Blog

  • വരും ജന്മം നിനക്കായ്: ഭാഗം 70

    വരും ജന്മം നിനക്കായ്: ഭാഗം 70

    രചന: ശിവ എസ് നായർ

    “മറ്റൊരുത്തൻ ചവച്ച് തുപ്പിയ വിഴുപ്പിനെ തന്നെ നിനക്ക് വേണോ മോനെ. നിന്നെ കല്യാണം കഴിക്കുന്ന പെൺകുട്ടി മനസ്സു കൊണ്ടും ശരീരം കൊണ്ടും പരിശുദ്ധിയായിരിക്കണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. അതുകൊണ്ട് നീ എന്തൊക്കെ പറഞ്ഞാലും ഗായത്രിയെ അംഗീകരിക്കാൻ എനിക്ക് കഴിയില്ല മോനെ. അതുകൊണ്ട് അവളും ഒത്തുള്ള ജീവിതം മറക്കുന്നതാണ് നിനക്ക് നല്ലത്.” ഗായത്രിയെ കുറിച്ച് തന്റെ അമ്മ പറഞ്ഞ വാക്കുകൾ അഖിലിന്റെ മനസ്സിനെ പിടിച്ചുലച്ചു. “അവളെക്കുറിച്ച് അമ്മ ഇങ്ങനെയൊന്നും പറയരുത്. എന്റെ മനസ്സിൽ അവൾ ഇപ്പോഴും എപ്പോഴും പരിശുദ്ധ തന്നെയാണ്. ഇഷ്ടമില്ലാതെ ഒരു പെണ്ണിനെ താലി കെട്ടി അവളുടെ ഒപ്പം ജീവിക്കുന്നതിനേക്കാൾ നല്ലതല്ലേ എനിക്കിഷ്ടപ്പെട്ടവളെ കെട്ടുന്നത്. അതിന് അമ്മ ഇങ്ങനെ തടസ്സം നിൽക്കരുത്. അവളെ ഞാൻ അത്രയ്ക്കും സ്നേഹിച്ചു പോയി അമ്മേ. ഗായത്രിയെ മറക്കാൻ എന്നെക്കൊണ്ട് കഴിയില്ല.” അഖിലിന്റെ കണ്ണുകൾ നിറഞ്ഞു. “നിന്റെ സങ്കടം അമ്മയ്ക്ക് മനസ്സിലാകും മോനെ. പക്ഷേ നീ ഗായത്രിയെ നിന്റെ ഭാര്യയായി ഇങ്ങോട്ട് കൊണ്ടുവന്നു കഴിഞ്ഞാൽ ഞങ്ങളും അവളും ഈ വീടിനുള്ളിൽ ഒരുമിച്ച് കഴിയേണ്ട സാഹചര്യമുണ്ടാകും. അങ്ങനെ ഞങ്ങൾക്ക് മനസ്സു കൊണ്ട് സ്വീകരിക്കാൻ കഴിയാത്തൊരു പെണ്ണിനെ നീ ഇങ്ങോട്ട് കൊണ്ടു വന്നാൽ എപ്പോഴായാലും അതൊരു പൊട്ടിത്തെറിയിലേ അവസാനിക്കു. അതുകൊണ്ട് ഗായത്രിയെ കല്യാണം കഴിക്കുന്നതിനേക്കാൾ ഭേദം നീ ഈ ജന്മം വിവാഹം കഴിക്കാതിരിക്കുന്നതാണ് മോനെ. അതാകുമ്പോൾ എനിക്ക് നീ കല്യാണം കഴിച്ചില്ലല്ലോ എന്നൊരു സങ്കടം മാത്രമേ ഉണ്ടാവൂ. അവളെ നീ പോലൊരു പെണ്ണിനെ കെട്ടിയല്ലോ എന്നോർത്ത് ജീവിത കാലം മുഴുവനും എനിക്ക് ഇരട്ടി ദുഃഖം അനുഭവിക്കേണ്ടി വരില്ലല്ലോ. ഒരമ്മയുടെ സ്ഥാനത്ത് നിന്ന് ചിന്തിക്കുമ്പോഴേ നിനക്ക് ഞാൻ പറഞ്ഞത് മനസ്സിലാകു. നീ അറിഞ്ഞതോ മനസ്സിലാക്കിയതോ പോലെയല്ലല്ലോ ഞാൻ ഗായത്രി മനസ്സിലാക്കിയിട്ടുള്ളത്. നിന്നെ മറന്ന് മറ്റൊരു ജീവിതം ജീവിക്കാൻ ശ്രമിച്ചവളെ എന്റെ മോന് വേണ്ട എന്ന് തന്നെയാണ് എന്റെ തീരുമാനം. ഈ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലായിരുന്നെങ്കിൽ അവൾ അവന്റെ കൂടെ തന്നെ സന്തോഷത്തോടെ ജീവിക്കുമായിരുന്നില്ലേ. അല്ലാതെ അവളുടെ ഭർത്താവിനെ ഉപേക്ഷിച്ച് ഗായത്രി നിന്റെ കൂടെ വരില്ലായിരുന്നല്ലോ. സ്വന്തം അച്ഛന്റെ അമ്മയുടെയും കണ്ണീരിന് മുമ്പിൽ അല്ലേ അവൾ നിന്നെ മറന്നു മറ്റൊരുത്തന്റെ താലി സ്വീകരിച്ചത്. വീട്ടുകാർക്ക് വേണ്ടി അവൾക്ക് ത്യാഗം ചെയ്യാമെങ്കിൽ നിനക്കും ചെയ്യാം മോനെ. നല്ലൊരു പെൺകുട്ടിയെ കല്യാണം കഴിച്ചാൽ കുറച്ച് സമയമെടുത്ത് ആയാലും നിനക്ക് എല്ലാം മറക്കാൻ കഴിയും. അഥവാ നിനക്ക് ഗായത്രിയെ മറക്കാൻ കഴിയുന്നില്ലെങ്കിൽ നീ ആരെയും കല്യാണം കഴിക്കണ്ട. ആ വിഷമം ഞാൻ അങ്ങ് സഹിച്ചോളാം.” അത്രയും പറഞ്ഞു കൊണ്ട് ദേവകി അവിടെ നിന്നും എഴുന്നേറ്റ് പോയി. “അമ്മയുടെ അഭിപ്രായം തന്നെയാണ് ഏട്ടാ എന്റെയും അഭിപ്രായം. വീട്ടുകാർക്ക് വേണ്ടി ഏട്ടനെ മറന്ന് മറ്റൊരാളെ കല്യാണം കഴിച്ച ആ ചേച്ചിയെ എന്റെ ഏട്ടൻ കല്യാണം കഴിക്കണ്ട. അതിനേക്കാൾ നല്ലത് ഏട്ടൻ ഇങ്ങനെ കല്യാണം കഴിക്കാതെ ജീവിക്കുന്നത് തന്നെയാണ്.” അഞ്ചുവും തന്റെ തീരുമാനം അറിയിച്ചു. ഗായത്രിയെ വിവാഹം കഴിക്കുന്നതിനോട് അമ്മയും അനിയത്തിയും യോജിക്കില്ല എന്ന തിരിച്ചറിവ് അഖിലിനെ തളർത്തി. അവരുടെ സപ്പോർട്ട് ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ താൻ പ്രാണനായി സ്നേഹിച്ചവളെ തനിക്ക് ജീവിതത്തിലേക്ക് കൂടെ കൂട്ടാൻ കഴിയുമായിരുന്നു എന്ന് അഖിൽ ചിന്തിച്ചു. പക്ഷേ ഇനി ഒരിക്കലും തനിക്ക് അതിന് സാധിക്കില്ല എന്ന തിരിച്ചറിവ് അഖിലിനെ ഒത്തിരി വേദനിപ്പിച്ചു. നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ച് അവൻ സോഫയിൽ ചാരി കണ്ണുകൾ അടച്ചിരുന്നു. ഒരാഴ്ച കൂടി കഴിഞ്ഞാൽ അഖിൽ തിരികെ ഗൾഫിലേക്ക് മടങ്ങും. അതിനു മുമ്പ് ഒരിക്കൽ കൂടി ഗായത്രിയെ കണ്ട് ഒന്ന് സംസാരിക്കണമെന്ന് അവന് തോന്നി. 🍁🍁🍁🍁🍁 അന്നൊരു വെള്ളിയാഴ്ച ദിവസമായിരുന്നു. ഗായത്രി കോളേജിലെ ക്ലാസ്സ് കഴിഞ്ഞ് സ്കൂട്ടറും എടുത്ത് കോളേജിന്റെ ഗേറ്റ് കടന്ന് പുറത്തേക്ക് ഇറങ്ങുമ്പോഴാണ് അഖിൽ തന്റെ ബൈക്കിൽ ചാരി റോഡിനപ്പുറം നിൽക്കുന്നത് അവൾ കണ്ടത്. അവനെ കണ്ടതും ഗായത്രി തന്റെ സ്കൂട്ടർ റോഡിന്റെ സൈഡിലേക്ക് ഒതുക്കി നിർത്തി. അപ്പോഴേക്കും അഖിൽ റോഡ് ക്രോസ് ചെയ്ത് അവളുടെ അടുത്തായി വന്നു. “അഖിലേട്ടൻ എന്താ പതിവില്ലാതെ ഇവിടെ.? എന്നെ കാണാൻ വന്നതാണോ.” ഗായത്രി ചോദ്യ ഭാവത്തിൽ അവനെ നോക്കി. “ഞാൻ നിന്നെ കാണാൻ വന്നതാണ് ഗായു. എനിക്ക് നിന്നോട് അല്പം സംസാരിക്കാനുണ്ടായിരുന്നു.” അഖിൽ പറഞ്ഞു. “അഖിലേട്ടന് എന്നോട് എന്താ പറയാനുള്ളത്?” അവൾ ചോദിച്ചു. “എനിക്ക് നിന്നോട് അല്പം സീരിയസായി തന്നെ സംസാരിക്കാനുണ്ട്. അതുകൊണ്ട് നമുക്ക് ഏതെങ്കിലും കോഫി ഷോപ്പിൽ പോയിരുന്ന് സ്വസ്ഥമായി സംസാരിക്കാം ഗായു. ഇവിടെ ഈ റോഡിൽ വച്ച് സംസാരിച്ചാൽ ശരിയാവില്ല.” അഖിലിന്റെ സ്വരത്തിൽ ഗൗരവം പ്രകടമായിരുന്നു. “എങ്കിൽ നമുക്ക് അവിടെ പോയിരിക്കാം.” കോളേജിന് എതിർവശത്തുള്ള ഒരു കോഫി ഷോപ്പ് ചൂണ്ടി ഗായത്രി പറഞ്ഞു. “ഓക്കേ… നീ വാ…” അഖിൽ ഗായത്രിയുടെ കൈപിടിച്ച് റോഡ് ക്രോസ് ചെയ്ത് കോഫി ഷോപ്പിലേക്ക് കയറിച്ചെന്നു. ഇരുവരും രണ്ട് കോഫിയും കട്ട്ലറ്റും ഓർഡർ ചെയ്തതിനു ശേഷം ഒരു മേശയ്ക്ക് എതിർവശത്തായി ഇരുപ്പുറപ്പിച്ചു. ഓർഡർ ചെയ്ത് 10 മിനിറ്റ് കഴിഞ്ഞപ്പോൾ അവർക്കുള്ള കോഫിയും കട്ട്ലെറ്റും വെയിറ്റർ അവരുടെ മുൻപിൽ കൊണ്ടു വച്ചു. “അഖിലേട്ടന് എന്താ പറയാനുള്ളത്?” കോഫി കുടിച്ചു കഴിഞ്ഞിട്ടും അവൻ ഒന്നും മിണ്ടാതിരിക്കുന്നത് കണ്ട് ഗായത്രി ചോദിച്ചു. “നാളെ കഴിഞ്ഞാൽ ഞാൻ തിരിച്ച് ദുബായ്ക്ക് പോകും. അതിനു മുമ്പ് നിന്നെ കണ്ട് ചില കാര്യങ്ങളിൽ ഒരു ക്ലാരിഫിക്കേഷൻ വരുത്തണമെന്ന് എനിക്ക് തോന്നി ഗായു.” അഖിൽ മുഖവുരയോടെ പറഞ്ഞു. “അഖിലേട്ടൻ എന്താ പറയാൻ പോകുന്നതെന്ന് എനിക്ക് മനസ്സിലായി.” അവന്റെ മുഖത്തെ ഭാവവും ഗൗരവവും ഒക്കെ കണ്ടപ്പോൾ എന്തായിരിക്കും അവൻ പറയാൻ പോകുന്നതെന്ന് അവൾ ഏകദേശം ഊഹിച്ചു. “നിന്നോട് എനിക്ക് ഒരു റിക്വസ്റ്റ് മാത്രമേ ഉള്ളൂ. എനിക്ക് പറയാനുള്ളത് മുഴുവൻ കേട്ടതിനു ശേഷം മാത്രമേ നീ ഇവിടെ നിന്ന് തിരിച്ചു പോകാൻ പാടുള്ളൂ. അല്ലാതെ അന്ന് കോടതി മുറ്റത്ത് വച്ച് പെട്ടെന്ന് ഇറങ്ങിപ്പോയത് പോലെ ഇവിടെ നിന്നും ഇറങ്ങി പോകരുത് നീ. അതെനിക്ക് സഹിക്കാൻ കഴിഞ്ഞെന്ന് വരില്ല.” അഖിൽ അപേക്ഷാ ഭാവത്തിൽ അവളെ നോക്കി. “ഇന്നെന്തായാലും അഖിലേട്ടന് പറയാനുള്ളത് മുഴുവൻ കേട്ടതിനു ശേഷം മാത്രമേ ഞാൻ പോകു.” ഗായത്രി കൈകൾ മാറത്ത് പിണച്ചു കെട്ടി അവനെ കേൾക്കാനായി തയ്യാറെടുത്തു. “ഗായു… ഞാൻ അന്ന് നിന്നോട് പറഞ്ഞില്ലേ. നിന്നെ എനിക്ക് ഇപ്പോഴും ഇഷ്ടമാണ് കല്യാണം കഴിക്കാൻ താല്പര്യം ഉണ്ടെന്ന്.. നിന്റെ മനസ്സിൽ ഇപ്പോൾ അങ്ങനെയുള്ള ചിന്തകളൊന്നും ഇല്ല എന്ന് എനിക്കറിയാം. എങ്കിലും എനിക്ക് നിന്നോടുള്ള ഇഷ്ടം ഇപ്പോഴും ഒരു ശതമാനം പോലും കുറഞ്ഞിട്ടില്ല. നാൾക്ക് നാൾ എനിക്ക് നിന്നോടുള്ള ഇഷ്ടം കൂടിയിട്ടേയുള്ളൂ. കേവലം സഹതാപത്തിന്റെ പുറത്തല്ല നിന്നെ ഞാൻ എന്റെ ജീവിതത്തിലേക്ക് ക്ഷണിക്കുന്നത്. നമ്മൾ സ്വപ്നം കണ്ട ജീവിതം ഒരുമിച്ചു ജീവിക്കാൻ വേണ്ടിയാണ് ഞാൻ നിന്നെ ക്ഷണിക്കുന്നത്. നിന്റെ മനസ്സ് മാറുന്നതിനായി എത്ര വർഷം കാത്തിരിക്കാനും ഞാൻ തയ്യാറാണ്. നിനക്കെന്നെ ഇപ്പോഴും ഇഷ്ടമുണ്ടെന്ന് എനിക്കറിയാം ഗായു. പിന്നെ എന്തിനാണ് നീ എന്റെ മുന്നിൽ നിന്നും ഒഴിഞ്ഞു മാറാൻ ശ്രമിക്കുന്നത്. നിന്റെ ജീവിതത്തിലെ പ്രശ്നങ്ങളൊക്കെ അവസാനിച്ച സ്ഥിതിക്ക് നമുക്ക് ഒരുമിച്ച് ജീവിച്ചു കൂടെ. അത് ഉടനെ വേണമെന്ന് എനിക്കൊരു നിർബന്ധവുമില്ല. എല്ലാം മറക്കാൻ നിനക്ക് സമയം വേണമെന്ന് എനിക്കറിയാം. അതുവരെ കാത്തിരിക്കാൻ ഞാൻ ഒരുക്കവുമാണ്. ഒരിക്കൽ നിന്റെ അച്ഛൻ കാരണം നിന്നെ എനിക്ക് കൈവിട്ടു പോയി. ഇനിയും നിന്നെ കൈവിട്ടു കളയാൻ എനിക്ക് മനസ്സ് വരുന്നില്ല ഗായു. നിന്നോടുള്ള സ്നേഹം കൊണ്ടാണ് ഞാൻ ഇത്രയും കെഞ്ചി ചോദിക്കുന്നത്. എന്നെങ്കിലും നീ എന്റെ ജീവിതത്തിലേക്ക് കടന്നു വരുമോ? എന്റെ പഴയ ഗായുവായി?” അവസാന വാചകങ്ങൾ പറയുമ്പോൾ അഖിലിന്റെ ശബ്ദമിടറി……കാത്തിരിക്കൂ………

    മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

  • രണ്ടാം ടെസ്റ്റിലും നാണം കെട്ട് തോറ്റ് ടീം ഇന്ത്യ; തോൽവി 408 റൺസിന്, പരമ്പരയിൽ വൈറ്റ് വാഷ്

    രണ്ടാം ടെസ്റ്റിലും നാണം കെട്ട് തോറ്റ് ടീം ഇന്ത്യ; തോൽവി 408 റൺസിന്, പരമ്പരയിൽ വൈറ്റ് വാഷ്

    രണ്ടാം ടെസ്റ്റിലും നാണം കെട്ട് തോറ്റ് ടീം ഇന്ത്യ; തോൽവി 408 റൺസിന്, പരമ്പരയിൽ വൈറ്റ് വാഷ്

    ഗുവാഹത്തി ടെസ്റ്റിലും ഇന്ത്യക്ക് നാണം കെട്ട തോൽവി. 408 റൺസിന്റെ കൂറ്റൻ തോൽവിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. വിജയലക്ഷ്യമായ 549 റൺസിലേക്ക് ബാറ്റേന്തിയ ഇന്ത്യ 140 റൺസിന് എല്ലാവരും ഓൾ ഔട്ടായി. വിജയലക്ഷ്യത്തിലേക്ക് എത്തുക അസാധ്യമാണെന്നിരിക്കെ സമനില ലക്ഷ്യമിട്ട് അമിത പ്രതിരോധത്തിലൂന്നിയെങ്കിലും കൃത്യമായ ഇടവേളകളിൽ ദക്ഷിണാഫ്രിക്കൻ ബൗളർമാർ ഇന്ത്യൻ നിരയിൽ വിള്ളൽ വീഴ്ത്തിയതോടെ ഇന്ത്യ തല കുനിച്ചു

    54 റൺസെടുത്ത രവീന്ദ്ര ജഡേജക്ക് മാത്രമാണ് എന്തെങ്കിലും ചെയ്യാനായത്. വാഷിംഗ്ടൺ സുന്ദർ 16 റൺസും സായ് സുദർശൻ 139 പന്തിൽ 14 റൺസുമെടുത്തു. 2ന് 27 റൺസ് എന്ന നിലയിലാണ് ഇന്ത്യ അവസാന ദിനം ബാറ്റിംഗ് പുനരാരംഭിച്ചത്. 113 റൺസ് കൂടി മാത്രമേ അവസാന ദിനം കൂട്ടിച്ചേർക്കാൻ ഇന്ത്യക്ക് സാധിച്ചുള്ളു. 

