Blog

  • തണൽ തേടി: ഭാഗം 66

    തണൽ തേടി: ഭാഗം 66

    എഴുത്തുകാരി: റിൻസി പ്രിൻസ്‌

    അത് പറഞ്ഞപ്പോഴേക്കും അവൾ കരഞ്ഞു പോയിരുന്നു. ആ വാക്കുകൾ കേൾക്കേ ഒരു വല്ലാത്ത അനുഭവമാണ് അവന് തോന്നിയത്.. അവൻ പെട്ടെന്ന് അവളുടെ താടിയിൽ പിടിച്ച് ഉയർത്തി ആ നിറഞ്ഞ കണ്ണുകളിൽ നോക്കി പറഞ്ഞു ഞാൻ ഉള്ളപ്പോൾ ഒറ്റയ്ക്കാകുമോ ..? ആ സമാധാനത്തിലാണ് ഞാൻ ഇപ്പോഴും ജീവിക്കുന്നത് തന്നെ…. പറഞ്ഞതിനോടൊപ്പം തന്നെ ആ സ്വരം ഇടറുകയും കണ്ണുകൾ നിറയുകയും ചെയ്തിരുന്നു. ആരും കാണാതെ അവൻ അവളുടെ കണ്ണുകൾ തന്റെ കൈവിരൽ തുമ്പിനാൽ ഒപ്പി കൊടുത്തു. ശേഷം ആ മുഖത്തേക്ക് നോക്കിക്കൊണ്ട് പതിവായി ചെയ്യുന്നതുപോലെ കണ്ണ് രണ്ടും ചിമ്മി കാണിച്ചു. ഞാൻ ഉള്ളടത്തോളം ഒറ്റയ്ക്ക് അല്ല.. ചിരിയോടെ പറഞ്ഞു, ആ വാക്കുകൾ കേൾക്കേ സന്തോഷത്തിനൊപ്പം സങ്കടവും വന്നു. “ഞാൻ ഉള്ളടത്തോളം ” ഇല്ലാതെ ആയാൽ ഞാൻ പിന്നെയില്ല എന്ന് പറയണം എന്ന് തോന്നി നീ ഇത് എവിടെ പോയതാഡാ.? വാതിൽക്കൽ സാലിയുടെ സ്വരം കേട്ടപ്പോഴാണ് പെട്ടെന്ന് അവൻ അവളുടെ അരികിൽ നിന്നും അല്പം മാറി നിന്നത്… അത് ഒരു അത്യാവശ്യ കാര്യത്തിന് വേണ്ടി പോയത് ആണ്.. അവൻ പറഞ്ഞു. കല്യാണ ദിവസമായിട്ട് നിനക്ക് അടങ്ങിയിരിക്കാൻ വയ്യേ രൂക്ഷമായി അവന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് താൻ ചോദിച്ചപ്പോൾ അവൻ ഒന്നും പറയാതെ അകത്തേക്ക് കയറിയിരുന്നു. നേരത്തെ കിടന്നുറങ്ങാൻ നോക്ക് പിള്ളേരേ….രാവിലെ മുതൽ ഒരേ നിൽപ്പ് ആയി മനുഷ്യൻ വയ്യാണ്ട് ആയിട്ടുണ്ട്… . സാലി പറഞ്ഞു അവൾ ഉടനെ തന്നെ സാലി കാണാതെ മുഖം ഒന്ന് അമർത്തിത്തുടച്ച് അകത്തേക്ക് കയറിയിരുന്നു. സാലിയ്ക്ക് മുഖം കൊടുക്കാതെ അവളും നേരെ പോയത് മുറിയിലേക്ക് ആണ്… ചെന്നപ്പോൾ ആള് ഷർട്ട് ഒക്കെ മാറി ലുങ്കിയും ഉടുത്ത് തോളിലൂടെ ഒരു തോർത്തും ചുറ്റി കുളിക്കാൻ പോകാനുള്ള തയ്യാറെടുപ്പിലാണ്… ഒരു ദിവസം ഒരു നാല് തവണയെങ്കിലും ആൾ കുളിക്കും. അതേപോലെ വിയർക്കുന്ന ശരീരവും ആണ്. ഇവിടെ വന്നതിനു ശേഷം താനത് മനസ്സിലാക്കിയതാണ്. ഇതെന്താ ഈ സമയത്ത് പിന്നെയും കുളിക്കാൻ പോവാണോ.? അവൾ അവന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് ചോദിച്ചു. ഇനിയിപ്പോൾ കുളിക്കാതെ ഭയങ്കര ബുദ്ധിമുട്ടാണ് വിയർത്തു. അവൻ ബാത്റൂമിൽ കുളിക്കാതെ പുറത്തേക്ക് പോകുന്നത് കണ്ടപ്പോൾ അവൾ അവന്റെ മുഖത്തേക്ക് നോക്കി. ഇവിടെ കുളിച്ചു കൂടെ.? ഞാൻ ആ കനാലിൽ പോയി ഒന്ന് മുങ്ങി നിവർന്നിട്ട് വരാം… വേണ്ട.. ഈ സമയത്ത് അവള് പേടിയോടെ അവന്‍റെ മുഖത്തേക്ക് നോക്കി പറഞ്ഞു. അതെന്താ..? അവൻ പുരികം പൊക്കി ചോദിച്ചു ആരെങ്കിലും അവിടെ പതുങ്ങി ഇരിക്കുവാ മറ്റൊ ഉണ്ടെങ്കിലോ.? എന്റെ കൊച്ചെ അവരെല്ലാവരും പോയി. ഇനിയിപ്പോ അവിടെ ആരെങ്കിലും ഉണ്ടെങ്കിൽ ഞാൻ നോക്കിക്കോളാം.. അതൊന്നും ഓർത്ത് പേടിക്കേണ്ട… പിന്നെ താൻ വരുന്നതിനുമുമ്പ് ഞാൻ എല്ലാ ദിവസവും കിടക്കുന്നതിനു മുമ്പ് കനാലിൽ പോയി കുളിച്ചിട്ട ഞാൻ വന്നു കിടക്കുന്നത്. താൻ വന്നു കഴിഞ്ഞെ പിന്നെ മാറിയതാ ശീലം… തന്നെ ഇവിടെ ഒറ്റയ്ക്ക് ആക്കിയിട്ട് പോയാൽ ആരെങ്കിലും എന്തേലും പറയുമോ എന്ന് ഓർത്തു. ഞാൻ ഒന്ന് കുളിച്ചിട്ട് വരാം എത്ര ദിവസമായി എന്നറിയോ ഒന്ന് മുങ്ങി കുളിച്ചിട്ട്… അവളുടെ മുഖത്ത് നിലനിൽക്കുന്ന പരിഭ്രമം കണ്ടതും അവളുടെ മുഖത്തേക്ക് നോക്കി ഏറെ ആർദ്രമായി അവൻ പറഞ്ഞു… പേടിക്കേണ്ട ഞാൻ പെട്ടെന്ന് വരാം, താൻ ഭക്ഷണം എടുത്ത് വയ്ക്ക്…. തലയാട്ടി സമ്മതിച്ചവൾ പുറത്തേക്ക് പോയി. കുറച്ചുസമയം അവളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു തനിക്ക് വേണ്ടി ആ മുഖത്ത് ആധി യും ആവലാതികളും ഒക്കെ നിറയുന്നത് കണ്ടപ്പോൾ അവന് വല്ലാത്തൊരു സന്തോഷം തന്നെയാണ് തോന്നിയത്. അവൻ പറഞ്ഞതുപോലെ വളരെ പെട്ടെന്ന് തന്നെ തിരികെ വരുകയും ചെയ്തു. അവൻ തിരികെ വരുന്നത് വരെ അവൾക്ക് വല്ലാത്ത ഒരു ഭയമായിരുന്നു. അവനെ കണ്ടു കഴിഞ്ഞപ്പോഴാണ് സമാധാനമായത്.. സാലിയും ആനിയും സിനിയും എല്ലാവരും നേരത്തെ കഴിച്ചിരുന്നു. ഇനി കഴിക്കാൻ ബാക്കിയുള്ളത് സെബാസ്റ്റ്യനും അവളും മാത്രമാണ്. ഭക്ഷണം കഴിക്കാൻ തോന്നിയില്ലെങ്കിലും അവന്റെ ഒപ്പം അവളും ഇരുന്നു. ഉച്ചയ്ക്കത്തെ ഭക്ഷണം തന്നെ ബാക്കി വന്നത് ആണ് വീട്ടിലേക്ക് എടുത്തുകൊണ്ടു വന്നത് . ബിരിയാണി കഴിക്കാൻ മടിയുള്ളതുകൊണ്ട് അവൾ ഒരു പാലപ്പവും കുറച്ച് ബീഫ് കറിയും ആണ് എടുത്തത്. ഒരു ദിവസം ഒന്നിൽ കൂടുതൽ തവണ ബിരിയാണി കഴിക്കുന്നതിനോട് പൊതുവേ താല്പര്യമില്ലാത്ത കൂട്ടത്തിൽ ആണ് അവൾ.. ഭക്ഷണം എല്ലാം കഴിഞ്ഞ് സെബാസ്റ്റ്യൻ കഴിച്ച പ്ലേറ്റും കഴുകി അവൾ അടുക്കളയിൽ നിന്നും പോകാൻ ഒരുങ്ങിയപ്പോഴാണ് സാലി അവിടേക്ക് വരുന്നത്. നിനക്ക് ഇതുവരെ കിടക്കാറായില്ലേ കൊച്ചേ.? ഉറക്കക്ഷീണം ഒന്നുമില്ലയോ.? പോയി കിടക്കാൻ നോക്ക്. അവൻ ഏതായാലും നാളെ ബസ്സിൽ ഒന്നും പോകണ്ടല്ലോ. അതുകൊണ്ട് നേരത്തെ എഴുന്നേറ്റ് വരാൻ ഒന്നും നിൽക്കണ്ട. നല്ല ക്ഷീണം കാണും. അവർ പറഞ്ഞപ്പോൾ അവൾ തലയാട്ടിക്കൊണ്ട് പുറത്തേക്ക് പോയി. ഈ ആദ്യരാത്രിയിലെ പാലിന്റെ പരിപാടിയൊന്നും ഇവിടെയില്ലന്ന് ഒരു നിമിഷം അവൾ ഓർത്തു. സിനിമയിലൊക്കെ അങ്ങനെയാണ് കണ്ടിട്ടുള്ളത്. ഇനി ക്രിസ്ത്യൻ കല്യാണത്തിൽ പാല് കൊടുത്തു വിടുന്ന രീതി ഒന്നുമില്ലേ എന്ന് ചിന്തിച്ചു. എങ്കിലും ആരും അതിനെപ്പറ്റി പറയാത്തത് കൊണ്ട് അവൾ മുറിയിലേക്ക് ചെന്നു. പെട്ടെന്ന് ഹൃദയം വല്ലാതെ ഇടിക്കാൻ തുടങ്ങി. ആദ്യമായാണ് ഒരു പുരുഷന്റെ ഒപ്പം ഒറ്റയ്ക്ക് ഒരു മുറിയിൽ. അതിപ്പോൾ എത്ര പ്രിയപ്പെട്ട ആളാണെന്ന് പറഞ്ഞാലും, ഒരു പരിഭ്രമം മനസ്സിൽ നിറയുമല്ലോ. അവൾ മുറി തുറന്നപ്പോൾ സെബാസ്റ്റ്യൻ ജനലൊക്കെ തുറന്നിടുന്ന തിരക്കിലാണ്. ഒപ്പം ഫോണിലും ആണ് ശരി ശിവ അണ്ണാ ഞാൻ നാളെ വിളിക്കാം അവളുടെ സാന്നിധ്യം അറിഞ്ഞതും അവൻ ഫോൺ കട്ട് ചെയ്തു. കുറച്ചു വെള്ളം കൂടി എടുത്തു കൊണ്ടു വാ അവൻ പറഞ്ഞപ്പോൾ അവൾ തലയാട്ടി. ഡൈനിങ് ടേബിളിന്റെ പുറത്തിരുന്ന് ജഗ്ഗുമായി അകത്തേക്ക് വന്നു. അവളുടെ കയ്യിൽ നിന്നും ആ ജഗ് വാങ്ങി അകത്തെ മേശപ്പുറത്തേക്ക് വച്ചതിനുശേഷം അവൻ തന്നെ കതകടച്ചു. ഹൃദയം പെരുമ്പറ മുഴക്കുന്നത് പോലെ അവൾക്ക് തോന്നി.. ഞാനീ ബനിയൻ ഊരിക്കോട്ടെ.? ഇത് ഇട്ട് കിടന്നാൽ എനിക്ക് ഉറക്കം വരില്ല. തനിക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ.? അല്പം ചമ്മലോടെ ഇട്ടിരിക്കുന്ന ഇന്നർ ബെന്നിയൻ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ആളുടെ ചോദ്യം. അവൾ ഇല്ല എന്ന് തലയാട്ടി കാണിച്ചു. ആ നിമിഷം തന്നെ അവൻ ബനിയൻ ഊരി. രോമാവൃതമായി അവന്റെ ശരീരം കണ്ടപ്പോൾ തന്നെ അവൻ ഒരു കഠിനാധ്വാനി ആണെന്ന് അവൾക്ക് മനസ്സിലായിരുന്നു. എങ്കിലും ഒരുപാട് നേരം അങ്ങനെ നോക്കി നിന്നില്ല. ആൾക്ക് എന്തെങ്കിലും ചമ്മല് തോന്നിയാലോ എന്ന് വിചാരിച്ച് പെട്ടെന്ന് കട്ടിലിലേക്ക് ഇരുന്നു. ബനിയൻ ഊരി ഹാങ്ങറിലേക്ക് ഇട്ടതിനു ശേഷം ആളും അടുത്തു വന്നിരുന്നു. പെട്ടെന്ന് ലക്സ് സോപ്പിന്റെയും കുട്ടികുറ പൗഡറിന്റെയും സമിശ്രമായ മണം.. അവന്റെ ശരീരത്തിൽ നിന്നാണ്, ഹൃദയമിടിപ്പ് കൂടുന്നത് അവൾ അറിഞ്ഞു….തുടരും

    മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

  • ശബരിമല സ്വർണക്കൊള്ള: തന്ത്രിമാരായ കണ്ഠരര് മോഹനരുടെയും രാജീവരുടെയും മൊഴിയെടുത്തു

    ശബരിമല സ്വർണക്കൊള്ള: തന്ത്രിമാരായ കണ്ഠരര് മോഹനരുടെയും രാജീവരുടെയും മൊഴിയെടുത്തു

    ശബരിമല സ്വർണക്കൊള്ള: തന്ത്രിമാരായ കണ്ഠരര് മോഹനരുടെയും രാജീവരുടെയും മൊഴിയെടുത്തു

    ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രിമാരുടെ മൊഴിയെടുത്ത് അന്വേഷണ സംഘം. കണ്ഠരര് രാജീവരുടെയും കണ്ഠരര് മോഹനരുടെയും മൊഴി എസ്‌ഐടി രേഖപ്പെടുത്തി. ഇരുവരും എസ്‌ഐടി ഓഫീസിലെത്തിയാണ് മൊഴി നൽകിയത്. ശബരിമലയിലെ മുതിർന്ന തന്ത്രിമാരെന്ന നിലയിലാണ് ഇരുവരുടെയും മൊഴിയെടുത്തത്. 

    ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയാമെന്ന് തന്ത്രിമാർ മൊഴി നൽകി. സ്വർണപ്പാളിയിൽ അനുമതി നൽകിയത് ഉദ്യോഗസ്ഥർ പറഞ്ഞതു പ്രകാരമാണെന്നും ദൈവഹിതം നോക്കി അനുമതി നൽകുക മാത്രമാണ് തന്ത്രിമാരുടെ ചുമതലയെന്നുമാണ് മൊഴി. 

    ദ്വാരപാലക ശിൽപം സ്വർണം പൂശിയതുമായി ബന്ധപ്പെട്ട് മുരാരി ബാബു പറയുന്നത് കള്ളമെന്നായിരുന്നു കണ്ഠരര് രാജീവര് നേരത്തെ പറഞ്ഞിരുന്നത്. സ്വർണം പൂശാനായി ഇവ ചെന്നൈയിൽ കൊണ്ടുപോകാൻ താൻ അനുമതി കൊടുത്തിട്ടില്ലെന്നും തന്ത്രി പറഞ്ഞിരുന്നു.
     

  • സുബീൻ ഗാർഗിന്റെ മരണം കൊലപാതകമെന്ന് അസം മുഖ്യമന്ത്രി; സിബിഐ അന്വേഷണമെന്ന ആവശ്യം തള്ളി

    സുബീൻ ഗാർഗിന്റെ മരണം കൊലപാതകമെന്ന് അസം മുഖ്യമന്ത്രി; സിബിഐ അന്വേഷണമെന്ന ആവശ്യം തള്ളി

    സുബീൻ ഗാർഗിന്റെ മരണം കൊലപാതകമെന്ന് അസം മുഖ്യമന്ത്രി; സിബിഐ അന്വേഷണമെന്ന ആവശ്യം തള്ളി

    ഗായകൻ സുബീൻ ഗാർഗിന്റെ മരണം ആക്‌സ്മികമല്ലെന്നും കൊലപാതകമാണെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. സുബീൻ ഗാർഗിന്റെ കൊലപാതകത്തിന് പിന്നിലെ കാരണം സംസ്ഥാനത്തെ തന്നെ ഞെട്ടിക്കുമെന്നും നിയമസഭയിൽ മുഖ്യമന്ത്രി പറഞ്ഞു. കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ ഹിമന്ത തയ്യാറായില്ല

    സുബീൻ ഗാർഗിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയർത്തിയ വിമർശനങ്ങൾക്ക് മറുപടി നൽകുകയായിരുന്നു ഹിമന്ത ബിശ്വ ശർമ. സിംഗപ്പൂരിൽ വെച്ച് സ്‌കൂബ ഡൈവിംഗിനിടെയാണ് സുബീൻ ഗാർഗ് മരിക്കുന്നത്. സുബിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം മുഖ്യമന്ത്രി തള്ളി

    ബോളിവുഡ്, അസമീസ് ഗാനങ്ങളിലൂടെ പ്രശസ്തനായ സുബീൻ ഗാർഗ് സെപ്റ്റംബർ 19നാണ് മരിക്കുന്നത്. നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവൽ പരിപാടിക്കായാണ് സിംഗപ്പൂരിൽ അദ്ദേഹം എത്തിയത്. സുബീന്റെ മരണവുമായി ബന്ധപ്പെട്ട് ഏഴ് പേർ ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്.
     

