Blog

  • കുതിപ്പിനൊടുവിൽ യൂടേൺ അടിച്ച് സ്വർണവില; പവന് ഇന്ന് 160 രൂപ കുറഞ്ഞു

    കുതിപ്പിനൊടുവിൽ യൂടേൺ അടിച്ച് സ്വർണവില; പവന് ഇന്ന് 160 രൂപ കുറഞ്ഞു

    കുതിപ്പിനൊടുവിൽ യൂടേൺ അടിച്ച് സ്വർണവില; പവന് ഇന്ന് 160 രൂപ കുറഞ്ഞു

    സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. പവന് ഇന്ന് 160 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന്റെ വില 95,600 രൂപയായി. ഇന്നലെ പവന് 520 രൂപ വർധിച്ചിരുന്നു

    ഗ്രാമിന് 20 രൂപ കുറഞ്ഞ് 11,950 രൂപയിലെത്തി. ഏറ്റവും കുറഞ്ഞ പണിക്കൂലിയും ജി എസ് ടിയും ഹാൾമാർക്ക് ചാർജുമൊക്കെ ചേർത്ത് ഒരു പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ ഒരു ലക്ഷം രൂപയെങ്കിലും ഇന്ന് നൽകണം. 

    18 കാരറ്റ് സ്വർണത്തിനും വില ഇടിഞ്ഞിട്ടുണ്ട്. ഗ്രാമിന് 16 രൂപ കുറഞ്ഞ് 9778 രൂപയിലെത്തി. വെള്ളി വില ഉയർന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 187 രൂപയായി
     

  • സ്‌കൂളിലേക്കുള്ള യാത്രക്കിടെ 9ാം ക്ലാസ് വിദ്യാർഥിനിയെ കടന്നുപിടിച്ചു; കെഎസ്ആർടിസി കണ്ടക്ടർക്ക് 5 വർഷം തടവ്

    സ്‌കൂളിലേക്കുള്ള യാത്രക്കിടെ 9ാം ക്ലാസ് വിദ്യാർഥിനിയെ കടന്നുപിടിച്ചു; കെഎസ്ആർടിസി കണ്ടക്ടർക്ക് 5 വർഷം തടവ്

    സ്‌കൂളിലേക്കുള്ള യാത്രക്കിടെ 9ാം ക്ലാസ് വിദ്യാർഥിനിയെ കടന്നുപിടിച്ചു; കെഎസ്ആർടിസി കണ്ടക്ടർക്ക് 5 വർഷം തടവ്

    കെഎസ്ആർടിസി ബസിൽ വെച്ച് സ്‌കൂളിലേക്ക് പോകുകയായിരുന്ന ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ കടന്നുപിടിച്ച കണ്ടക്ടർക്ക് അഞ്ച് വർഷം തടവും 25,000 രൂപ പിഴയും ശിക്ഷ. വെമ്പായം വേറ്റിനാട് രാജ് ഭവനിൽ വീട്ടിൽ സത്യരാജിനെയാണ്(53) തിരുവനന്തപുരം പോക്‌സോ കോടതി ശിക്ഷിച്ചത്. 2023 ഓഗസ്റ്റ് 4നാണ് സംഭവം നടന്നത്

    സ്‌കൂളിൽ പോകുന്നതിനായി ബസിൽ കയറിയ പതിനാലുകാരിയെ കണ്ടക്ടർ കടന്നുപിടിക്കുകയായിരുന്നു. അബദ്ധത്തിൽ സംഭവിച്ചതാകാം എന്ന് കരുതി മാറി നിന്ന കുട്ടിയുടെ ശരീരത്തിൽ ഇയാൾ വീണ്ടും കയറി പിടിച്ചു. തുടർന്ന് കുട്ടി സ്‌കൂൾ അധികൃതരെ വിവരം അറിയിച്ചു

    സ്‌കൂൾ അധികൃതർ വിവരം ആര്യനാട് പോലീസിനെ അറിയിച്ചു. പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 13 സാക്ഷികളെ വിസ്തരിക്കുകയും 18 രേഖകൾ ഹാജരാക്കുകയും ചെയ്തു.
     