    ആറ് വിക്കറ്റ് വീഴ്ത്തിയ സിമോൻ ഹാർമറാണ് ഇന്ത്യയെ തകർത്തത്. കേശവ് മഹാരാജ് രണ്ട് വിക്കറ്റെടുത്തു. മാർകോ ജാൻസൺ, സെനുരാൻ മുത്തുസ്വാമി എന്നിവർ ഓരോ വിക്കറ്റുകൾ സ്വന്തമാക്കി. 22 വർഷത്തിന് ശേഷമാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയിൽ ഒരു ടെസ്റ്റ് പരമ്പര ജയിക്കുന്നത്. അതും വൈറ്റ് വാഷിലൂടെ. ഗംഭീർ ഇന്ത്യൻ കോച്ചായി വന്നതിന് ശേഷം ഇത് രണ്ടാം തവണയാണ് ഒരു പരമ്പരയിലെ എല്ലാ മത്സരങ്ങളും ഇന്ത്യ തോൽക്കുന്നത്

    ഗുവാഹത്തിയിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഒന്നാമിന്നിംഗ്‌സിൽ 489 റൺസാണ് എടുത്തത്. മുത്തുസ്വാമിയുടെ 109 റൺസും മാർകോ ജാൻസന്റെ 93 റൺസുമാണ് അവർക്ക് മികച്ച സ്‌കോർ നേടിക്കൊടുത്തത്. ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 201 റൺസിന് ഓൾ ഔട്ടായി. 288 റൺസിന്റെ ലീഡാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. രണ്ടാമിന്നിംഗ്‌സിൽ ദക്ഷിണാഫ്രിക്ക 260ന് 5 എന്ന നിലയിൽ ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്ത് ഇന്ത്യക്ക് മുന്നിൽ 549 റൺസിന്റെ വിജയലക്ഷ്യം കുറിക്കുകയായിരുന്നു.
     

  • എൻ വാസുവിന്റെ ജാമ്യാപേക്ഷയിൽ വിധി ഡിസംബർ 3ന്

    എൻ വാസുവിന്റെ ജാമ്യാപേക്ഷയിൽ വിധി ഡിസംബർ 3ന്

    എൻ വാസുവിന്റെ ജാമ്യാപേക്ഷയിൽ വിധി ഡിസംബർ 3ന്

    ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം കമ്മീഷണറും ദേവസ്വം പ്രസിഡന്റുമായിരുന്ന എൻ വാസുവിന്റെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. കൊല്ലം വിജിലൻസ് കോടതിയിലാണ് വാദം പൂർത്തിയായത്. ജാമ്യാപേക്ഷയിൽ ഡിസംബർ 3ന് വിധി പറയും. 

    എൻ വാസു വിരമിച്ചതിന് ശേഷമാണ് സ്വർണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതെന്ന് പ്രതിഭാഗം വാദിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉത്തരവിറങ്ങിയപ്പോഴും വാസു ചുമതലയിൽ ഉണ്ടായിരുന്നില്ല. വാസുവിന്റെ അറിവോടെയല്ല ഒന്നും നടന്നതെന്നും പ്രതിഭാഗം വാദിച്ചു

    മുരാരി ബാബു കൈമാറിയ കത്ത് ഉചിതമായ തീരുമാനമെടുക്കുന്നതിന് ബോർഡിന് കൈമാറുക മാത്രമാണ് എൻ വാസു ചെയ്തത്. അതിനെ ശുപാർശ എന്ന് പറയാനാകില്ലെന്നും പ്രതിഭാഗം വാദിച്ചു. അതേസമയം പ്രോസിക്യൂഷൻ ജാമ്യം നൽകുന്നതിനെ ശക്തമായി എതിർത്തു.
     

  • സായുധ പോരാട്ടം അവസാനിപ്പിക്കാം, ഫെബ്രുവരി വരെ സമയം നൽകൂ: കീഴടങ്ങാൻ സമയം തേടി മാവോയിസ്റ്റുകൾ

    സായുധ പോരാട്ടം അവസാനിപ്പിക്കാം, ഫെബ്രുവരി വരെ സമയം നൽകൂ: കീഴടങ്ങാൻ സമയം തേടി മാവോയിസ്റ്റുകൾ

    സായുധ പോരാട്ടം അവസാനിപ്പിക്കാം, ഫെബ്രുവരി വരെ സമയം നൽകൂ: കീഴടങ്ങാൻ സമയം തേടി മാവോയിസ്റ്റുകൾ

    സായുധ പോരാട്ടം അവസാനിപ്പിക്കാനൊരുങ്ങി മാവോയിസ്റ്റുകൾ. മൂന്ന് സംസ്ഥാനത്തെ മാവോയിസ്റ്റുകളാണ് സായുധ പോരാട്ടം അവസാനിപ്പിക്കാൻ 2026 ഫെബ്രുവരി 15 വരെ സമയം തേടിയത്. കേന്ദ്ര സർക്കാരിനും മഹാരാഷ്ട്ര, ഛത്തിസ്ഗഡ്, മധ്യപ്രദേശ് മുഖ്യമന്ത്രിമാർക്കും ഇവർ കത്ത് നൽകി

    സ്‌പെഷ്യൽ സോണൽ കമ്മിറ്റി വക്താവ് അനന്ത് ആണ് കത്ത് നൽകിയത്. നക്‌സലിസം അവസാനിപ്പിക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദേശത്തിന് പിന്നാലെയാണ് മാവോയിസ്റ്റുകൾ സമയം തേടിയത്. 3 സംസ്ഥാനങ്ങളിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാവോയിസ്റ്റ് അംഗങ്ങളാണ് കീഴടങ്ങാൻ ഫെബ്രുവരി 15 വരെ സമയം തേടിയത്

    നിലവിലെ മാവോയിസ്റ്റ് വേട്ട അവസാനിപ്പിക്കണമെന്നാണ് മൂന്ന് മുഖ്യമന്ത്രിമാർക്ക് നൽകിയ കത്തിൽ ഇവർ ആവശ്യപ്പെടുന്നത്. സ്‌പെഷ്യൽ സോണൽ കമ്മിറ്റി വക്താവ് അനന്ത് ആണ് കത്തിൽ ഒപ്പുവെച്ചിരിക്കുന്നത്. പാർട്ടി പോളിറ്റ് ബ്യൂറോ സായുധ പ്രവർത്തനം താത്കാലികമായി അവസാനിപ്പിക്കാനുള്ള തീരുമാനത്തിന് അംഗീകാരം നൽകിയതെന്ന് കത്തിൽ പറയുന്നു

    രാജ്യത്തെയും ലോകത്തെയും സാഹചര്യങ്ങൾ മാറുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. പാർട്ടിയെ രക്ഷിക്കാനുള്ള മികച്ച മാർഗമായി ആയുധം ഉപേക്ഷിക്കുന്നതിനെ കാണുന്നുവെന്നും കത്തിൽ പറയുന്നുണ്ട്. 