  • വരും ജന്മം നിനക്കായ്: ഭാഗം 71

    വരും ജന്മം നിനക്കായ്: ഭാഗം 71

    രചന: ശിവ എസ് നായർ

    “അഖിലേട്ടന് എന്നോട് എത്രത്തോളം സ്നേഹം ഉണ്ടെന്ന് എനിക്കറിയാം. പക്ഷേ നമ്മൾ ഒരുമിച്ചുള്ള ഒരു ജീവിതം ഇനി നടക്കില്ല അഖിലേട്ടാ. ഈ ജന്മം നമുക്ക് ഒന്നുചേരാൻ വിധിയില്ല.” ഗായത്രിയുടെ സ്വരം ശാന്തമായിരുന്നു. “വീണ്ടും വീണ്ടും നീ എന്നെ വിഷമിപ്പിക്കുകയാണോ ഗായു.” അഖിലിന്റെ ശബ്ദം ഇടറി. “അഖിലേട്ടനെ ഞാൻ മനപൂർവം വേദനിപ്പിക്കുന്നതല്ല. അഖിലേട്ടന്റെ അമ്മയുടെ അനുഗ്രഹമില്ലാതെ ഒന്ന് ചേർന്നാലും നമുക്ക് സമാധാനത്തോടെ ജീവിക്കാൻ കഴിയില്ല. ജനിച്ചു വളർത്തിയ അമ്മയുടെ ശാപം വാങ്ങിക്കൊണ്ട് നമുക്ക് ഒരുമിച്ച് ഒരു ജീവിതം വേണ്ട അഖിലേട്ടാ. ആദ്യത്തെ പോലെ സമാധാനം ഇല്ലാത്ത ഒരു ജീവിതം രണ്ടാമതും ജീവിക്കാൻ എന്നെക്കൊണ്ടാവില്ല.” ഗായത്രി തന്റെ മനസ്സ് തുറക്കാൻ തന്നെ തീരുമാനിച്ചു. “നീ ഇത് എന്തൊക്കെയാ ഗായു പറയുന്നത്.?” അഖിൽ വിഷമത്തോടെ അവളെ നോക്കി. “അഖിലേട്ടന്റെ അമ്മയ്ക്കും അനിയത്തിക്കും എന്നെ ഒരിക്കലും ഉൾക്കൊള്ളാൻ കഴിയില്ല. ഞാനിത് പറയാൻ കാരണം കുറച്ചു ദിവസം മുൻപ് അവർ എന്നെ വിളിച്ചിരുന്നു. ഒരിക്കലും ഞാൻ ഏട്ടന്റെ ജീവിതത്തിലേക്ക് കടന്നു വരാൻ ശ്രമിക്കരുതെന്നാണ് അന്ന് അഖിലേട്ടന്റെ അമ്മ എന്നോട് പറഞ്ഞത്. അഖിലേട്ടന്റെ അമ്മ അങ്ങനെ പറഞ്ഞാലും ഇല്ലെങ്കിലും അങ്ങനെ ഒരു ഉദ്ദേശം എന്റെ മനസ്സിൽ ഇതുവരെ ഉണ്ടായിട്ടില്ല ഇനി ഉണ്ടാകാനും പോകുന്നില്ല. എന്നെപ്പോലൊരു പെണ്ണിനെ മരുമകളായി സ്വീകരിക്കാൻ അവർക്ക് കഴിയില്ല. അതുകൊണ്ട് തന്നെ അഖിലേട്ടന്റെ അമ്മയുടെ വാക്ക് ധിക്കരിച്ച് ഞാൻ അഖിലേട്ടനോടൊപ്പം ജീവിക്കാൻ ശ്രമിച്ചാൽ നമുക്ക് ഒരിക്കലും സമാധാനം നിറഞ്ഞ ഒരു ജീവിതം കിട്ടില്ല. ശിവപ്രസാദുമായുള്ള എന്റെ കല്യാണം ഗൗരിക്ക് വേണ്ടി എന്റെ അച്ഛനും അമ്മയും വേറെ നിവൃത്തിയില്ലാതെ നടത്തിയതാണ്. ആ ലൈഫുമായി ഞാൻ പൊരുത്തപ്പെടാൻ ശ്രമിച്ചിട്ടും ശിവപ്രസാദിനൊപ്പമുള്ള ജീവിതം സന്തോഷത്തോടെ പോയതുമില്ല. അതുപോലെ അഖിലേട്ടന്റെ അമ്മയുടെ അനുഗ്രഹമില്ലാതെ നമ്മൾ ഒരുമിച്ച് ഒരു ജീവിതം തുടങ്ങിയതിന് ശേഷം നമ്മുടെ ജീവിതവും പകുതിക്ക് വെച്ച് പിരിഞ്ഞു പോകുന്നത് എനിക്ക് ചിന്തിക്കാൻ പോലും കഴിയില്ല. അങ്ങനെ ഒരുമിച്ച ശേഷം എന്തെങ്കിലും കാരണം കൊണ്ട് പിരിയുന്നതിനേക്കാൾ നല്ലത് നമ്മൾ ഒരുമിക്കാതിരിക്കുന്നതാണ്. ആദ്യമൊക്കെ കുറച്ച് സങ്കടം ഉണ്ടാകും. എങ്കിലും പിന്നീട് പതിയെ പതിയെ അത് മാറിക്കോളും. മാതാപിതാക്കളുടെ അനുഗ്രഹവും അവരുടെ പിന്തുണയും ഇല്ലാതെ നമുക്ക് നല്ലൊരു ജീവിതം ജീവിക്കാൻ കഴിയില്ല അഖിലേട്ടാ. എല്ലാവരെയും വെറുപ്പിച്ചു കൊണ്ട് നമുക്കൊരു ജീവിതം വേണ്ട. എന്തൊക്കെ സംഭവിച്ചാലും എന്റെ ഈ തീരുമാനത്തിന് ഒരിക്കലും ഒരു മാറ്റവും ഉണ്ടാവില്ല. നമ്മൾ വിവാഹിതരാകാതിരിക്കുന്നതാണ് നല്ലത്. അഖിലേട്ടന്റെ അമ്മയ്ക്കും അനിയത്തിക്കും എന്നെ ഒരിക്കലും ഒരു രീതിയിലും ഉൾകൊള്ളാൻ സാധിക്കില്ലെന്ന് അവർ വ്യക്തമാക്കി കഴിഞ്ഞു. എന്നെ പോലൊരു പെണ്ണിനെ അല്ല അവർ മരുമകളായി കാണാൻ ആഗ്രഹിക്കുന്നത്. അതുകൊണ്ട് അവർക്ക് ഇഷ്ടമില്ലാത്ത ഒരു ജീവിതത്തെ കുറിച്ച് അഖിലേട്ടൻ ചിന്തിക്കരുത്.” തന്റെ ഉള്ളിലെ സങ്കടം മറച്ച് പുറമേ പുഞ്ചിരിക്കാൻ ഗായത്രി ശ്രമിച്ചു. “ഗായു… അമ്മയെയും അഞ്ജുവിനെയും പറഞ്ഞ് സമ്മതിപ്പിക്കുന്ന കാര്യം ഞാനേറ്റു. ഇതിന്റെ പേരിൽ നീ എന്നിൽ നിന്നും അകന്ന് പോകരുത്. നിന്നെ നഷ്ടപ്പെടുന്നതിനെ കുറിച്ച് എനിക്ക് ചിന്തിക്കാൻ പോലും കഴിയില്ല.” അഖിൽ അവളുടെ കരങ്ങൾ കവർന്നു. “അഖിലേട്ടൻ കല്യാണം കഴിക്കാതിരുന്നാൽ പോലും അവർക്ക് വിഷമമില്ലെന്നും പകരം എന്നെ ഭാര്യയായി കൊണ്ടു വന്നാൽ ആണ് ഉൾക്കൊള്ളാൻ കഴിയാത്തതെന്നും അഖിലേട്ടന്റെ അമ്മ എന്നോട് വെട്ടി തുറന്നു പറഞ്ഞതാണ്. അങ്ങനെയുള്ള അമ്മയും അനിയത്തിയെയും എന്ത് പറഞ്ഞാണ് അഖിലേട്ടൻ സമ്മതിപ്പിക്കുക.? ആത്മഹത്യാ ഭീഷണി മുഴക്കുമോ?” അവളുടെ ചോദ്യത്തിന് മുമ്പിൽ അഖിൽ ഒരു നിമിഷം പതറി. “നീയെന്താ ഗായു ഇങ്ങനെയൊക്കെ പറയുന്നത്? ഞാൻ നിന്നെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് നിനക്കറിയാവുന്നതല്ലേ. നിന്നെ പിരിഞ്ഞൊരു ജീവിതം ഇനി എനിക്ക് ചിന്തിക്കാൻ കൂടി കഴിയുന്നതല്ല. അമ്മയുടെ കാല് പിടിച്ചിട്ടായാലും ഞാൻ സമ്മതം വാങ്ങിച്ചെടുക്കും. അല്ലാതെ ആത്മഹത്യാ ഭീഷണി ഒന്നും ഞാൻ മുഴക്കില്ല. പരമാവധി അമ്മയെ കാര്യം പറഞ്ഞ് മനസ്സിലാക്കാൻ ഞാൻ ശ്രമിക്കും.” അഖിൽ തളർന്ന സ്വരത്തിൽ പറഞ്ഞു. “അഖിലേട്ടൻ എങ്ങനെയെങ്കിലും അമ്മയുടെ സമ്മതം നേടിയെടുത്തു എന്ന് തന്നെ ഇരിക്കട്ടെ പക്ഷേ അതൊരിക്കലും അമ്മ പൂർണ്ണ മനസ്സോടെ അംഗീകരിക്കുന്നതാവില്ല. അതുകൊണ്ട് ഇനി ഒരിക്കലും നമ്മൾ ഒരുമിച്ചുള്ള ഒരു ജീവിതം അഖിലേട്ടൻ സ്വപ്നം കാണരുത്. ഇതുവരെയുള്ള എന്റെ ജീവിതം എങ്ങനെയായിരുന്നുവെന്ന് അഖിലേട്ടന് അറിയാവുന്നതല്ലേ. അതുകൊണ്ട് ഇനിയുള്ള ജീവിതത്തിലെങ്കിലും സമാധാനം വേണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. ഒരു സുഹൃത്തായിട്ട് എങ്കിലും അഖിലേട്ടൻ എന്റെ ജീവിതത്തിൽ ഉണ്ടായിരുന്നാൽ മതി. അതിനപ്പുറം ഞാൻ ഒന്നും ആഗ്രഹിക്കുന്നില്ല. ഒരിക്കലും അഖിലേട്ടനെ വിഷമിപ്പിക്കാൻ വേണ്ടിയല്ല ഞാൻ ഇങ്ങനെ ഒരു തീരുമാനമെടുത്തത്. ഒത്തിരി ആലോചിച്ചതിനു ശേഷമാണ് ഞാൻ ഈ തീരുമാനത്തിൽ എത്തിച്ചേർന്നത്. അഖിലേട്ടന് എന്നോട് എത്രത്തോളം സ്നേഹമുണ്ടെന്ന് എനിക്കറിയാം. പക്ഷേ മുന്നോട്ടുള്ള നമ്മുടെ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകണമെങ്കിൽ ഈ വേർപിരിയൽ അനിവാര്യമാണ്. ശിവപ്രസാദിൽ നിന്ന് ഡിവോഴ്സ് വാങ്ങുമ്പോൾ ഒരിക്കലും അഖിലേട്ടന്റെ ജീവിതത്തിലേക്ക് വീണ്ടും മടങ്ങി വരണമെന്ന് ഞാൻ മനസ്സിൽ പോലും ചിന്തിച്ചിരുന്നില്ല. ഇപ്പോഴും എപ്പോഴും അങ്ങനെ ഒരു ആഗ്രഹം ഇനി എന്റെ മനസ്സിൽ ഉണ്ടാവുകയുമില്ല. ഒരിക്കൽ അഖിലേട്ടന്റെ ഭാര്യ ആവാൻ ഞാൻ ഒത്തിരി ആഗ്രഹിച്ചിരുന്നു. പക്ഷേ അന്നത് നടന്നില്ല. ഇപ്പോൾ ഈ ജീവിതവുമായി ഞാൻ ഏകദേശം പൊരുത്തപ്പെട്ട് കഴിഞ്ഞു. അഖിലേട്ടന്റെ വീട്ടുകാരുടെ വെറുപ്പ് സമ്പാദിച്ചു കൊണ്ട് നമുക്ക് ഒരുമിച്ച് ജീവിക്കണ്ട. അങ്ങനെ ജീവിക്കാൻ തുടങ്ങിയാൽ ഒരിക്കലും നമ്മുടെ ലൈഫിൽ സന്തോഷം ഉണ്ടാകില്ല. എന്റെ ഈ തീരുമാനത്തിൽ ഒരിക്കലും മാറ്റമുണ്ടാകില്ല. അതുകൊണ്ടുതന്നെ എന്നെ ഓർത്ത് ഈ ജീവിതം നശിപ്പിക്കരുത് എന്നൊരു അപേക്ഷ മാത്രമേ എനിക്കുള്ളൂ. ഒക്കെ മറക്കാനും മറ്റൊരു കുട്ടിയെ സ്വീകരിക്കാനും മനസ്സ് പാകമാകുമ്പോൾ പുതിയൊരു ജീവിതത്തെക്കുറിച്ച് ചിന്തിക്കണം.” ഗായത്രിയുടെ വാക്കുകൾക്ക് വല്ലാത്തൊരു ഉറപ്പുണ്ടായിരുന്നു. “ഒരിക്കൽ ഞാൻ പോലും വിചാരിക്കാത്ത സമയത്താണ് നിന്നെ എനിക്ക് നഷ്ടപ്പെട്ടത്. ആ നിന്നെ ഈശ്വരനായിട്ട് തന്നെ തിരിച്ചു കൊണ്ട് തന്നു എന്നാണ് ഞാൻ ഇത്രയും നാളും കരുതിയിരുന്നത്. പക്ഷേ അതെല്ലാം എന്റെ തോന്നൽ മാത്രമായിരുന്നു എന്ന് എനിക്കിപ്പോൾ മനസ്സിലായി ഗായു. ഈ ജന്മം നമുക്ക് ഒരുമിച്ച് ജീവിക്കാൻ ഈശ്വരൻ വിധിച്ചിട്ടില്ലെന്ന് കരുതി ഞാൻ സമാധാനിച്ചോളാം.” ഒരുമാത്ര അഖിലിന്റെ കണ്ണുകൾ നിറഞ്ഞു. “അഖിലേട്ടൻ വിഷമിക്കരുത്. എന്റെ സ്ഥാനത്ത് നിന്നൊന്ന് ചിന്തിച്ചാൽ ഞാൻ എന്തു കൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തതെന്ന് അഖിലേട്ടന് മനസ്സിലാകും.” ഗായത്രിയുടെ വാക്കുകൾ കേട്ട് അഖിൽ വിഷമത്തോടെ തലയാട്ടി. “സോറി ഗായു… ഇനി ഒരിക്കലും ഇക്കാര്യം പറഞ്ഞ് ഞാൻ നിന്നെ വിഷമിപ്പിക്കില്ല. നിന്നെ മനസ്സിലാക്കാൻ എനിക്ക് കഴിയും. ഞാനും കൂടി നിന്നെ മനസ്സിലാക്കിയില്ലെങ്കിൽ പിന്നെ നിന്നെ ആര് മനസ്സിലാക്കാനാണ്. നിനക്ക് എന്താവശ്യമുണ്ടെങ്കിലും ഒരു സുഹൃത്തായി ഞാൻ ഒപ്പമുണ്ടാവും. ഐ വിൽ മിസ്സ്‌ യൂ.” അവളുടെ കൈകളിൽ നെറ്റി മുട്ടിച്ചു കൊണ്ട് അഖിൽ പറഞ്ഞു. ശേഷം തന്റെ നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് അവൻ അവിടെ നിന്നും എഴുന്നേറ്റു പുറത്തേക്ക് പോയി. അഖിൽ സങ്കടത്തോടെ ഇറങ്ങിപ്പോകുന്നത് നോക്കി ഗായത്രി നിസ്സഹായയായി ഇരുന്നു. അഖിലിനെ വീണ്ടും വേദനിപ്പിക്കേണ്ടി വന്നതിൽ ഗായത്രി വിഷമമുണ്ടായിരുന്നു എങ്കിലും എന്റെ തീരുമാനമാണ് ശരിയെന്ന് അവൾക്ക് നല്ല ബോധ്യമുണ്ടായിരുന്നു. …..കാത്തിരിക്കൂ………

    മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

  • മുഖ്യമന്ത്രിക്കെതിരായ കൊലവിളി പരാമർശം; കന്യാസ്ത്രീയായിരുന്ന ടീന ജോസിനെതിരെ കേസെടുത്തു

    മുഖ്യമന്ത്രിക്കെതിരായ കൊലവിളി പരാമർശം; കന്യാസ്ത്രീയായിരുന്ന ടീന ജോസിനെതിരെ കേസെടുത്തു

    മുഖ്യമന്ത്രിക്കെതിരായ കൊലവിളി പരാമർശം; കന്യാസ്ത്രീയായിരുന്ന ടീന ജോസിനെതിരെ കേസെടുത്തു

    മുഖ്യമന്ത്രി പിണറായി വിജയനെതിരെ സമൂഹ മാധ്യമത്തിൽ കൊലവിളി പരാമർശം നടത്തിയ കന്യാസ്ത്രീയായിരുന്ന ടീന ജോസിനെതിരെ കേസെടുത്തു. തിരുവനന്തപുരം സൈബർ പോലീസാണ് കേസെടുത്തത്. അഡ്വക്കേറ്റ് സുഭാഷ് ചന്ദ്രൻ നൽകിയ പരാതിയിലാണ് സൈബർ പോലീസ് കേസെടുത്തത്

    സിഎംസി സന്ന്യാസിനി സമൂഹത്തിലെ അംഗമായിരുന്നു ടീന ജോസ്. സഭാ നടപടികൾക്ക് വിധേയയായി 2009ൽ കന്യാസ്ത്രീ പട്ടം നഷ്ടപ്പെട്ടിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് മുഖ്യമന്ത്രി ഇറങ്ങുന്നതുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു വിവാദ കമന്റ്

    അന്നേരമെങ്കിലും ആരെങ്കിലും ഒരു ബോംബെറിഞ്ഞ് തീർത്തുകളയണം അവനെ. നല്ല മനുഷ്യനായ രാജീവ് ഗാന്ധിയെ തീർത്ത ഈ ലോകത്തിന് അതൊക്കെ പറ്റും എന്നായിരുന്നു ടീന ജോസിന്റെ കമന്റ്. ഇത് വിവാദമായതോടെ ടീനയെ തള്ളി സിഎംസി സന്ന്യാസിനി സമൂഹം രംഗത്തുവന്നിരുന്നു.
     

  • മുഖ്യമന്ത്രി കസേര; ഡി.കെ. ശിവകുമാർ ‘രഹസ്യധാരണ’ വെളിപ്പെടുത്തി: പരസ്യ ചർച്ചയ്ക്കില്ല

    മുഖ്യമന്ത്രി കസേര; ഡി.കെ. ശിവകുമാർ ‘രഹസ്യധാരണ’ വെളിപ്പെടുത്തി: പരസ്യ ചർച്ചയ്ക്കില്ല

    മുഖ്യമന്ത്രി കസേര; ഡി.കെ. ശിവകുമാർ ‘രഹസ്യധാരണ’ വെളിപ്പെടുത്തി: പരസ്യ ചർച്ചയ്ക്കില്ല

    ബെംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രി മാറ്റം സംബന്ധിച്ച ചർച്ചകൾ പാർട്ടിയിലെ ‘അഞ്ചോ ആറോ പേർ’ തമ്മിലുള്ള ‘രഹസ്യധാരണ’യാണെന്ന് ഉപമുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ. ഈ വിഷയത്തിൽ പരസ്യമായി പ്രതികരിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

    ​മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോടാണ് ശിവകുമാർ നിലപാട് വ്യക്തമാക്കിയത്.