  • രാഹുൽ മാങ്കൂട്ടത്തിലിനെ ബംഗളൂരുവിലെത്തിച്ച മലയാളി ഡ്രൈവർ കസ്റ്റഡിയിൽ; ചോദ്യം ചെയ്യുന്നു

    രാഹുൽ മാങ്കൂട്ടത്തിലിനെ ബംഗളൂരുവിലെത്തിച്ച മലയാളി ഡ്രൈവർ കസ്റ്റഡിയിൽ; ചോദ്യം ചെയ്യുന്നു

    രാഹുൽ മാങ്കൂട്ടത്തിലിനെ ബംഗളൂരുവിലെത്തിച്ച മലയാളി ഡ്രൈവർ കസ്റ്റഡിയിൽ; ചോദ്യം ചെയ്യുന്നു

    ബലാത്സംഗ കേസ് പ്രതി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ബംഗളൂരുവിലെത്തിച്ച മലയാളി ഡ്രൈവർ പിടിയിൽ ജോസ് എന്നയാളെയാണ് കസ്റ്റഡിയിലെടുത്തത്. മലയാളിയായ ജോസ് ബംഗളൂരുവിലാണ് ജോലി ചെയ്യുന്നത്. ഇയാളെ കസ്റ്റഡിയിൽ ചോദ്യം ചെയ്തുവരികയാണ്

    വർഷങ്ങളായി റിയൽ എസ്‌റ്റേറ്റ് ബിസിനസുകാരന്റെ ഡ്രൈവറായി ജോലി ചെയ്യുകയാണ് ഇയാൾ. ജോസിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക കേന്ദ്രത്തിലേക്ക് അന്വേഷണ സംഘം എത്തിയത്. എന്നാൽ പോലീസ് എത്തുന്നതിന് മുമ്പ് ഇവിടെ നിന്നും രാഹുൽ മുങ്ങിയിരുന്നു

    വാഹനങ്ങളിൽ മാറി മാറി സഞ്ചരിക്കുന്ന രാഹുലിന് അവിടുത്തെ ആളുകളുടെ സഹായം ലഭിക്കുന്നുണ്ടെന്ന വിവരവും പുറത്തുവരുന്നുണ്ട്. എട്ടാം ദിവസവും രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ തുടരുകയാണ്.
     

  • കർണാടക ഗവർണറുടെ ചെറുമകന് നേരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ

    കർണാടക ഗവർണറുടെ ചെറുമകന് നേരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ

    കർണാടക ഗവർണറുടെ ചെറുമകന് നേരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ

    കർണാടക ഗവർണർ താവർചന്ദ് ഗെലോട്ടിന്റെ ചെറുമകൻ ദേവേന്ദ്ര ഗെലോട്ടിനെതിരെ സ്ത്രീധന പീഡനം, കൊലപാതക ശ്രമം, ഗാർഹിക പീഡനം തുടങ്ങിയ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഭാര്യ ദിവ്യ ഗെലോട്ട് രംഗത്ത്. ഭർതൃവീട്ടുകാർ ബലമായി പിടിച്ചുവെച്ചിരിക്കുന്ന നാല് വയസുള്ള മകളെ സുരക്ഷിതമായി തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് ദിവ്യ രേഖാമൂലം പോലീസിൽ പരാതി നൽകി

    ഭർത്താവ് ദേവന്ദ്ര ഗെലോട്ട്(33), മുൻ എംഎൽഎ കൂടിയായ ഭർതൃപിതാവ് ജിതേന്ദ്ര ഗെലോട്ട്, സഹോദരി ഭർത്താവ് വിശാൽ എന്നിവർ വർഷങ്ങളായി 50 ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ട് തന്നെ ഉപദ്രവിച്ച് വരികയാണെന്ന് ദിവ്യ പരാതിയിൽ പറയുന്നു. മദ്യപാനം, ലഹരി ഉപയോഗം അവിഹിത ബന്ധങ്ങൾ എന്നിവ വിവാഹത്തിന് മുമ്പ് ദേവേന്ദ്ര മറച്ചുവെച്ചതായും ദിവ്യ ആരോപിക്കുന്നു