     

  • തണൽ തേടി: ഭാഗം 64

    തണൽ തേടി: ഭാഗം 64

    എഴുത്തുകാരി: റിൻസി പ്രിൻസ്‌

    ശരി ആയിക്കോട്ടെ എന്റെ ഭാര്യ പറഞ്ഞിട്ട് ഞാൻ ഇനി കേട്ടില്ല എന്ന് വേണ്ട.. ചിരിയോടെ അവൻ പറഞ്ഞപ്പോൾ അവളും മനസ്സുനിറഞ്ഞൊന്ന് ചിരിച്ചിരുന്നു. അതോടൊപ്പം അവൻ “ഭാര്യ” എന്ന് സംബോധന ചെയ്തപ്പോൾ അവളുടെ മനസ്സും നിറഞ്ഞിരുന്നു. ശരിക്കും ഇതൊക്കെ വിൽക്കേണ്ട ആവശ്യമുണ്ടോ.? ഇട്ടുകൊണ്ട് നടന്നു കൂടെ..? അവൾ ചോദിച്ചു ഞാൻ പറഞ്ഞില്ലേ ഇത് ഇട്ടുകൊണ്ട് നടന്നാൽ ഈ കടം ഒക്കെ തീരുമോ.? ഇല്ലല്ലോ. സ്വർണ്ണം ഒക്കെ നമുക്ക് എപ്പോ വേണമെങ്കിലും ഉണ്ടാക്കാം കടങ്ങളൊക്കെ തീർക്കാനുള്ളതാണ്. ഏറ്റവും മുഖ്യമായ കാര്യം സ്വസ്ഥമായിട്ട് ഇരിക്കുക എന്നത് ആണ്. പിന്നെ നമുക്ക് സേവ് ചെയ്യാമല്ലോ. പണ്ടുമുതലേ കടം വാങ്ങിച്ചു കഴിഞ്ഞാൽ നെഞ്ചിൽ ഒരു ഭാരം ആണ്. അത് തിരിച്ചു കൊടുക്കുന്നതുവരെ.പിന്നെ ഒരു സമാധാനവുമില്ല. അവൻ എഴുനേറ്റ് ജനൽ തുറന്നു തലവേദന മാറിയോ..? അത് കാണെ അവൾ ചോദിച്ചു ആഹ് മാറി..! ചെലപ്പോ തന്റെ കൈയുടെ ഐശ്വര്യമായിരിക്കും. അവൻ പറഞ്ഞപ്പോൾ അവൾ ചിരിച്ചു പോയിരുന്നു. കുറച്ചു പൈങ്കിളി ആയിപ്പോയി അല്ലേ? ചിരിയോടെ അവൻ ചോദിച്ചപ്പോൾ അവളിൽ ആ ചിരി പൂർണ്ണതയിൽ എത്തിയിരുന്നു. വെഡിങ് റിങ് വിൽക്കാൻ ആണോ.? അത്രയ്ക്ക് മുരടൻ ഒന്നുമല്ല ഞാൻ. അവൻ അവളെ നോക്കി പറഞ്ഞു സ്വർണ്ണം ഇട്ട് നടക്കുന്നത് ഇഷ്ടമല്ലെന്ന് പറഞ്ഞതുകൊണ്ട് ചോദിച്ചതാ… ഇതിപ്പോ ഇടാതെ പറ്റില്ലല്ലോ. മാത്രമല്ല അത് കൈയിൽ കിടക്കുന്നത് ഒരു സന്തോഷവും സമാധാനവും, ഒറ്റയ്ക്കല്ലെന്നുള്ള ഒരു വിശ്വാസം അല്ലേ.? കൂടെ ഒരാൾ ഉണ്ടെന്നു ഉള്ള ചിന്തയാണ്. അത് ഒരു സന്തോഷവും സമാധാനവും ആണ് അവന്റെ സ്വരം ആർദ്രമായി അതൊരു ചിന്തയൊന്നുമല്ല. ശരിക്കും കൂടെ ഒരാൾ ഇല്ലേ.? ഉണ്ടോ..? അവൾക്ക് അരികിലേക്ക് വന്നുകൊണ്ട് അവൻ ചോദിച്ചു. എന്താ തോന്നുന്നേ.? എന്തൊക്കെയോ….! അവളുടെ മുഖത്തേക്ക് നോക്കി കുസൃതിയോടെ മീശ പിരിച്ചു അവൻ പറഞ്ഞപ്പോൾ അവളിൽ പെട്ടെന്ന് വെപ്രാളം നിറഞ്ഞിരുന്നു. ഞാൻ അങ്ങനെയല്ല ഉദ്ദേശിച്ചത്. എങ്ങനെയല്ലെന്ന്..? അവൻ വീണ്ടും അവളുടെ മുഖത്തേക്ക് നോക്കി നിന്ന് താടി ഒന്ന് ഉഴിഞ്ഞുകൊണ്ട് ചോദിച്ചു. ഇച്ചായൻ ഉദ്ദേശിച്ചതല്ല.. ഞാനതിനൊന്നും ഉദ്ദേശിച്ചില്ലല്ലോ. താൻ എന്താ ഉദ്ദേശിച്ചത്.? അവൻ അവളെ തന്നെ നോക്കി വീണ്ടും ചോദിച്ചു. അവളുടെ മുഖത്ത് നാണവും പരിഭ്രമവും എല്ലാം ഇടകലർന്ന് എത്തുന്നുണ്ട്. അത് കാണെ അവനിൽ ചിരി വന്നിരുന്നു. അവൾക്ക് അരികിൽ നിന്നും അവൻ കുറച്ച് മാറിനിന്നു. താൻ അരികിൽ നിൽക്കുമ്പോൾ അവളുടെ നെഞ്ച പടപട എന്ന് ഇടിക്കുന്നുണ്ട് എന്ന് അവന് തോന്നിയിരുന്നു. ആ നെഞ്ചിപ്പോ പൊട്ടിപ്പോവല്ലോ, അവളുടെ മുഖത്തേക്ക് നോക്കി അവൻ പറഞ്ഞപ്പോൾ അവളിലും ഒരു ചിരി വിടർന്നിരുന്നു. കയ്യിലെ മോതിരം കാണുമ്പോൾ ഫാൻസുകാരുടെയൊക്കെ ഹൃദയം തകർന്നു പോകുമല്ലോ. അവൾ പറഞ്ഞു അതാണ് ആകെയുള്ള ഒരു സങ്കടം. അവളെ ഒന്ന് പാളി നോക്കികൊണ്ട് പറഞ്ഞു. വല്ലാത്ത സങ്കടം തന്നെയാണ് അല്ലേ.? അവൾ അവനെ കൂർപ്പിച്ചു നോക്കി ചോദിച്ചു ചെറുതായിട്ട്… അവൻ അവളുടെ മുഖത്തേക്ക് നോക്കി ചിരിയോടെ പറഞ്ഞു. അവൾ വീണ്ടും കണ്ണ് ഉരുട്ടി അവനെ ഒന്ന് നോക്കി. അല്ല തന്റെ ഒരു കൂട്ടുകാരി എന്നെ കാണാൻ വേണ്ടി ബസ്സിൽ വരുമായിരുന്നു എന്ന് പറഞ്ഞില്ലേ.? ആ കൂട്ടുകാരി വന്നില്ലായിരുന്നോ കല്യാണത്തിന് അവൻ ഒരു പ്രത്യേക താളത്തിൽ ചോദിച്ചു. ഇല്ല വന്നില്ല അപ്പൊ ആ കൊച്ച് അറിഞ്ഞിട്ടില്ല കല്യാണം കഴിഞ്ഞ കാര്യം അല്ലേ. അറിയിച്ചിട്ടുണ്ട്. അവൾ എളിയിൽ കൈ കുത്തി അവനെ ഒന്ന് കൂർപ്പിച്ചു നോക്കി അർച്ചനയോടെ ഞാൻ പ്രത്യേകം പറഞ്ഞു വിട്ടിട്ടുണ്ട്. അവളോട് പറഞ്ഞേക്കണം ഇനി എന്റെ കെട്ടിയവനെ മനസ്സിൽ വച്ചുകൊണ്ട് ഇരിക്കണ്ട എന്ന് അവൻ പെട്ടന്ന് അവളെ നോക്കി ചുണ്ട് കടിച്ചു ഒന്ന് ചിരിച്ചു. ആര്…? എങ്ങനെ..? അവൻ മുണ്ടു മടക്കി ഉടുത്തുകൊണ്ട് അവൾക്ക് അരികിൽ വന്നപ്പോൾ പെട്ടെന്ന് അവളിൽ ഒരു പരിഭ്രമം നിറഞ്ഞിരുന്നു. ഒരു ഓളത്തിന് പറഞ്ഞു പോയതാണ്. എന്താണ് പറഞ്ഞതെന്ന് പിന്നീടാണ് മനസ്സിലായത്. ഉടനെ തന്നെ പറഞ്ഞതിലേ അബദ്ധം മനസ്സിലാക്കി അവൾ. അവൻ അപ്പോഴും ചിരിയോടെ തന്റെ അരികിലേക്ക് നടന്നുവരികയാണ്. അവൾ പെട്ടെന്ന് രണ്ടടി പുറകിലോട്ട് വച്ചു ഭിത്തിയിൽ തട്ടിൽ നിന്നപ്പോൾ അവൻ കൈകൾ കൊണ്ട് അവളെ ബ്ലോക്ക് ചെയ്തു. എന്തെന്നാ പറഞ്ഞത്..? അവൻ വീണ്ടും ചോദിച്ചു. അ…. അത്…. ഞാൻ അറിയാതെ എന്തോ പറഞ്ഞതാ അവന്റെ മുഖത്ത് നിന്ന് മുഖം മാറ്റിക്കൊണ്ട് അവൾ പറഞ്ഞപ്പോൾ ചിരിയോടെ അവൻ അവളെ ഒന്ന് നോക്കി. ആരാന്നാ പറഞ്ഞേ..? അവൻ ഒന്നുകൂടി കുസൃതിയോടെ ചോദിച്ചുകൊണ്ട് അവളുടെ മുഖത്തേക്ക് നോക്കി. ആ മുഖത്ത് നാണം വിരിയുന്നത് അവൻ അറിഞ്ഞിരുന്നു. പെട്ടെന്നാണ് കതകിൽ മുട്ട് കേട്ടത്. അവൻ അവളെ ഒന്നു നോക്കി ചിരിച്ചുകൊണ്ട് കതകിനരികിലേക്ക് പോയി. തുറന്ന് നോക്കിയപ്പോൾ മുൻപിൽ നിൽക്കുന്നത് അമ്മച്ചിയാണ്. എന്നാ അമ്മച്ചി..? അവൻ അവരുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് ചോദിച്ചു. നിന്നേ കാണാൻ ആരോ വന്നിരിക്കുന്നു ആരാ..? അതും ചോദിച്ചുകൊണ്ട് അവളെ ഒന്ന് നോക്കിയതിനുശേഷം അവൻ പുറത്തേക്ക് നടന്നു. അവനെ അനുഗമിച്ചുകൊണ്ട് പിന്നാലെ അവളും ഉണ്ടായിരുന്നു. വാതിൽക്കലേക്ക് എത്തിയപ്പോൾ തന്നെ ഉമ്മറത്ത് കാത്തു നിൽക്കുന്ന ആളെ രണ്ടുപേരും കണ്ടിരുന്നു. ഒറ്റനോട്ടത്തിൽ തന്നെ അയാളെ സെബാസ്റ്റ്യന് മനസ്സിലായിരുന്നു. പോലീസ് സ്റ്റേഷനിൽ തങ്ങൾ വിവാഹിതരാകുമെന്ന് എഴുതിവെപ്പിച്ച എസ്ഐ.! ഇയാൾ എന്താണ് ഈ ദിവസം ഇവിടെ എന്ന് അവൻ ഒന്ന് സംശയിച്ചു. ലക്ഷ്മിയുടെ മുഖത്തും ഭയം ഇരച്ചു നിൽക്കുന്നതായി അവന് മനസ്സിലാക്കാൻ സാധിച്ചിരുന്നു. ലക്ഷ്മിയേ ഒന്നു നോക്കി അകത്തേക്ക് കയറി പോകാൻ അവൻ കണ്ണുകൾ കൊണ്ട് ആംഗ്യം കാണിച്ചു. അവൾ അത് സമ്മതിച്ചു ഉടനെ തന്നെ അകത്തേക്ക് കയറി പോയിരുന്നു. മുറ്റത്തേക്ക് അവൻ ഇറങ്ങിച്ചെല്ലുമ്പോൾ തിരിഞ്ഞു നിന്നിരുന്ന അയാൾ അവന്റെ മുഖത്തേക്ക് നോക്കി. നന്നായി ഒന്ന് പുഞ്ചിരിച്ചു. സാറെന്താ ഇവിടെ? അവൻ അയാളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് ചോദിച്ചു. ഞാൻ തന്നെ കാണാൻ വന്നതാ. ഇന്ന് കല്യാണമായിരുന്നു അല്ലേ? അതെ..! നമുക്കൊന്നു നടക്കാം നടക്കാനോ.? അവൻ മനസ്സിലാകാതെ അയാളെ നോക്കി. നിന്നെ കാണാൻ ഒരാൾ വന്നിട്ടുണ്ട് കുറച്ചു സംസാരിക്കാനാ, നിനക്കും കൂടി ഗുണം ഉള്ള കാര്യമാണെന്ന് കൂട്ടിക്കോ അയാൾ പറഞ്ഞപ്പോൾ തന്നെ എന്തോ ഒരു പന്തികേട് അവന് തോന്നിയിരുന്നു. സാർ നിക്ക്, ഞാൻ ഈ വേഷം ഒന്നു മാറ്റിയിട്ട് വരാം. ഇത് മതിയെടാ കാറുണ്ട്. അയാൾ പറഞ്ഞപ്പോൾ അവൻ സമ്മതിച്ചുവെങ്കിലും മൊബൈൽ ഫോൺ ഓൺ ആക്കി ശിവന് ഒരു മെസ്സേജ് അയച്ചു. ഒപ്പം തന്നെ ഫോൺ എടുത്ത് ശിവന്റെ നമ്പർ കോളിങ്ങിലിട്ട് അപ്പുറത്ത് അറ്റൻഡ് ചെയ്തപ്പോൾ അത് ലോക്ക് ചെയ്ത് പോക്കറ്റിൽ വച്ചു. ശേഷം അകത്തേക്ക് നോക്കി വിളിച്ചു ലക്ഷ്മി…. അവന്റെ വിളി കാത്ത് നിന്നതുപോലെ അവൾ അകത്തുനിന്നും ഇറങ്ങി വന്നു.. ഞാന് ഒന്ന് പുറത്ത് പോയിട്ട് വരാം.. എവിടെ പോവാ..? പെട്ടെന്ന് വരില്ലേ.? ആധി നിറഞ്ഞ ഒരുപാട് ചോദ്യങ്ങൾ അവളുടെ കണ്ണിൽ നിറഞ്ഞുനിൽക്കുന്ന ഭയവും അവന്റെ മുഖത്തേക്കുള്ള നോട്ടവും കണ്ടപ്പോൾ ആ നിർണായക സാഹചര്യത്തിൽ പോലും അവന് അല്പം സന്തോഷം തോന്നിയിരുന്നു. ആ കണ്ണുകളിൽ ആധി നിറഞ്ഞത് തനിക്ക് വേണ്ടിയല്ലേ.? ആ ഉത്കണ്ഠ തനിക്ക് വേണ്ടി അല്ലേ എന്ന ഒരു സമാധാനം. ഒറ്റയ്ക്ക് പോവണ്ട..? അവൾ കരയുമെന്ന് അവസ്ഥയിൽ എത്തിയതുപോലെ അവന് തോന്നിയിരുന്നു. ഞാൻ പെട്ടെന്ന് തിരിച്ചു വരും. അവൻ അവളോട് പറഞ്ഞു. ശേഷം അവളെ ഒന്ന് തിരിഞ്ഞു നോക്കി നടന്നുകൊണ്ട് എസ്ഐയുടെ അരികിലേക്ക് നടന്നിരുന്നു. അയാൾ പടിക്കെട്ടുകൾക്കു മുകളിൽ അവനെയും കാത്ത് നിൽക്കുകയാണ്. അവൻ കണ്ണിൽ നിന്നും മായുന്നതുവരെ അവൾ അങ്ങനെ അവിടെ നിന്നു. എസ്ഐക്കൊപ്പം മുകളിലേക്ക് കയറിയപ്പോൾ ഒരു ഇന്നോവ കാർ അവിടെ തങ്ങളെ കാത്തു കിടക്കുന്നത് അവൻ കണ്ടു. കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്ന ആളെ വ്യക്തമായി തന്നെ സെബാസ്റ്റ്യൻ കണ്ടു ആദർശ്.!…..തുടരും

    മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

  • ഭക്ഷണം സൂക്ഷിച്ചത് കക്കൂസിനു മുകളില്‍; ചിക്കന്‍ കഴുകുന്നത് ക്ലോസറ്റില്‍; പന്തളത്ത് മൂന്ന് ഹോട്ടലുകള്‍ക്കെതിരെ നടപടി

    ഭക്ഷണം സൂക്ഷിച്ചത് കക്കൂസിനു മുകളില്‍; ചിക്കന്‍ കഴുകുന്നത് ക്ലോസറ്റില്‍; പന്തളത്ത് മൂന്ന് ഹോട്ടലുകള്‍ക്കെതിരെ നടപടി

    ഭക്ഷണം സൂക്ഷിച്ചത് കക്കൂസിനു മുകളില്‍; ചിക്കന്‍ കഴുകുന്നത് ക്ലോസറ്റില്‍; പന്തളത്ത് മൂന്ന് ഹോട്ടലുകള്‍ക്കെതിരെ നടപടി

    പത്തനംതിട്ട പന്തളം കടക്കാട്ട് വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച മൂന്ന് ഹോട്ടലുകള്‍ക്കെതിരെ നടപടി സ്വീകരിച്ച് നഗരസഭ ആരോഗ്യ വിഭാഗം. ഭക്ഷണപദാര്‍ത്ഥങ്ങള്‍ സൂക്ഷിച്ചത് കക്കൂസിനു മുകളില്‍ എന്നും ചിക്കന്‍ കഴുകുന്നത് ക്ലോസറ്റില്‍ എന്നും പരിശോധനയില്‍ കണ്ടെത്തി.

    ഇന്നുച്ചയോടെയാണ് പന്തളം നഗരസഭ ആരോഗ്യവിഭാഗം ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച മൂന്ന് ഹോട്ടലുകള്‍ക്കെതിരെ നടപടി സ്വീകരിച്ചത്. ഭക്ഷണപദാര്‍ത്ഥങ്ങള്‍ സൂക്ഷിച്ചത് കക്കൂസിനു മുകളില്‍ എന്നും ചിക്കന്‍ കഴുകുന്നത് ക്ലോസറ്റില്‍ എന്നും പരിശോധനയില്‍ കണ്ടെത്തി.

    നഗരസഭാ വിഭാഗം അടപ്പിച്ച മൂന്ന് ഹോട്ടലുകളും ഇതര സംസ്ഥാന തൊഴിലാളികള്‍ നടത്തുന്നതാണ്. ലൈസന്‍സില്ലാതെ ആയിരുന്നു ഇവയുടെ പ്രവര്‍ത്തനം. ഹോട്ടല്‍ നടത്തിപ്പിന് കെട്ടിടം വിട്ടുകൊടുത്ത ഉടമകള്‍ക്കെതിരെ കേസെടുക്കാന്‍ ആരോഗ്യ വിഭാഗം നിര്‍ദ്ദേശം നല്‍കി.

