഘത്തിന്റെ ഭീഷണിയെ തുടർന്നെന്നാണ് എഫ്ഐആർ. പെൺകുട്ടിയുടെ അച്ഛൻ കഴിഞ്ഞ ജൂലൈയിൽ മരിച്ചിരുന്നു. വിവിധ ആവശ്യങ്ങൾക്കായി മൂന്ന് വർഷം മുമ്പ് അമ്മ ബ്ലേഡ് സംഘത്തിൽ നിന്ന് ഒരു ലക്ഷം കടം വാങ്ങിയിരുന്നു
മുതൽ തിരിച്ചടച്ചെങ്കിലും പലിശ ആവശ്യപ്പെട്ട് ഭീഷണി തുടർന്നു. യുവതിയുടെ വിവാഹം നിശ്ചയിച്ചതിന് പിന്നാലെ നിരന്തരം വീട്ടിലെത്തി ഭീഷണി തുടർന്നു. ഞായറാഴ്ച പ്രതിശ്രുത വരന്റെ വീട്ടിലെത്തി വിവാഹത്തിൽ നിന്ന് പിൻമാറിയില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെ ജനുവരി ഒന്നിന് നിശ്ചയിച്ച വിവാഹത്തിൽ നിന്ന് യുവാവ് പിൻമാറി. ഇതോടെയാണ് പെൺകുട്ടി അമിതമായി ഗുളിക കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്.
Leave a Reply