    • ‘രഹസ്യധാരണ’ പരാമർശം: “മുഖ്യമന്ത്രിയാക്കണമെന്ന് ഞാൻ ആരോടും ആവശ്യപ്പെട്ടിട്ടില്ല. ഇത് ഞങ്ങൾ അഞ്ചോ ആറോ പേർ തമ്മിലുള്ള രഹസ്യധാരണയാണ്. എനിക്ക് ഇതിനെക്കുറിച്ച് പരസ്യമായി സംസാരിക്കാൻ താത്പര്യമില്ല.”
    • പാർട്ടി താത്പര്യം: “എന്റെ മനസ്സാക്ഷിയിൽ ഞാൻ വിശ്വസിക്കുന്നു. പാർട്ടിയെ ദുർബലപ്പെടുത്താനോ വിഷമിപ്പിക്കാനോ ഞാൻ ആഗ്രഹിക്കുന്നില്ല. പാർട്ടി ഉണ്ടെങ്കിൽ മാത്രമേ നമ്മൾ ഉള്ളൂ. പ്രവർത്തകരുണ്ടെങ്കിൽ മാത്രമേ നമ്മൾ ഉള്ളൂ.”
    • സിദ്ധരാമയ്യയെ പിന്തുണച്ച്: “മുഖ്യമന്ത്രി (സിദ്ധരാമയ്യ) സംസാരിച്ചു കഴിഞ്ഞു. അദ്ദേഹം മുതിർന്ന നേതാവാണ്. പാർട്ടിയുടെ മുതൽക്കൂട്ടുമാണ്. അടുത്ത ബജറ്റും അവതരിപ്പിക്കുന്നത് താനായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. 2028 നിയമസഭാ തിരഞ്ഞെടുപ്പും 2029 ലോക്സഭാ തിരഞ്ഞെടുപ്പും ലക്ഷ്യമിട്ട് നമ്മൾ ഒന്നിച്ചു പ്രവർത്തിക്കണം.”

    ​കർണാടകയിൽ കോൺഗ്രസ് സർക്കാർ രണ്ടര വർഷം പൂർത്തിയാക്കിയ സാഹചര്യത്തിൽ, മുഖ്യമന്ത്രി സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും തമ്മിൽ പദവി പങ്കിടാൻ ധാരണയുണ്ടായിരുന്നെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഉപമുഖ്യമന്ത്രിയുടെ ഈ പ്രതികരണം.

  • വരും ജന്മം നിനക്കായ്: ഭാഗം 72

    വരും ജന്മം നിനക്കായ്: ഭാഗം 72

    രചന: ശിവ എസ് നായർ

    ഗായത്രിയുമായി സംസാരിച്ച് പിരിഞ്ഞതിന് ശേഷം അഖിൽ നേരെ പോയത് മനുവിന്റെ വീട്ടിലേക്കാണ്. “ഗായത്രി എന്ത് പറഞ്ഞു?” അഖിലിനെ കണ്ടതും മനു ചോദിച്ചു. “നോ പറഞ്ഞു, അവൾക്ക് ഇനി ഒരിക്കലും എന്റെ ജീവിതത്തിലേക്ക് കടന്ന് വരാൻ താല്പര്യമില്ല.  ഗായുവിനെ കൊണ്ട് അതിന് കഴിയുകയുമില്ല.” അത് പറയുമ്പോൾ അവന്റെ ശബ്ദം വല്ലാതെ ഇടറിപ്പോയി. തുടർന്ന് ഗായത്രി തന്നോട് പറഞ്ഞ കാര്യങ്ങളൊക്കെ അഖിൽ അവനോട് വിശദീകരിച്ചു. “ഞാൻ ഇത് പ്രതീക്ഷിച്ചതാ അഖിൽ.  ഗായത്രിയെ പോലൊരു പെണ്ണ് ഇങ്ങനെ ഒരു തീരുമാനമെടുത്തതിൽ അത്ഭുതപ്പെടാനില്ല. കാരണം നിന്റെ വീട്ടുകാരുടെ സമ്മതമില്ലാതെ നിന്റെ ജീവിതത്തിലേക്ക് വന്നാലും പിന്നീടുള്ള കാലം നിന്റെ വീട്ടിൽ അവൾക്ക് ഒരു സ്വസ്ഥതയോ സമാധാനമോ കിട്ടുമോ? നിന്റെ അമ്മ ഗായത്രിക്ക് സ്വൈര്യം കൊടുക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ? അങ്ങനെ സംഭവിച്ചാൽ അമ്മേടേം ഭാര്യയെടേം ഇടയിൽ കിടന്ന് നീ പെട്ട് പോകും. ആരെയും തള്ളാനും കൊള്ളാനും പറ്റാത്ത അവസ്ഥയായിരിക്കും. ഈ ചെറിയ കാലയളവിനുള്ളിൽ തന്നെ ഒത്തിരി അനുഭവിച്ചവളാണ് ഗായത്രി. ഇനിയും അതിന് നീ ആയിട്ട് ഒരു സങ്കടം കൊടുക്കാതിരിക്കുന്നതാണ് നല്ലത്. നിന്റെ അമ്മയ്ക്കും അനിയത്തിക്കും എതിർപ്പില്ലായിരുന്നെങ്കിൽ ഗായത്രിയുടെ മനസ്സ് എപ്പോഴെങ്കിലും മാറുമെന്ന പ്രതീക്ഷയിൽ നിനക്ക് മുന്നോട്ടു പോകാമായിരുന്നു. പക്ഷേ അവളെ നിനക്ക് വിധിച്ചിട്ടില്ല അഖിലേ. അതുകൊണ്ട് പഴയതെല്ലാം നീ മറന്നേ പറ്റു. ഗായത്രിയുടെ തീരുമാനം അറിഞ്ഞ സ്ഥിതിക്ക് നീ ഇനി അവളുടെ കാര്യമോർത്ത് സങ്കടപ്പെടരുത്.” മനു ഉപദേശ രൂപേണ പറഞ്ഞു. “ഇത്ര നാൾ എനിക്കും ഒരു പ്രതീക്ഷ ഉണ്ടായിരുന്നെടാ. പക്ഷേ നീ പറഞ്ഞത് പോലെ ഗായുവിന്റെ ഈ തീരുമാനം ഒരിക്കലും മാറില്ലെന്ന് എനിക്ക് ഇന്നത്തോടെ ബോധ്യമായി. അവളെ ഞാനല്ലാതെ മറ്റാരാ മനസിലാക്കുക. അതുകൊണ്ട് ഞാനിനി അവളെ ഒരു തരത്തിലും ഈ കാര്യം പറഞ്ഞ് ശല്യം ചെയ്യില്ല. ഗായു, അവൾക്ക് ഇഷ്ടമുള്ള പോലെ ഇനി ജീവിക്കട്ടെ. ഒരു സുഹൃത്തായി അവൾക്കൊപ്പം നിൽക്കാനേ ഞാനിപ്പോ ആഗ്രഹിക്കുന്നുള്ളൂ. മറ്റൊന്നും എന്റെ മനസ്സിലുമില്ല.” അഖിലിന്റെ വാക്കുകൾ ഇടറി. “അതാ നല്ലത്… കുറച്ചു നാൾ കഴിയുമ്പോ ഒക്കെ മറക്കാനും പുതിയൊരു ജീവിതം തുടങ്ങാനുമൊക്കെ നിനക്കും കഴിയും. അല്ലാതെ നഷ്ടപ്പെട്ടവരെ ഓർത്ത് ഈ ലൈഫ് നശിപ്പിക്കരുത് നീ.” മനു അവന്റെ കരങ്ങൾ കവർന്നു. “ഇല്ല മനു… ഗായുവിനെ കിട്ടാത്തതോർത്ത് ഈ ജീവിതം ഞാൻ നശിപ്പിക്കില്ല. അത് അവളെയും വിഷമിപ്പിക്കും.” അഖിൽ വേദനയോടെ പുഞ്ചിരിച്ചു. *** പിറ്റേ ദിവസം രാവിലെ അഖിലിനെ എയർപോർട്ടിൽ കൊണ്ട് വിടാൻ വന്നതായിരുന്നു മനു. അവന്റെ അനിയത്തി മീനാക്ഷിയും അവനോടൊപ്പം ഉണ്ടായിരുന്നു. “അഖിലേ… മീനുവിന് നിന്നോട് എന്തോ സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞു.” അഖിലിന്റെ അടുത്ത് വന്ന് ശബ്ദം താഴ്ത്തിയാണ് അവൻ അത് പറഞ്ഞത്. “എന്ത് കാര്യം?” അഖിൽ അമ്പരപ്പിൽ അവനെ നോക്കി. “അത് അവൾ തന്നെ പറയും.” അത് പറഞ്ഞു കൊണ്ട് മീനുവിനെ അഖിലിന്റെ അടുത്തേക്ക് പറഞ്ഞ് വിട്ടിട്ട് മനു ബാഗുകൾ ഒക്കെ കാറിലേക്ക് എടുത്തു വയ്ക്കാൻ തുടങ്ങി. “മീനുവിന് എന്നോടെന്താ പറയാനുള്ളത്?” കാര്യം മീനാക്ഷി മനുവിന്റെ പെങ്ങൾ ആണെങ്കിലും അഖിലിന് അവളുമായി അത്ര അടുപ്പമൊന്നും ഉണ്ടായിരുന്നില്ല. തമ്മിൽ കാണുമ്പോൾ ഒരു ചിരിയിലോ ഒന്നോ രണ്ടോ വാക്കിലോ ഇരുവരും സംവദിക്കാറായിരുന്നു പതിവ്. അതുകൊണ്ട് തന്നെ മീനുവിന് തന്നോട് ഇത്ര കാര്യമായിട്ട് എന്താ പറയാനുണ്ടാവുക എന്നോർത്ത് അഖിൽ അത്ഭുതപ്പെട്ടു. “ഞാനൊരു കാര്യം പറഞ്ഞാൽ അഖിലേട്ടൻ തെറ്റിദ്ധരിക്കരുത്.” പരിഭ്രമത്തോടെയാണ് മീനു അത് പറഞ്ഞത്. അവളുടെ വാക്കുകൾ കേട്ട് അഖിൽ കൺഫ്യൂഷനോടെ മീനുവിനെ നോക്കി. “മീനുവിന് എന്താ പറയാനുള്ളതെന്ന് വച്ചാൽ പറഞ്ഞോ.” അഖിൽ പറഞ്ഞു. “കുട്ടിക്കാലം മുതലേ എനിക്ക് അഖിലേട്ടനെ ഒത്തിരി ഇഷ്ടമാണ്. രണ്ട് വർഷം മുൻപാണ് ഞാൻ മനു ഏട്ടനോട് എന്റെ ഇഷ്ടം തുറന്ന് പറഞ്ഞത്. അന്ന് അഖിലേട്ടൻ ഗായത്രി ചേച്ചിയുമായി ഇഷ്ടത്തിലാണെന്നും നിങ്ങൾ തമ്മിൽ ഉടനെ വിവാഹിതരാകും എന്നാണ് മനുവേട്ടൻ എന്നോട് പറഞ്ഞിരുന്നത്. അന്ന് അതറിഞ്ഞപ്പോൾ ഞാൻ അഖിലേട്ടനെ മറക്കാൻ പരമാവധി ശ്രമിച്ചിരുന്നു. എന്റെ ഇഷ്ടം അഖിലേട്ടൻ ഒരിക്കലും അറിയണ്ട എന്ന് തന്നെയാണ് കരുതിയിരുന്നതും. പക്ഷേ പിന്നീട് നിങ്ങളുടെ ജീവിതത്തിൽ നടന്നതൊക്കെ മനുവേട്ടൻ വഴി ഞാനും അറിഞ്ഞിരുന്നു.” മീനു പറഞ്ഞു വന്നത് നിർത്തിയിട്ട് ഭീതിയോടെ അഖിലിനെ ഒന്ന് നോക്കി. മീനുവിന് തന്നോട് ഇങ്ങനെയൊരു ഇഷ്ടമുണ്ടായിരുന്നു എന്ന് കേട്ടതിന്റെ ഷോക്കിൽ ആയിരുന്നു അഖിൽ. അവൻ അവളെ അന്തംവിട്ട് നോക്കി നിൽക്കുകയാണ്. “അഖിലേട്ടനെ മോഹിക്കാൻ എനിക്ക് അർഹതയുണ്ടോ എന്നൊന്നും അറിയില്ല. അവസരം നോക്കി നിങ്ങൾക്കിടയിലേക്ക് ഞാൻ വന്നു കയറുകയാണെന്നും ചിന്തിക്കരുത്. എന്നെങ്കിലും അഖിലേട്ടൻ ഒരു വിവാഹം കഴിക്കുമെങ്കിൽ അത്രയും നാളും കാത്തിരിക്കാൻ ഞാൻ തയ്യാറാണ്. ഈ മനസ്സിലെ മുറിവുണങ്ങാൻ സമയം വേണമെന്ന് എനിക്കറിയാം. എത്ര വർഷം കാത്തിരിക്കാനും ഞാൻ തയ്യാറാണ്. എനിക്ക് അഖിലേട്ടനെ അത്രയ്ക്ക് ഇഷ്ടമാണ്. മനുവേട്ടനും അമ്മയും ഒന്നും എന്റെ ഇഷ്ടത്തിന് എതിരല്ല. അഖിലേട്ടൻ പോകുന്നതിനു മുൻപ് എനിക്ക് ഇക്കാര്യം പറയണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഞാൻ നേരിട്ട് വന്ന് ഇക്കാര്യം പറഞ്ഞത്. ഉടനെ ഒരു മറുപടി തരണം എന്നില്ല. നന്നായി ആലോചിച്ച് മനുവേട്ടനോട് പറഞ്ഞാൽ മതി.” അത്രമാത്രം പറഞ്ഞു കൊണ്ട് അഖിലിന്റെ മറുപടിക്ക് കാത്തു നിൽക്കാതെ മീനു പിൻതിരിഞ്ഞ് നടന്നു പോയി. അവൾ പോകുന്നത് കണ്ട് മനു അവന്റെ അടുത്തേക്ക് വന്നു. “ഡാ… നിന്റെ പെങ്ങൾ എന്തൊക്കെയാടാ പറഞ്ഞിട്ട് പോയത്.” കേട്ടതൊന്നും വിശ്വസിക്കാനാവാതെ അഖിൽ മനുവിനെ മിഴിച്ചു നോക്കി. “അവൾക്ക് നിന്നെ ഇഷ്ടമാണ് അഖിൽ. നീ പോകുന്നതിന് മുൻപ് മീനുവിന് അവളുടെ ഇഷ്ടം നിന്നെ അറിയിക്കണമെന്ന് പറഞ്ഞ് വാശി പിടിച്ചാണ് എന്റെ ഒപ്പം ഇങ്ങോട്ട് വന്നത്. നിന്നോട് അവളെ ഇഷ്ടപ്പെടണമെന്നോ കെട്ടണമെന്നോ എന്നൊന്നും ഞാൻ പറയില്ല. എന്ത് വേണമെന്ന് നിനക്ക് തീരുമാനിക്കാം.” ചിരിയോടെ പറഞ്ഞു കൊണ്ട് മനു ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ഇരുന്നു. “നീ എന്ത് ആലോചിച്ചു നിൽക്കാ,  വന്ന് വണ്ടിയിൽ കയറ്.” അഖിൽ കാറിലേക്ക് കയറാതെ എന്തോ ഓർത്ത് നിൽക്കുന്നത് കണ്ട് മനു വിളിച്ചു. എന്തൊക്കെയോ ആലോചനയിൽ മുഴുകി നിന്ന അഖിൽ പെട്ടെന്ന് വന്ന് കാറിൽ കയറി ഇരുന്നു. അവൻ കയറിയതും മനു വണ്ടി സ്റ്റാർട്ട്‌ ചെയ്തു. എയർപോർട്ടിലേക്കുള്ള യാത്രയിൽ ഉടനീളം അഖിൽ തീർത്തും നിശബ്ദനായി കാണപ്പെട്ടു. മീനുവിന് തന്നോട് ഇങ്ങനെ ഒരു ഇഷ്ടമുണ്ടാകുമെന്ന് അവൻ സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല. എയർപോർട്ടിൽ എത്തിയതും മനുവിനോട് യാത്ര പറഞ്ഞ് അഖിൽ തന്റെ ബാഗുകൾ എടുത്ത് അകത്തേക്ക് കയറിപ്പോയി. ആ നിമിഷം അവന്റെ മനസ്സിലും ഹൃദയത്തിലും നിറഞ്ഞു നിന്നത് ഗായത്രി മാത്രമായിരുന്നു. ആ നിമിഷം ഒരു തുള്ളി കണ്ണുനീർ അവന്റെ കവിളിനെ നനച്ചു കൊണ്ട് നിലത്തേക്ക് പതിച്ചു……കാത്തിരിക്കൂ………

    മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

  • പത്മകുമാറിനെ ഇന്ന് എസ് ഐ ടി കസ്റ്റഡിയിൽ വാങ്ങും

    പത്മകുമാറിനെ ഇന്ന് എസ് ഐ ടി കസ്റ്റഡിയിൽ വാങ്ങും

    പത്മകുമാറിനെ ഇന്ന് എസ് ഐ ടി കസ്റ്റഡിയിൽ വാങ്ങും

    ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന്റെ കസ്റ്റഡി അപേക്ഷ കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. സ്വർണ്ണക്കൊള്ളയിൽ മുഖ്യസൂത്രധാരൻ പത്മകുമാറെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യൽ അനിവാര്യമാണെന്നുമാണ് എസ്‌ഐടിയുടെ വാദം. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള പത്മകുമാറിന്റെ ഇടപാടുകളിൽ വിശദമായ പരിശോധന നടത്തും. 

    ചോദ്യം ചെയ്യലിൽ പത്മകുമാർ നടത്തുന്ന വെളിപ്പെടുത്തൽ ഇനി നിർണ്ണായകമാണ്. എന്നാൽ ചോദ്യം ചെയ്യലിനോട് സഹകരിച്ചിട്ടുണ്ടെന്നും കസ്റ്റഡി വേണ്ടെന്നുമാണ് പത്മകുമാറിന്റെ അഭിഭാഷകന്റെ വാദം. പത്മകുമാറിനെ നേരിട്ട് ഇന്ന് കോടതിയിൽ ഹാജരാക്കും. സ്ഥലത്ത് പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് വൻ പോലീസ് സന്നാഹമാണ് ക്രമീകരിച്ചിരിക്കുന്നത്. 

    ദ്വാരപാലക കേസിലും കട്ടിളപ്പാളി കേസിലും അറസ്റ്റിലായ മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന്റെ ജാമ്യാപേക്ഷയിലും കോടതി ഇന്ന് വിധി പറയും. അതേസമയം, ശബരിമല സ്വർണ്ണകൊള്ള കേസിൽ നാലാം പ്രതിയായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി ജയശ്രീയുടെ മുൻകൂർ ജാമ്യപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതിയുടെ വിജിലൻസ് കേസുകൾ പരിഗണിക്കുന്ന ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
     

  • ഒരു കിലോമീറ്റർ ചുറ്റളവിൽ സ്കൂളുകൾ സ്ഥാപിക്കണം; കേരളത്തോട് സുപ്രീം കോടതി

    ഒരു കിലോമീറ്റർ ചുറ്റളവിൽ സ്കൂളുകൾ സ്ഥാപിക്കണം; കേരളത്തോട് സുപ്രീം കോടതി

    ഒരു കിലോമീറ്റർ ചുറ്റളവിൽ സ്കൂളുകൾ സ്ഥാപിക്കണം; കേരളത്തോട് സുപ്രീം കോടതി

    ന്യൂഡൽഹി: കേരളത്തിൽ പ്രൈമറി സ്കൂളുകളില്ലാത്ത പ്രദേശങ്ങളിൽ സ്കൂളുകൾ സ്ഥാപിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് സുപ്രീം കോടതി. വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം സ്കൂളുകളില്ലാത്ത പ്രദേശങ്ങളിൽ നിർബന്ധമായും സ്കൂളുകൾ അനുവദിക്കണമെന്നാണ് കോടതി നിർദേശിച്ചത്.