    2018ലാണ് വിവാഹം നടന്നത്. 2021ൽ ഗർഭിണിയായ സമയത്ത് പീഡനം രൂക്ഷമായി. ഭക്ഷണം നിഷേധിക്കുകയും മർദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തു. പലപ്പോഴും മർദനത്തിൽ ഗുരുതരമായി പരുക്കേറ്റതായും ദിവ്യ പരാതിയിൽ പറയുന്നു.
     

  • കോഴിക്കോട് സൗത്ത് ബീച്ചിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കടൽഭിത്തിയിൽ കുടുങ്ങിയ നിലയിൽ

    കോഴിക്കോട് സൗത്ത് ബീച്ചിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കടൽഭിത്തിയിൽ കുടുങ്ങിയ നിലയിൽ

    കോഴിക്കോട് സൗത്ത് ബീച്ചിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കടൽഭിത്തിയിൽ കുടുങ്ങിയ നിലയിൽ

    കോഴിക്കോട് സൗത്ത് ബീച്ചിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മുഖദാർ സ്വദേശി ആസിഫ് ആണ് മരിച്ചത്. കടൽഭിത്തിയിലെ കല്ലിനടിയിൽ തല കുടുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്. 

    ഓട്ടോറിക്ഷ ഡ്രൈവറാണ് ആസിഫ്. വ്യാഴാഴ്ച രാവിലെ ബീച്ചിലെത്തിയവരാണ് കടൽഭിത്തിയിൽ മൃതദേഹം കണ്ടത്. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. 

    ആസിഫിനെ ബുധനാഴ്ച വൈകിട്ട് ബീച്ചിൽ കണ്ടിരുന്നതായി പരിസരവാസികൾ പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു
     

  • അമ്മയുടെ പ്രായമുള്ള സ്ത്രീകൾക്ക് വരെ രാഹുലിൽ നിന്ന് മോശം അനുഭവമുണ്ടായി: എംഎ ഷഹനാസ്

    അമ്മയുടെ പ്രായമുള്ള സ്ത്രീകൾക്ക് വരെ രാഹുലിൽ നിന്ന് മോശം അനുഭവമുണ്ടായി: എംഎ ഷഹനാസ്

    അമ്മയുടെ പ്രായമുള്ള സ്ത്രീകൾക്ക് വരെ രാഹുലിൽ നിന്ന് മോശം അനുഭവമുണ്ടായി: എംഎ ഷഹനാസ്

    മഹിളാ കോൺഗ്രസിൽ അമ്മയുടെ പ്രായമുള്ള സ്ത്രീകൾക്ക് വരെ രാഹുൽ മാങ്കൂട്ടത്തിലിൽ നിന്ന് മോശം അനുഭവമുണ്ടായിട്ടുണ്ടെന്ന് കെപിസിസി സംസ്‌കാര സാഹിതി ജനറൽ സെക്രട്ടറി എംഎ ഷഹനാസ്. രാഹുലിനെതിരെ പരാതി പറഞ്ഞപ്പോഴുള്ള ഷാഫി പറമ്പിലിന്റെ മൗനം പരിഹാസമായി തോന്നി. താൻ പറഞ്ഞത് കള്ളമാണെന്ന് ഷാഫി പറഞ്ഞാൽ തെളിവ് പുറത്തുവിടും

    പാർട്ടി നടപടിയെയും സൈബർ ആക്രമണങ്ങളെയും ഭയപ്പെടുന്നില്ലെന്നും ഷഹനാസ് പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഞാൻ പരാതിയൊന്നും കൊടുത്തിട്ടില്ല. രാഹുലിനെ പ്രതിരോധിക്കാൻ എനിക്ക് അന്നേ കഴിഞ്ഞിട്ടുണ്ട്. ഷാഫി പറമ്പിലിനോട് പറഞ്ഞ കാര്യങ്ങളാണ് ഇന്നലെ പങ്കുവെച്ചത്. 

