സ്ത്രീലമ്പടന്മാർ എവിടെയാണുള്ളതെന്ന് മുഖ്യമന്ത്രി കണ്ണാടി നോക്കി ചോദിക്കണം; മറുപടിയുമായി കെ.സി. വേണുഗോപാല്‍

സ്ത്രീലമ്പടന്മാർ എവിടെയാണുള്ളതെന്ന് മുഖ്യമന്ത്രി കണ്ണാടി നോക്കി ചോദിക്കണം; മറുപടിയുമായി കെ.സി. വേണുഗോപാല്‍

ന്യൂഡൽഹി: സ്ത്രീലമ്പടന്മാരും ലൈംഗിക വൈകൃതമുള്ളവരും ഉള്ളത് എവിടെയാണെന്ന് മുഖ്യമന്ത്രി കണ്ണാടിയില്‍ നോക്കി ചോദിക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുക ആയിരുന്നു അദ്ദേഹം. ഇത്തരം ആരോപണം ഉന്നയിക്കുന്ന മുഖ്യമന്ത്രി സ്വന്തം പാര്‍ട്ടിയിലെ മുഖങ്ങളെക്കൂടി ഓര്‍ക്കണം. യഥാര്‍ഥ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കുന്നതിന്‍റെ ഭാഗമാണ് ഇത്തരം പ്രതികരണം മുഖ്യമന്ത്രിയും സിപിഎമ്മും നടത്തുന്നതെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.

ശബരിമല സ്വര്‍ണ്ണക്കള്ളക്കടത്തുകാരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി ജനങ്ങളോട് സമാധാനം പറയണം. തെരഞ്ഞെടുപ്പിനെ ഈ വിഷയം ബാധിക്കില്ലെന്ന് പറയുന്നതിലൂടെ കൊള്ള നിര്‍ബാധം തുടരാമെന്നാണ് അദ്ദേഹം അർഥമാക്കുന്നതെങ്കില്‍ അത് വിശ്വാസി സമൂഹത്തോടുള്ള വെല്ലുവിളിയാണ്. രമേശ് ചെന്നിത്തല നല്‍കിയ പരാതിയില്‍ എസ്‌ഐടി നടപടികള്‍ പെട്ടെന്ന് മാറ്റിവെച്ചത് സര്‍ക്കാര്‍ ഭയപ്പെടുന്നത് കൊണ്ടാണ്.

സ്വന്തം ഘടകകക്ഷികളെ പോലും വഞ്ചിച്ചുകൊണ്ട് പിഎം ശ്രീ വിഷയത്തില്‍ തീരുമാനമെടുത്ത മുഖ്യമന്ത്രി ജോണ്‍ ബ്രിട്ടാസിനെ ന്യായീകരിക്കുന്നതില്‍ സിപിഐ മറുപടി പറയണം. പിഎം ശ്രീയുടെ കാര്യത്തില്‍ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. ബ്രിട്ടാസിനെ ന്യായീകരിച്ചതിലൂടെ അതില്‍ നിന്ന് പിന്‍മാറില്ലെന്ന സന്ദേശമാണ് മുഖ്യമന്ത്രി നല്‍കിയത്. മോദിയെ കാണുമ്പോള്‍ കവാത്ത് മറക്കുന്ന മുഖ്യമന്ത്രിയുടെ ഇത്തരം ഭരണപരാജയങ്ങള്‍ ജനം വിലയിരുത്തുകയും തിരഞ്ഞെടുപ്പില്‍ കൃത്യമായ മറുപടി നല്‍കുകയും ചെയ്യുമെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.

Comments

Leave a Reply

Your email address will not be published. Required fields are marked *