    ഒരു കിലോമീറ്റർ ചുറ്റളവിൽ എൽപി സ്കൂളുകളും മൂന്നു കിലോമീറ്റർ പരിധിയിൽ അപ്പർ പ്രൈമറി സ്കൂളുകളുകളില്ലെങ്കിലും യുപി സ്കൂളുകളും സ്ഥാപിക്കാനാണ് നിർദേശം. മഞ്ചേരിയിലെ എളമ്പ്രയിൽ സ്കൂൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ഹർജിയിലാണ് കോടതി നിർദേശം.

    എളമ്പ്രയിൽ അടിയന്തരമായി എൽപി സ്കൂളുകൾ സ്ഥാപിക്കാനും കോടതി ഉത്തരവിട്ടു. സർക്കാർ സ്കൂൾ ആരംഭിക്കാനാണ് ഉത്തരവ്. സ്വന്തം കെട്ടിടമില്ലെങ്കിൽ വാടക കെട്ടിടത്തിൽ മൂന്നമാസത്തിനം സ്കൂൾ ആരംഭിക്കാനാണ് ഉത്തരവിൽ പറയുന്നത്.

  • വരും ജന്മം നിനക്കായ്: ഭാഗം 73 || അവസാനിച്ചു

    വരും ജന്മം നിനക്കായ്: ഭാഗം 73 || അവസാനിച്ചു

    രചന: ശിവ എസ് നായർ

    “നീ എന്താ മോളെ അഖിലിനോട് അങ്ങനെയൊക്കെ പറയാൻ പോയത്? ഒന്നുല്ലേലും നീ സ്നേഹിച്ച പയ്യനല്ലേ. എല്ലാം മനസ്സിലാക്കി അവൻ വിളിച്ചപ്പോ നീ ആ കൊച്ചിനെ വേണ്ടെന്ന് വച്ചത് ശരിയായില്ല. നിനക്കും വേണ്ടേ മോളെ ഒരു ജീവിതം.” തന്നെ കാണാൻ അഖിൽ വന്നതും അവൻ പറഞ്ഞ കാര്യങ്ങളുമൊക്കെ ഗായത്രി ഒരു ദിവസം അമ്മയോട് പറഞ്ഞപ്പോൾ സുമിത്രയിൽ നിന്നും കിട്ടിയ മറുപടി അതായിരുന്നു. “അമ്മേ… തോന്നുമ്പോ വേണ്ടെന്ന് വയ്ക്കാനും പിന്നീട് വേണമെന്ന് തോന്നുമ്പോ കൂട്ടിച്ചേർക്കാനും കഴിയുന്നതല്ല സ്നേഹ ബന്ധങ്ങൾ. അങ്ങനെ കൂട്ടിച്ചേർക്കുന്ന ബന്ധങ്ങൾക്ക് പഴയ കെട്ടുറപ്പും ഉണ്ടായി കൊള്ളണമെന്നില്ല. അച്ഛനും അമ്മയും കാരണമാണ് ആഗ്രഹിച്ച ജീവിതം എനിക്ക് നഷ്ടപ്പെട്ടത്.” ഗായത്രി കടുപ്പത്തിൽ അവരെയൊന്ന് നോക്കി. “ശരിയാ… എല്ലാം ഞങ്ങളുടെ തെറ്റ് തന്നെയാ. നിനക്കൊരു കുടുംബം ഉണ്ടായി കാണാനുള്ള ആഗ്രഹം കൊണ്ടാ അമ്മ ഇങ്ങനെ പറഞ്ഞത്.” സുമിത്രയുടെ മിഴികൾ പെട്ടെന്ന് ഈറനായി. “ഇനി നിങ്ങളൊക്കെ നിർബന്ധിച്ചാലും എന്റെ മനസ്സ് ആഗ്രഹിച്ചാൽ കൂടിയും എനിക്ക് അഖിലേട്ടന്റെ കൂടെ ജീവിക്കാൻ കഴിയില്ല. കാരണം ശിവപ്രസാദ് ശാരീരികമായും മാനസികമായും അത്രത്തോളം എന്നേ വേദനിപ്പിച്ചു കഴിഞ്ഞു. ആ ട്രോമയിൽ നിന്നും എനിക്ക് എന്നാണ് ഒരു മോചനം ലഭിക്കുകയെന്ന് കൂടി അറിയില്ല. അതുകൊണ്ട് തന്നെ ഇനിയൊരിക്കലും ഒരു പുരുഷനൊപ്പവും ഉത്തമയായ ഭാര്യയായി ജീവിക്കാൻ എനിക്ക് കഴിയില്ല. അന്ന് അത്രയും മൃഗീയമായിട്ടാണ് ശിവപ്രസാദ് എന്നെ ഉപദ്രവിച്ചത്. എന്റെ ബുദ്ധിമോശം കൊണ്ട് കൂടിയാണ് എനിക്കന്ന് അതെല്ലാം അനുഭവിക്കേണ്ടി വന്നത്. ആ ഒരു ഷോക്കിൽ നിന്നും എന്റെ മനസ്സ് തിരിച്ചു വന്നിട്ടില്ല അമ്മേ. ഇത് ആർക്ക് പറഞ്ഞാലും മനസ്സിലാവില്ല. ഇത്രയും മാനസിക സംഘർഷം അനുഭവിക്കുന്ന എനിക്ക് ഒരിക്കലും അഖിലേട്ടന്റെ അമ്മേടേം അനിയത്തിയുടെയും അവഗണന കൂടി നേരിടാൻ കഴിയില്ല. പുറമെ ഒന്നും ഭാവിക്കാത്ത പോലെ നടക്കുന്നെങ്കിലും കഴിഞ്ഞു പോയതൊക്കെ ഒരു ദുസ്വപ്നം പോലെ എന്റെ മനസ്സിനെ ഇപ്പോഴും അസ്വസ്ഥപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് ഇനിയൊരു വിവാഹ ജീവിതം ഞാൻ ആഗ്രഹിക്കുന്നില്ലമ്മേ. അമ്മയോട് ഞാൻ ഇത്രയും ഓപ്പൺ ആയി കാര്യങ്ങൾ പറഞ്ഞത് ഇനിയൊരു വിവാഹ ജീവിതത്തിലേക്ക് പോകാൻ എന്നെ നിങ്ങളാരും നിർബന്ധിക്കാതിരിക്കാൻ വേണ്ടിയാണ്. ഇനി എന്റെ ജീവിത ലക്ഷ്യം തന്നെ ജീവിതത്തിൽ ആരുമില്ലാതെ ഒറ്റപ്പെട്ടു പോകുന്ന സ്ത്രീകൾക്ക് ധൈര്യപൂർവ്വം വന്ന് താമസിക്കാനും എന്തെങ്കിലും കൈത്തൊഴിൽ ചെയ്ത് മുന്നോട്ട് ജീവിക്കാനുള്ള ഒരു മാർഗം കണ്ടെത്തി കൊടുക്കാൻ കഴിയുന്ന എന്തെങ്കിലും സംരംഭം തുടങ്ങണം എന്നത് മാത്രമാണ്. വിവാഹമല്ല ജീവിതത്തിന്റെ അവസാന വാക്കെന്ന് നിങ്ങൾ ഇനിയെങ്കിലും മനസ്സിലാക്കണം. ഇന്നത്തെ കാലത്ത് ഒരു പെണ്ണിന് ഇവിടെ ആൺ തുണ ഇല്ലാതെയും ജീവിക്കാൻ കഴിയും.” അമ്മയോട് തന്റെ മനസ്സിലുള്ളത് പറഞ്ഞ് കഴിഞ്ഞപ്പോൾ ഗായത്രിക്ക് എന്തെന്നില്ലാത്ത ആശ്വാസം തോന്നി. സുമിത്രയോട് അവൾ പറഞ്ഞതൊക്കെ വേണു മാഷും കേൾക്കുന്നുണ്ടായിരുന്നു. മകളുടെ ജീവിതം ഈ വിധമാകാൻ കാരണം തങ്ങളുടെ പിടിവാശി ആണല്ലോ എന്നോർത്ത് ഉള്ളിൽ പരിതപിക്കാൻ മാത്രമേ അയാൾക്ക് കഴിയുമായിരുന്നുള്ളു. സുമിത്രയുടെ അവസ്ഥയും അത് തന്നെ ആയിരുന്നു. ഗായത്രിയോട് ചെയ്തതിന് പ്രായശ്ചിത്തമായി ഇനിയുള്ള കാലം അവളുടെ ആഗ്രഹം പോലെ ഗായത്രി ജീവിക്കട്ടെ എന്ന് വേണു മാഷും ഭാര്യയും തീരുമാനം എടുത്തു. അവളുടെ ആഗ്രഹങ്ങൾ നിറവേറ്റാൻ തങ്ങളാൽ കഴിയുന്നത് ചെയ്യാനും അവർ തയ്യാറായി. 