    എന്ത് പരാതി കൊടുത്താലും യൂത്ത് കോൺഗ്രസിൽ നിന്ന് നീതി ലഭിക്കാറില്ല. രാഹുലിനെ പറ്റി ഷാഫിയോട് പരാതിയല്ല, അഭിപ്രായമാണ് പറഞ്ഞത്. അത് വകവെച്ചില്ല. അതിന് ശേഷം രാഹുൽ യൂത്ത് കോൺഗ്രസ് പ്രസിഡന്റും പാലക്കാട് എംഎൽഎയുമായി. 

    രാഹുൽ വലിയൊരു ക്രിമിനലാണ്. പല സ്ത്രീകൾക്കും മോശം മെസേജ് അയച്ചിട്ടുണ്ട്. കോൺഗ്രസിന്റെ ഭാഗമായതിനാലാണ് മിണ്ടാതിരുന്നത്. പരാതിയുമായി ഒരു സ്ത്രീയെങ്കിലും മുന്നോട്ടു വരണമെന്ന് ആഗ്രഹമായിരുന്നു. ഇന്നലെ വെളിപ്പെടുത്തൽ നടത്തിയതിന് പിന്നാലെ വിദേശത്ത് നിന്നടക്കം ഭീഷണി വരുന്നുണ്ടെന്നും എംഎ ഷഹനാസ് പറഞ്ഞു
     

  • രാഹുൽ മാങ്കൂട്ടത്തിൽ എട്ടാം ദിവസവും ഒളിവിൽ; പോലീസിൽ നിന്ന് വിവരങ്ങൾ ചോരുന്നതായി സംശയം

    രാഹുൽ മാങ്കൂട്ടത്തിൽ എട്ടാം ദിവസവും ഒളിവിൽ; പോലീസിൽ നിന്ന് വിവരങ്ങൾ ചോരുന്നതായി സംശയം

    രാഹുൽ മാങ്കൂട്ടത്തിൽ എട്ടാം ദിവസവും ഒളിവിൽ; പോലീസിൽ നിന്ന് വിവരങ്ങൾ ചോരുന്നതായി സംശയം

    ബലാത്സംഗ കേസ് പ്രതി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ എട്ടാം ദിവസവും ഒളിവിൽ തുടരുന്നു. രാഹുലിനെ തേടി പ്രത്യേക അന്വേഷണ സംഘം വയനാട്-കർണാടക അതിർത്തിയിൽ തെരച്ചിൽ നടത്തുകയാണ്. രാഹുൽ ഒളിച്ച് താമസിച്ച സ്ഥലങ്ങളിൽ നിന്ന് അന്വേഷണ സംഘം എത്തുന്നതിന് മുമ്പ് രക്ഷപ്പെടുന്നതിൽ പോലീസിന് സംശയമുണ്ട്

    പോലീസിൽ നിന്ന് രാഹുലിന് വിവരങ്ങൾ ചോരുന്നുണ്ടോയെന്നാണ് സംശയം. എസ് ഐ ടി നീക്കങ്ങൾ പൂർണമായും രഹസ്യ സ്വഭാവത്തിൽ വേണമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ നിർദേശം നൽകി. അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ കോടതിയിൽ കീഴടങ്ങുമെന്ന അഭ്യൂഹവും ശക്തമാണ്

    അതേസമയം രാഹുൽ മാങ്കൂട്ടത്തിലിനെതിരെ അച്ചടക്ക നടപടി വൈകുന്നതിൽ കോൺഗ്രസിൽ അമർഷം പുകയുകയാണ്. കോടതി തീരുമാനം കാത്തുനിൽക്കുന്നതിൽ ഒരു വിഭാഗം അതൃപ്തി രേഖപ്പെടുത്തി. എന്നാൽ കോടതി വിധി വരട്ടെ എന്ന നിലപാടിലാണ് കെപിസിസി നേതൃത്വം
     