  • അയോധ്യ രാമക്ഷേത്രത്തിൽ പതാക ഉയർത്തി പ്രധാനമന്ത്രി; പതാക സ്ഥാപിച്ചത് 191 അടി ഉയരത്തിൽ

    അയോധ്യ രാമക്ഷേത്രത്തിൽ പതാക ഉയർത്തി പ്രധാനമന്ത്രി; പതാക സ്ഥാപിച്ചത് 191 അടി ഉയരത്തിൽ

    അയോധ്യ രാമക്ഷേത്രത്തിൽ പതാക ഉയർത്തി പ്രധാനമന്ത്രി; പതാക സ്ഥാപിച്ചത് 191 അടി ഉയരത്തിൽ

    അയോധ്യ രാമക്ഷേത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ പതാക ഉയർത്തൽ ചടങ്ങ് നടന്നു. ആർഎസ്എസ് മേധാവി മോഹൻ ഭാഗവതും പ്രധാനമന്ത്രി മോദിക്കൊപ്പം ചടങ്ങിൽ പങ്കെടുത്തു. അയോധ്യയിൽ ഉയർന്ന പതാക ധർമ പതാക എന്നറിയപ്പെടുമെന്ന് ക്ഷേത്രം ട്രസ്റ്റ് വ്യക്തമാക്കി. അയോധ്യ ക്ഷേത്രത്തിലെ ശിഖിരത്തിൽ 191 അടി ഉയരത്തിലാണ് പതാക സ്ഥാപിച്ചത്

    രാമന്റെ ആദർശങ്ങളുടെ സൂചകമായി കോവിദാര വൃക്ഷവും ഓം എന്നെഴുതുകയും ചെയ്ത കാവിനിറത്തിലുള്ള ത്രികോണാകൃതിയിലുള്ള പതാകയാണ് ഉയർത്തിയത്. രാമന്റെയും സീതയുടെയും വിവാഹ പഞ്ചമിയോട് അനുബന്ധിച്ചുള്ള മുഹൂർത്തത്തിലാണ് ചടങ്ങ് നടക്കുന്നത്. 

    പതാക ഉയർത്തലിന് മുന്നോടിയായി അയോധ്യയിൽ നരേന്ദ്രമോദിയുടെ റോഡ് ഷോയും നടന്നിരുന്നു. സാകേത് കോളേജ് മുതൽ അയോധ്യധാം വരെയാണ് റോഡ് ഷോ നടന്നത്. തുടർന്ന് സമീപ ക്ഷേത്രങ്ങളിൽ മോദി ദർശനം നടത്തി. ഇതിന് ശേഷമാണ് അയോധ്യ രാമക്ഷേത്രത്തിൽ പതാക ഉയർത്തിയത്.
     