🍁🍁🍁🍁🍁🍁 മൂന്ന് വർഷങ്ങൾ കടന്ന് പോയി. എല്ലാവരെയും ഭീഷണിപ്പെടുത്തി വിഷ്ണുവും ഒത്തുള്ള ജീവിതം നേടി എടുത്തെങ്കിലും പഠനം പാതി വഴിക്ക് മുടങ്ങി കുഞ്ഞിനേം നോക്കി കിടപ്പിലായ ഊർമിളയെയും പരിചരിച്ച് ഗൗരിയുടെ ജീവിതം വീടിനുള്ളിൽ തന്നെ ഒതുങ്ങിപ്പോയി. വിഷ്ണു മുംബൈയിലെ ജോലി രാജി വച്ച് ഗൾഫിലേക്ക് പോയിരുന്നു. അവരുടെ അച്ഛൻ സുധാകരൻ, മൂത്ത മകൻ ഉണ്ടാക്കി വച്ച നാണക്കേട് കാരണം നാട്ടിൽ തല ഉയർത്തി നടക്കാൻ പറ്റാതെ നാട്ടിൽ നിന്നും ദൂരേക്ക് ട്രാൻസ്ഫർ വാങ്ങി പോയിരുന്നു. റിട്ടയർമെന്റ്ന് ശേഷവും അയാൾ പിന്നെ വീട്ടിലേക്ക് വരാൻ കൂട്ടാക്കിയില്ല. ജയിലിൽ ശിവപ്രസാദിന്റെ ജീവിതവും ദുരിത പൂർണമായിരുന്നു. സഹ തടവുകാരിൽ നിന്നും ഏൽക്കുന്ന കൊടിയ പീഡനങ്ങൾ അവനെ ഒത്തിരി തളർത്തി. പല രാത്രികളിലും ഗായത്രിയോട് ചെയ്തു പോയ തെറ്റുകൾ ഓർത്ത് ശിവപ്രസാദ് കുറ്റബോധം കൊണ്ട്  ഉരുകി ഉരുകി ജയിലിലെ കഠിനമായ ദിനങ്ങൾ തള്ളി നീക്കി കൊണ്ടിരുന്നു. 🍁🍁🍁🍁🍁 ഗായത്രിക്കും ഒടുവിൽ അവൾ ആഗ്രഹിച്ചത് പോലെ തന്നെ തന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ കഴിഞ്ഞു. ജീവിതത്തിൽ ആരുമില്ലാതെ ഒറ്റപ്പെട്ടു പോകുന്ന സ്ത്രീകൾക്ക് വന്ന് താമസിക്കാൻ ആയി അവൾ ചെറിയൊരു ഹോസ്റ്റൽ പണിതുയർത്തി. വളരെ ചെറിയൊരു തുക മാത്രമാണ് വാടകയായി അവൾ വാങ്ങിയിരുന്നതും. ഹോസ്റ്റലിനോട് ചേർന്ന് തന്നെ പൊതിച്ചോറും അച്ചാറും സ്നാക്സുമൊക്കെ വിൽക്കുന്ന ചെറിയ ബിസിനസ് യൂണിറ്റും അവൾ തുടങ്ങി വച്ചു. ജോലിയില്ലാത്ത സ്ത്രീകൾക്ക് ഒരു വരുമാന മാർഗ്ഗം ഉണ്ടാക്കാനാണ് അവളത് തുടങ്ങിയത്. എന്തായാലും അത് മറ്റുള്ളവർക്ക് സഹായമാവുക തന്നെ ചെയ്തു. ഗായത്രിയുടെ വിശേഷങ്ങളൊക്കെ അഖിലും അറിയുന്നുണ്ടായിരുന്നു. രണ്ടുപേരും ഇപ്പോഴും നല്ല സുഹൃത്തുക്കൾ ആയി തുടരുന്നുണ്ട്. അന്ന് നാട്ടിൽ നിന്നും പോയിട്ട് അവൻ പിന്നീട് ഇതുവരെ തിരിച്ചു വന്നിട്ടില്ലായിരുന്നു. മൂന്ന് വർഷങ്ങൾക്ക് ശേഷം അഖിൽ ഇത്തവണ നാട്ടിൽ വരുന്നുണ്ട്. അതും മനുവിന്റെ പെങ്ങൾ മീനാക്ഷിയുമായുള്ള വിവാഹത്തിനായിട്ടാണ് അവൻ വരുന്നതും. അഖിലിന്റെ വിവാഹ വാർത്ത അറിഞ്ഞു ഏറ്റവും കൂടുതൽ സന്തോഷിച്ചതും ഗായത്രിയാണ്. 🍁🍁🍁🍁🍁🍁 കാത്തിരിപ്പുകൾക്കൊടുവിൽ ഇന്നാണ് അഖിലിന്റെയും മീനാക്ഷിയുടെയും വിവാഹം ദിവസം. അവർക്കൊപ്പം തന്നെ മനുവിന്റെയും അഖിലിന്റെ പെങ്ങൾ അഞ്ജുവിന്റെയും വിവാഹം നടക്കുന്നുണ്ട്. വധുവിന്റെ വേഷത്തിൽ അഖിലിന്റെ വാമ ഭാഗത്തായി മീനു വന്നിരിക്കുന്നത് നിറഞ്ഞ മനസ്സോടെയാണ് ഗായത്രി കണ്ടത്. അഖിൽ അവളെ താലി ചാർത്തുന്നത് കാണാനായി സദസ്സിന്റെ ഏറ്റവും മുന്നിൽ തന്നെ അവൾ ഉണ്ടായിരുന്നു. മുഹൂർത്ത സമയത്ത് നാദസ്വര മേളങ്ങളുടെ അകമ്പടിയോടെ അഖിൽ മീനുവിന്റെ കഴുത്തിൽ താലി ചാർത്തുമ്പോൾ ഗായത്രിയുടെ ഹൃദയം അവർക്ക് വേണ്ടി നിശബ്ദമായി പ്രാർത്ഥിച്ചു. താലി കെട്ടും ഫോട്ടോഷൂട്ടും കഴിഞ്ഞപ്പോൾ ഗായത്രി സ്റ്റേജിൽ കയറി അവരുടെ അടുത്തേക്ക് ചെന്നു. അഖിലിനോട് ചേർന്നു നിൽക്കുന്ന മീനാക്ഷിയെ കാണുമ്പോൾ ഗായത്രിക്ക് നഷ്ടബോധമൊന്നും തോന്നിയില്ല. ഈ ജന്മത്തിൽ ചേരേണ്ടത് അവരാണെന്ന ഉത്തമ ബോധ്യം അവൾക്കുണ്ടായിരുന്നു. “മീനു… ഇതാണ് ഗായത്രി.” തങ്ങൾക്കടുത്തേക്ക് വന്ന ഗായത്രിയെ ചൂണ്ടി അഖിൽ പറഞ്ഞു. “ഫോട്ടോയിൽ കാണുന്ന പോലെ തന്നെ ഉണ്ട് ചേച്ചിയെ നേരിട്ട് കാണാൻ.” ചിരിയോടെ പറഞ്ഞു കൊണ്ട് മീനു അവളെ കെട്ടിപിടിച്ചു. ഹൃദയം നിറഞ്ഞൊരു പുഞ്ചിരിയോടെ ഗായത്രിയും അവളെ ആലിംഗനം ചെയ്തു. “എനിക്ക് സന്തോഷമായി അഖിലേട്ടാ… രണ്ടാളും സന്തോഷത്തോടെ ജീവിക്കണം.” കയ്യിലിരുന്ന ഗിഫ്റ്റ് പാക്കറ്റ് അവർക്ക് നേരെ നീട്ടി കൊണ്ട് ഗായത്രി ഇരുവരോടുമായി പറഞ്ഞു. അതിനു മറുപടിയായി അഖിലും മീനുവും ഹൃദ്യമായി ഒന്ന് പുഞ്ചിരിച്ചു. ശേഷം അവരുടെ കൂടെ ഒരു ഫോട്ടോ കൂടി എടുത്തതിനു ശേഷമാണ് ഗായത്രി മണ്ഡപത്തിൽ നിന്നും ഇറങ്ങിയത്. ആ നിമിഷം അവളുടെ ഹൃദയം അത്യധികം സന്തോഷത്തിൽ തന്നെയായിരുന്നു. തനിക്കുണ്ടായ നഷ്ടമോർത്ത് അപ്പോൾ ഗായത്രിയുടെ കണ്ണുകൾ നിറഞ്ഞിരുന്നില്ല. ജീവിതം ചിലപ്പോൾ ഇങ്ങനെയൊക്കെ ആകാമെന്ന് ഓർത്ത് അവൾ സ്വയം സമാധാനിച്ചു. കോളേജ് ലൈഫും ഹോസ്റ്റലിലെ അന്തേവാസികൾക്കൊപ്പമുള്ള നിമിഷങ്ങൾ അത്രമേൽ അവളെ സന്തുഷ്ടപ്പെടുത്തുന്നുണ്ടായിരുന്നു. തങ്ങൾക്കരികിൽ നിന്നും ഗായത്രി പിൻവാങ്ങുമ്പോൾ അഖിലിന്റെ ഹൃദയം അവളെ നഷ്ടപ്പെട്ടതോർത്ത് വിങ്ങി. അടുത്ത ജന്മമെങ്കിലും ഗായത്രി തന്റേതാകണേ എന്നൊരു പ്രാർത്ഥന മാത്രമേ അവന്റെ മനസ്സിൽ അപ്പോൾ ഉണ്ടായിരുന്നുള്ളൂ. “ഐ വിൽ മിസ്സ്‌ യൂ ഗായു…” അഖിലിന്റെ ചുണ്ടുകൾ അറിയാതെ മന്ത്രിച്ചു. അവന്റെ ഹൃദയവേദന മനസ്സിലാക്കിയത് പോലെ മീനു അവന്റെ കൈകളിൽ മുറുകെപ്പിടിച്ച് അഖിലിന് സ്വാന്തനമേകി അവനോട് ചേർന്ന് നിന്നു. ……അവസാനിച്ചു………

    മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…