  • വിവാഹദിനത്തിൽ അപകടം, ഐസിയുവിൽ വെച്ച് താലികെട്ട്; ഒടുവിൽ ആവണി ആശുപത്രി വിട്ടു

    വിവാഹദിനത്തിൽ അപകടം, ഐസിയുവിൽ വെച്ച് താലികെട്ട്; ഒടുവിൽ ആവണി ആശുപത്രി വിട്ടു

    വിവാഹദിനത്തിൽ അപകടം, ഐസിയുവിൽ വെച്ച് താലികെട്ട്; ഒടുവിൽ ആവണി ആശുപത്രി വിട്ടു

    വിവാഹദിനത്തിൽ അപകടത്തിൽപ്പെട്ട് ആശുപത്രിയിലായ ആലപ്പുഴ തുമ്പോളി സ്വദേശിനി ആവണി ആശുപത്രി വിട്ടു. വിവാഹ ദിനത്തിൽ നടന്ന അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നിശ്ചയിച്ച സമയത്ത് തന്നെ വരൻ ഷാരോൺ ആവണിയെ താലി കെട്ടിയിരുന്നു. ഐസിയുവിൽ വെച്ചായിരുന്നു താലികെട്ട്

    വലിയ പിന്തുണയാണ് ലഭിച്ചതെന്നും എല്ലാവരുടെയും പ്രാർഥനയാണ് കരുത്തായതെന്നും ആവണി പ്രതികരിച്ചു. കാലൊടിഞ്ഞിട്ടുണ്ടാകുമന്നാണ് ആദ്യം കരുതിയത്. കോട്ടയം മെഡിക്കൽ കോളേജിൽ എത്തിയപ്പോഴാണ് കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ടെന്ന് മനസിലായത്. പിന്നാലെയാണ് എറണാകുളം ലേക്ക് ഷോറിലേക്ക് കൊണ്ടുപോയത്. 

    കല്യാണമെന്ന് പറയുമ്പോൾ വലിയ താത്പര്യമുണ്ടായിരുന്നില്ല പരസ്പരം അഡ്ജസ്റ്റ് ചെയ്ത് മുന്നോട്ടു പോകാൻ കഴിയുമെന്നായിരുന്നു ചിന്ത. എന്നാൽ ആശുപത്രിയിൽ വെച്ച് താലി കെട്ടിയ നിമിഷത്തിലാണ് ലൈഫ് പാർട്ണർ എന്താണെന്നതിൽ വിശ്വാസം വരുന്നത്. ഷാരോണിനെ ലഭിച്ചത് ഭാഗ്യമാണെന്നും ആവണി പറഞ്ഞു
     

  • റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ ഇന്ന് ഇന്ത്യയിലെത്തും; ഡൽഹിയിൽ കനത്ത സുരക്ഷ

    റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ ഇന്ന് ഇന്ത്യയിലെത്തും; ഡൽഹിയിൽ കനത്ത സുരക്ഷ

    റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ ഇന്ന് ഇന്ത്യയിലെത്തും; ഡൽഹിയിൽ കനത്ത സുരക്ഷ

    റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ ഇന്ന് ഇന്ത്യയിലെത്തും. 23ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പുടിൻ പങ്കെടുക്കും. നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി പുടിൻ കൂടിക്കാഴ്ച നടത്തും. വൈകിട്ട് 7 മണിയോടെയാണ് പുടിൻ ഡൽഹിയിലെത്തുക

    ഇന്ന് പ്രധാനമന്ത്രിയുടെ അത്താഴ വിരുന്നിൽ പങ്കെടുക്കും. നാളെ രാജ് ഘട്ട് സന്ദർശനത്തിന് ശേഷം ഹൈദരാബാദ് ഹൗസിൽ നരേന്ദ്രമോദിയുമായി ചർച്ച നടക്കും. തന്ത്രപരമായ ഇടപാടുകളും ഉഭയകക്ഷി ബന്ധവും കൂടുതൽ ശക്തമാക്കാനുള്ള കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവെക്കും

    പുടിന്റെ സന്ദർശനത്തോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് ഡൽഹിയിൽ ഒരുക്കിയിരിക്കുന്നത്. റഷ്യയുടെ പ്രസിഡൻഷ്യൽ സെക്യൂരിറ്റി സർവീസിനൊപ്പം എൻഎസ്ജി കമാൻഡോകളും ചേർന്നാണ് സുരക്ഷ.
     