  • തണൽ തേടി: ഭാഗം 65

    തണൽ തേടി: ഭാഗം 65

    എഴുത്തുകാരി: റിൻസി പ്രിൻസ്‌

    അയാൾ പടിക്കെട്ടുകൾക്കു മുകളിൽ അവനെയും കാത്ത് നിൽക്കുകയാണ്. അവൻ കണ്ണിൽ നിന്നും മായുന്നതുവരെ അവൾ അങ്ങനെ അവിടെ നിന്നു. എസ്ഐക്കൊപ്പം മുകളിലേക്ക് കയറിയപ്പോൾ ഒരു ഇന്നോവ കാർ അവിടെ തങ്ങളെ കാത്തു കിടക്കുന്നത് അവൻ കണ്ടു. കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്ന ആളെ വ്യക്തമായി തന്നെ സെബാസ്റ്റ്യൻ കണ്ടു ആദർശിനെ കണ്ടപ്പോൾ തന്നെ എന്തായിരിക്കും അവരുടെ ഉദ്ദേശം എന്ന് ഏകദേശം സെബാസ്റ്റ്യന് മനസ്സിലായിരുന്നു. ഒരു ചിരിയോടെ ആദർശ മെല്ലെ വണ്ടിയിൽ നിന്നും ഇറങ്ങി. തന്നെ ഒന്ന് കാണാൻ വേണ്ടി വന്നതാ… പേടിക്കേണ്ട പ്രശ്നത്തിന് ഒന്നുമല്ല. ആദർശ് പറഞ്ഞു എനിക്ക് പേടിയൊന്നുമില്ല, സെബാസ്റ്റ്യൻ കൂസൽ ഇല്ലാതെ പറഞ്ഞു നമുക്കൊന്ന് സംസാരിക്കാം. ആദർശ് പറഞ്ഞു എനിക്ക് തന്നോട് ഒന്നും സംസാരിക്കാൻ ഇല്ല. ഒന്ന് സംസാരിക്കടോ എസ് ഐ പുറകിൽ നിന്ന് പറഞ്ഞപ്പോൾ അവൻ അയാളെ കൂർപ്പിച്ച് ഒന്ന് നോക്കി. എന്ത് സംസാരിക്കാൻ ഉണ്ടെങ്കിലും ഇവിടെ വച്ച് പറയാം, അതെന്താ നിനക്ക് പേടിയാണോ.? വീണ്ടും അവന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് എസ് ഐ ചോദിച്ചു.. ഞാൻ എന്തിനാ പേടിക്കുന്നത്, എനിക്ക് എവിടെയും പോകാനും ഒന്നും സംസാരിക്കാനും ഇല്ല. പിന്നെ സാറിനെ ഇതിനകത്ത് എന്താ ലാഭം എന്ന് എനിക്കറിയില്ല. അതെന്താണെങ്കിലും അത് വാങ്ങിക്കൊണ്ട് സാറ് പോകാൻ നോക്ക്. എനിക്ക് പ്രത്യേകിച്ച് ഇയാളോട് ഒന്നും സംസാരിക്കാൻ ഇല്ല. എടാ എന്റെ ലാഭത്തെ പറ്റി പറയാൻ നീ ആരാടാ..? അതും പറഞ്ഞ് അയാൾ അവന്റെ ഷർട്ടിന്റെ കോളറിൽ കുത്തിപ്പിടിച്ചിരുന്നു. ഹാ വിട് സാറേ… ആവശ്യമില്ലാതെ എന്നെ ചൊറിയാൻ നിക്കല്ലേ, സാർ എന്റെ വീട്ടിൽ വന്ന് എന്നെ വിളിച്ചു കൊണ്ടു വന്നതാ. മര്യാദയ്ക്ക് ഞാൻ പറഞ്ഞു പറയാനുള്ളത് എന്താണെന്ന് വെച്ചാൽ പറഞ്ഞൊ ഞാൻ കേൾക്കാമെന്ന്. അയാളുടെ കയ്യ് അല്പം ബലമായി പിടിച്ചു മാറ്റി കൊണ്ട് അവൻ പറഞ്ഞപ്പോൾ വണ്ടിയിൽ നിന്നും ആദർശ് ഇറങ്ങിയിരുന്നു സാറെ പ്രശ്നം വേണ്ട, അവനെ വിട്, നമുക്ക് അങ്ങോട്ട് മാറിനിൽക്കാം… അവിടെയുള്ള ഒരു റബർതോട്ടം കാണിച്ചുകൊണ്ട് ആദർശ് പറഞ്ഞപ്പോൾ അവന്റെ പിന്നാലെ സെബാസ്റ്റ്യൻ നടന്നിരുന്നു. അവൻ പോക്കറ്റിൽ നിന്നും ഒരു സിഗരറ്റ് എടുത്ത് അത് ചുണ്ടിലേക്ക് വച്ചുകൊണ്ട് സെബാസ്റ്റ്യനേ ഒന്ന് നോക്കി. സെബാസ്റ്റ്യ, നമ്മൾ തമ്മിൽ ഒരു പ്രശ്നവുമില്ല. തന്നെ ഞാൻ ആദ്യമായിട്ട് കാണുന്നത് ആ പോലീസ് സ്റ്റേഷനിൽ വച്ച, ഞാൻ മനസ്സിൽ കണ്ടുകൊണ്ട് നടന്ന പെണ്ണിനെ വലയിലാക്കിയ ഒരു ശത്രുവായിട്ടാ ഞാൻ തന്നെ കരുതിയത്. പിന്നെ അടുത്ത കാലത്ത് ആണ് അവളുടെ കാമുകൻ നീ അല്ലായിരുന്നു എന്ന് ഞാൻ അറിഞ്ഞത്. വിവേകിന്റെ കാര്യം അവൻ അറിഞ്ഞിട്ടുണ്ട് എന്ന് വ്യക്തമായി തന്നെ സെബാസ്റ്റ്യന് മനസ്സിലായി. താൻ ഇതിനകത്ത് വന്നു പെട്ടുപോയതാ പോലീസ് സ്റ്റേഷനിൽ എഴുതി വച്ചിരിക്കുന്നത് പേടിച്ചു ആയിരിക്കും താൻ അവളെ കല്യാണം കഴിച്ചത്. ഏതായാലും അത് നന്നായി. ഞാൻ തന്നെ കാണാൻ വന്നത് മറ്റൊന്നും കൊണ്ടല്ല. വളച്ചു കെട്ടില്ലാതെ പറയാം… ലക്ഷ്മി ഞാൻ ഒരുപാട് ആഗ്രഹിച്ച മുതലാ, എനിക്ക് മുംബൈയിൽ ഒരു കൺസ്ട്രക്ഷൻ കമ്പനിയാണ്. വലിയ വലിയ ടെൻഡറുകൾ ഒക്കെ ഞാൻ സ്വന്തമാക്കുന്നത് പല വഴികളിലൂടെയാണ്. സെബാസ്റ്റ്യൻ പറഞ്ഞതുപോലെ മേലുദ്യോഗസ്ഥരുടെ പ്രീതിക്ക് വേണ്ടി പലപ്പോഴും കൂട്ടിക്കൊടുപ്പടക്കം ചെയ്യേണ്ടി വന്നിട്ടുണ്ട്. ലക്ഷ്മിയുടെ ഫോട്ടോ എന്റെ ബോസിന് ഒരുപാട് ഇഷ്ടപ്പെട്ടത് ആണ്. അയാൾ പറഞ്ഞത് എന്ത് വിലകൊടുത്തും അവളെ വേണം എന്നാണ്. കോടികളുടെ ബിസിനസ്സ് ആണ് എനിക്ക് കിട്ടുന്നത്. വെറുതെ വേണ്ട സെബാസ്റ്റ്യന് എത്ര രൂപ വേണമെങ്കിലും ഞാൻ തരാം. ഇപ്പൊ അവളുടെ ഭർത്താവ് എന്നുള്ള ഒരു ലേബലും തനിക്കുണ്ട്. തന്റെ കാര്യങ്ങളൊക്കെ കഴിഞ്ഞിട്ട് മതി.! എത്ര കാലം വേണമെങ്കിലും അവൾക്ക് വേണ്ടി കാത്തിരിക്കാൻ അയാൾ തയ്യാറാണ്. ഒരു മണിക്കൂർ, ഒരൊറ്റ മണിക്കൂർ നേരത്തേക്ക് താൻ ഒന്ന് കണ്ണടച്ചാൽ ഒരു 10 ലക്ഷം രൂപ ഞാൻ തനിക്ക് തരാം… അവനത് പറഞ്ഞു കഴിഞ്ഞത് മാത്രമേ ആദർശിന് ഓർമ്മയുണ്ടായിരുന്നുള്ളൂ. അപ്പോഴേക്കും സെബാസ്റ്റ്യൻ കരുത്തുറ്റ കരങ്ങൾ അവന്റെ കവിളിൽ പതിച്ചിരുന്നു. ഒപ്പം തന്നെ അവൻ ഷർട്ടിന്റെ കോളറിൽ കുത്തിപ്പിടിച്ച് അവന്റെ കവിളിൽ അമർത്തി പിടിച്ചു അടി നാഭിയ്ക്ക് ഇട്ട് ഒരു ചവിട്ട് കൊടുത്തു അമ്മേ….. അറിയാതെ ആദർശ് വിളിച്ചു പോയി.. എന്റെ ഭാര്യക്ക് വിലയിടാൻ വരുന്നോടാ നായിന്റെ മോനെ, കഴിഞ്ഞപ്രാവശ്യം വന്നപ്പോഴേ ഞാൻ നിന്നോട് പറഞ്ഞതാ വീട്ടിലിരിക്കുന്ന നിന്റെ അമ്മയെ വിളിച്ചു കൊണ്ടു പോകാൻ. വീണ്ടും വീണ്ടും ആ വാക്ക് എന്നെക്കൊണ്ട് ആവർത്തിപ്പിക്കരുത്. നിന്റെ സംസ്കാരം അല്ല എനിക്ക്. അതുകൊണ്ട ഇപ്പോഴും ഞാൻ ഇത്രയും മാന്യമായ രീതിയിൽ നിന്നോടിടപ്പെടുന്നത്. ഇനി മേലാൽ എന്റെ പെണ്ണിന് നേരെ നിന്റെ ദൃഷ്ടി ഉയർന്നാൽ അന്ന് നിന്റെ അവസാനം ആയിരിക്കും. ആദർശന്റെ ചുണ്ടിൽ നിന്നും ചോര വന്നിരുന്നു. രംഗം ശരിയല്ല എന്ന് തോന്നിയത് കൊണ്ട് തന്നെ അപ്പോൾ അവിടേക്ക് എസ്ഐ വരികയും ചെയ്തിരുന്നു. ആദർശിന്റെ കോലം കണ്ടതോടെ ദേഷ്യത്തോടെ സെബാസ്റ്റ്യന്റെ നേരെ കയ്യ് ഉയർത്തി. വേണ്ട സാറേ..! അവൻ കൈയെടുത്ത് തടഞ്ഞുകൊണ്ട് അയാളെ നോക്കി. ഇവന്മാർക്കൊക്കെ അങ്ങ് മുകളിൽ പിടിപാട് ഉണ്ടാകും എന്ന് എനിക്കറിയാം. സാറിനും അതിലൊരു ഓഹരി കിട്ടിയിട്ടുണ്ടാവും എന്നും മനസ്സിലായി പക്ഷേ ഒരു കാര്യം സാർ ഓർത്തോണം ഇപ്പൊ ഇവിടെ നടന്നതും പറഞ്ഞതുമായ എല്ലാ കാര്യങ്ങളും അപ്പുറത്ത് എന്റെ കൂട്ടുകാരൻ റെക്കോർഡ് ചെയ്യുന്നുണ്ടായിരുന്നു. സാറിന്റെ മാസ്സ് ഡയലോഗുകൾ ഒക്കെ ആ റെക്കോർഡിങ്ങിൽ പതിഞ്ഞിട്ടുണ്ട് എനിക്ക് എന്ത് സംഭവിച്ചാലും ഈ റെക്കോഡിങ് ഒക്കെ ഇത് എത്തേണ്ടടത് എത്തിയിരിക്കും. പണി പോകുന്ന വഴി കാണില്ല. അതുകൊണ്ട് സാർ ഇനി ഇത്തരം പരിപാടികൾക്ക് കുടപിടിച്ചുകൊണ്ട് എന്നെ കാണാൻ വരരുത്. സെബാസ്റ്റ്യൻ അത് പറഞ്ഞപ്പോഴേക്കും അയാൾ ശരിക്കും ഭയന്നിരുന്നു. അയാളുടെ മുഖം കണ്ടപ്പോൾ തന്നെ അയാൾ ഭയന്നുവെന്ന് ആദർശിനും മനസ്സിലായിരുന്നു.. സാറേ അവനെ വിളിച്ചു കൊണ്ടു പോകാൻ നോക്ക്… അത്രയും പറഞ്ഞ് സെബാസ്റ്റ്യൻ മുന്നോട്ടു നടന്നിരുന്നു. ആദർശ് ഇനി ഈ പരിപാടിക്ക് എന്നെ വിളിച്ചേക്കരുത്. ഈ ജോലി പോയ എനിക്ക് മുൻപിൽ വേറെ മാർഗമൊന്നുമില്ല. നിങ്ങളെയൊക്കെ രക്ഷിക്കാൻ നൂറുപേര് കാണും പക്ഷേ എന്റെ അവസ്ഥ അതല്ല.. അത്രയും പറഞ്ഞ് എസ്ഐ തന്റെ ബുള്ളറ്റും സ്റ്റാർട്ട് ചെയ്തു പോയപ്പോൾ എങ്ങനെ ഇനിയും ലക്ഷ്മിയെ തന്റെ വരുതിയിലേക്ക് കൊണ്ടുവരുമെന്ന് അറിയാതെ ദേഷ്യത്തോടെ നിൽക്കുകയായിരുന്നു ആദർശ്. കുറച്ച് സമയത്തിന് ശേഷം അവൻ വാഹനം എടുത്തു കൊണ്ട് തിരികെ പോവുകയും ചെയ്തിരുന്നു. ലക്ഷ്മി ഉമ്മറത്ത് തന്നെ സെബാസ്റ്റ്യനെ നോക്കി ഇരിക്കുകയായിരുന്നു. അവൻ പോയ നിമിഷം മുതൽ അവൾക്ക് സമാധാനം ഉണ്ടായിരുന്നില്ല. സാലി രണ്ടുമൂന്നുവട്ടം അകത്തേക്ക് വന്ന് വിളിച്ചപ്പോഴും അവൾ പോയിരുന്നില്ല. പടിക്കെട്ടുകൾ ഇറങ്ങി സെബാസ്റ്റ്യൻ വരുന്നത് കണ്ടപ്പോഴാണ് അവൾക്ക് സമാധാനം തോന്നിയത്.. അവൾ ഓടി അവന്റെ അരികിലേക്ക് ചെന്നു. ആ കണ്ണുകൾ നിറയാൻ തുടങ്ങിയത് അവൻ വ്യക്തമായി കണ്ടിരുന്നു.. “ഹേയ്… അവൻ ചിരിയോടെ കണ്ണു ചിമ്മി എവിടെ പോയതായിരുന്നു.? അയാൾ എന്തിനാ വിളിച്ചത്.? അവന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് അവൾ ചോദിച്ചു. കേസിന്റെ കാര്യം പറയാൻ വേണ്ടി വിളിച്ചതാ, കല്യാണം കഴിഞ്ഞില്ലേ അപ്പോൾ അതിനെക്കുറിച്ച് അറിയാൻ വേണ്ടി വിളിച്ചതാ. അവളോട് അങ്ങനെ പറയാനാണ് അവന് തോന്നിയത്… ഇല്ലെങ്കിൽ അവൾ ഭയക്കും എന്ന് തോന്നി.. ഇതെന്താ ചുണ്ടിൽ ചോര..? ഇടറിയ സ്വരത്തോടെ അവൾ ചോദിച്ചപ്പോൾ അവൻ മുണ്ടിന്റെ കോന്തല കൊണ്ട് ചുണ്ടിലെ ചോരയൊന്നും ഒപ്പി. അത് എവിടെയോ ഇടിച്ചത് ആണ്… അത്രയും പറഞ്ഞ് തിരിഞ്ഞു പോകാൻ തുടങ്ങിയവന്റെ കയ്യിൽ അവൾ കയറി പിടിച്ചു… ഇച്ചായനെ അയാൾ എന്തെങ്കിലും ചെയ്തോ.?ചോദിക്കുന്നതിനൊപ്പം അവൾ കരഞ്ഞു പോയിരുന്നു. ആ കണ്ണുകൾ തനിക്ക് വേണ്ടി നിറഞ്ഞപ്പോൾ ഒരു നിമിഷം അവന് സന്തോഷമാണ് തോന്നിയത്… ഹേയ് ഇല്ലടോ, താൻ വിചാരിക്കുന്ന പോലെ പ്രശ്നമൊന്നുമില്ല….ആ മറ്റവൻ വന്നായിരുന്നു ആദർശ് അവനോട് ഒന്നും രണ്ടും പറഞ്ഞ് ഉടക്കേണ്ടി വന്നു. അവൻ എന്തോ പറഞ്ഞപ്പോൾ ചെറുതായി ഉന്തും തള്ളുമായി. അതുകൊണ്ട് പറ്റിയതാ .. അവളുടെ മുഖത്തേക്ക് നോക്കി അത്രയും പറഞ്ഞപ്പോഴാണ് ആ മുഖത്ത് ചെറിയൊരു ആശ്വാസം അവൻ കണ്ടത്. തന്നെ ആരെങ്കിലും എന്തെങ്കിലും ചെയ്തോന്നുള്ള പേടിയായിരുന്നു അത്രയും നേരം ആ മുഖത്ത്. പേടിച്ചോ..? ഏറെ ആർദ്രമായി അവളുടെ കവിളിൽ തഴുകി അവൻ ചോദിച്ചപ്പോൾ. ആ കണ്ണുകൾ ആ നിമിഷം തന്നെ നിറഞ്ഞു തൂവി…. ഞാനിവിടെ തീയിൽ ചവിട്ടി നിൽക്കാരുന്നു. അയാൾ എങ്ങോട്ടാ കൊണ്ടുപോയത് എന്ന് അറിയാതെ.. പെട്ടെന്ന് എനിക്ക് ആരുമില്ലാത്തത് പോലെ തോന്നി..! അത് പറഞ്ഞപ്പോഴേക്കും അവൾ കരഞ്ഞു പോയിരുന്നു. ആ വാക്കുകൾ കേൾക്കേ ഒരു വല്ലാത്ത അനുഭവമാണ് അവന് തോന്നിയത്.. അവൻ പെട്ടെന്ന് അവളുടെ താടിയിൽ പിടിച്ച് ഉയർത്തി ആ നിറഞ്ഞ കണ്ണുകളിൽ നോക്കി പറഞ്ഞു ഞാൻ ഉള്ളപ്പോൾ ഒറ്റയ്ക്കാകുമോ ..?….തുടരും

    മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

  • പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ

    പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ

    പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ

    വെൽഫയർ പാർട്ടിയുമായി മുസ്‍‍ലിം ലീഗിന് സഖ്യമില്ലെന്ന് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. തദ്ദേശ തെരഞ്ഞെടുപ്പായതിനാൽ പ്രാദേശിക നീക്കുപോക്കുണ്ടെന്ന് അദേഹം പറഞ്ഞു. യുഡിഎഫിനോടുള്ള നിലപാടിൽ അവരാണ് മാറ്റം വരുത്തിയത്. നേരത്തേ എൽഡിഎഫുമായി സഹകരിച്ച ജമാഅത്തെ ഇസ്‍ലാമി ഇപ്പോൾ യുഡിഎഫുമായി സഹകരിക്കുന്നുവെന്ന് മാത്രമെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

    ഖാസിയാകാൻ യോഗ്യതയില്ലെന്ന ഉമർ ഫൈസി മുക്കത്തിന്റെ പരോക്ഷവിമർശനത്തിന് ഇതാദ്യമായി സാദിഖലി ശിഹാബ് തങ്ങൾ മറുപടി പറഞ്ഞു. തന്നെ ഖാസിയാക്കിയത് സമുദായ നേതൃത്വമാണെന്നാണ് പ്രതികരണം. വിമർശനം ഉന്നയിക്കുന്നവർ ഓരോരോ നേരത്തേ സമതയത്തെ മനോനില അനുസരിച്ച് പറയുന്നതാണ്. ഇതാണ് എല്ലാവർക്കുമുള്ള മറുപടിയെന്നും സാദിഖലി തങ്ങൾ പറഞ്ഞു. ഉമർഫൈസിയുടെ വിമർശനം ജിഫ്രി തങ്ങൾ തന്നെ തളളിയിട്ടുണ്ട്. ഉമർ ഫൈസിയുടെ വിമർശനം സമസ്തയുടെ വിമർശമല്ലെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി.

    നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന്റെ നിലവിലെ എംഎൽഎമാരിൽ പലരും മാറുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ടേം വ്യവസ്ഥ നടപ്പിലാക്കാതേയും ആളുകളെ മാറ്റാം. എംഎൽ‌എമാരുടെ പ്രകടനവും ജനങ്ങളുമായുള്ള ബന്ധവും മാനദണ്ഡമാകും. ചിലർ സ്വയം മാറാൻ തയ്യാറാണെന്നും സാദിഖലി തങ്ങൾ പറഞ്ഞു.

    നിലവിലുള്ള കോൺഗ്രസ് സംസ്ഥാന നേതൃത്വത്തെപ്പറ്റി ലീഗിന്റെ അഭിപ്രായം ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ടെന്ന് സാദിഖലി തങ്ങൾ പറ‍ഞ്ഞു. മുന്നണി ബന്ധവും നേതൃത്വവും ശക്തമാക്കണണം. ഹൈക്കമാന്റിന് കാര്യങ്ങൾ അറിയാമല്ലോയെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ കൂട്ടിച്ചേർത്തു.

  • ഹോം വർക്ക് ചെയ്യാത്തതിന് നാല് വയസുകാരനെ മരത്തിൽ കെട്ടിത്തൂക്കി ശിക്ഷിച്ചു; വ്യാപക പ്രതിഷേധം

    ഹോം വർക്ക് ചെയ്യാത്തതിന് നാല് വയസുകാരനെ മരത്തിൽ കെട്ടിത്തൂക്കി ശിക്ഷിച്ചു; വ്യാപക പ്രതിഷേധം

    ഹോം വർക്ക് ചെയ്യാത്തതിന് നാല് വയസുകാരനെ മരത്തിൽ കെട്ടിത്തൂക്കി ശിക്ഷിച്ചു; വ്യാപക പ്രതിഷേധം

    ഹോംവർക്ക് ചെയ്യാത്തതിന്റെ പേരിൽ നാല് വയസുകാരനായ എൽകെജി വിദ്യാർഥിയെ കയറിൽ കെട്ടി മരത്തിൽ തൂക്കി ശിക്ഷിച്ചതായി പരാതി. ഛത്തീസ്ഗഢിലെ സൂരജ്പുരിലാണ് സംഭവം. സ്വകാര്യ സ്‌കൂളിലെ രണ്ട് അധ്യാപികമാരാണ് ക്രൂരതയ്ക്ക് പിന്നിൽ. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

    നാരായൺപുർ ഗ്രാമത്തിലെ നഴ്‌സറി മുതൽ എട്ടാം ക്ലാസ് വരെയുള്ള ഹൻസ് വാഹിനി വിദ്യാ മന്ദിർ എന്ന സ്‌കൂളിലാണ് സംഭവം.  കുട്ടി ഹോംവർക്ക് ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയ അധ്യാപിക കുട്ടിയെ ക്ലാസിന് പുറത്തേക്ക് വിളിച്ച ശേഷം കയറുപയോഗിച്ച് കെട്ടി സ്‌കൂൾ വളപ്പിലെ മരത്തിൽ തൂക്കുകയായിരുന്നു.

    കുട്ടിയെ മരത്തിൽ തൂക്കിയിടുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചു. കുട്ടി സഹായത്തിനായി കരയുന്നതും, ഇതിന് സമീപം രണ്ട് അധ്യാപികമാർ നിൽക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. കൈൽ സാഹു, അനുരാധ ദേവാംഗൻ എന്നിവരാണ് സംഭവത്തിൽ ഉൾപ്പെട്ട അധ്യാപികമാർ.