  • 150 സർവീസുകൾ റദ്ദാക്കി, ആയിരത്തിലേറെ വിമാനങ്ങൾ വൈകി; ഇൻഡിഗോയ്‌ക്കെതിരെ അന്വേഷണം

    150 സർവീസുകൾ റദ്ദാക്കി, ആയിരത്തിലേറെ വിമാനങ്ങൾ വൈകി; ഇൻഡിഗോയ്‌ക്കെതിരെ അന്വേഷണം

    150 സർവീസുകൾ റദ്ദാക്കി, ആയിരത്തിലേറെ വിമാനങ്ങൾ വൈകി; ഇൻഡിഗോയ്‌ക്കെതിരെ അന്വേഷണം

    ഇൻഡിഗോയ്‌ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നിരവധി വിമാനങ്ങൾ റദ്ദാക്കിയതിന് പിന്നാലെയാണ് അന്വേഷണം. സാങ്കേതിക വിഷയങ്ങൾ കാരണമാണ് വിമാന സർവീസുകൾ റദ്ദാക്കിയതെന്നാണ് കമ്പനി വിശദീകരണം. എന്നാൽ ജീവനക്കാരുടെ കുറവ് കാരണമെന്നാണ് അനൗദ്യോഗിക വിവരം

    ചെക്ക് ഇൻ സോഫ്റ്റ് വെയർ തകരാർ എയർ ഇന്ത്യ വിമാന സർവീസുകളെ ബാധിച്ചെന്ന വിവരവും വരുന്നുണ്ട്. 150 വിമാന സർവീസുകളാണ് ഇൻഡിഗോ റദ്ദാക്കിയത്. ആയിരത്തിലേറെ വിമാനങ്ങൾ വൈകി. സർവീസ് റദ്ദാക്കുന്നതും വൈകുന്നതും കുറയ്ക്കാനുള്ള നടപടികൾ എയർലൈനുമായി ചേർന്ന് ഡിജിസിഎ വിലയിരുത്തുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു

    സാങ്കേതിക തകരാർ, ശൈത്യകാലാവസ്ഥയുമായി ബന്ധപ്പെട്ട ഷെഡ്യൂൾ മാറ്റം, പ്രതികൂല കാലാവസ്ഥ, യാത്രക്കാരുടെ തിരക്ക് തുടങ്ങി ഒട്ടേറെ അപ്രതീക്ഷിത കാരണങ്ങൾ കൊണ്ടാണ് വിമാനങ്ങൾ വൈകുന്നതെന്നാണ് ഇൻഡിഗോ അറിയിച്ചത്. 

    ഇൻഡിഗോയുടെ മാലി-കൊച്ചി, ബംഗളൂരു-കൊച്ചി, ചെന്നൈ-കൊച്ചി, ഹൈദരാബാദ്-കൊച്ചി, അഹമ്മദാബാദ്-കൊച്ചി, ഡൽഹി-കൊച്ചി തുടങ്ങിയ സർവീസുകളും തിരിച്ചുള്ള വിമാനങ്ങളും മണിക്കൂറുകളോളം വൈകി. വാരണാസി-കൊച്ചി, ഹൈദരാബാദ്-കൊച്ചി, ലക്‌നൗ-കൊച്ചി സർവീസുകൾ റദ്ദാക്കി. മുംബൈയിൽ 32 സർവീസുകളും ബംഗളൂരുവിൽ 20 സർവീസുകളും റദ്ദാക്കി.