‘ആര്യൻ നടുവിരൽ ഉയർത്തിക്കാട്ടിയത് ആൾക്കൂട്ടത്തെ അല്ല, മാനേജരെ’; വിശദീകരണവുമായി നടൻ സൈദ് ഖാൻ
ബെംഗളൂരു: വീണ്ടും വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് ബോളിവുഡ് സൂപ്പർതാരം ഷാരുഖ് ഖാന്‍റെ മകനും സംവിധായകനുമായ ആര്യൻ ഖാൻ. ബെംഗളൂരുവിലെ പബ്ബിൽ ആൾക്കൂട്ടത്തിന് നേരെ താരപുത്രൻ നടുവിരൽ ഉയർത്തി കാട്ടിയതാണ് വിവാദമായത്. ഇപ്പോൾ സംഭവത്തിൽ വിശദീകരണവുമായി രാഷ്ട്രീയ നേതാവ് സമീർ അഹമ്മദിന്‍റെ മകനും നടനുമായ സൈദ് ഖാൻ രംഗത്തെത്തിയിരിക്കുകയാണ്. ആര്യൻ നടുവിരൽ ഉയർത്തിക്കാട്ടിയത് ആൾക്കൂട്ടത്തെ അല്ലെന്നും മാനേജറെ ആണെന്നുമാണ് സൈദ് പറയുന്നത്.
‘എനിക്ക് വർഷങ്ങളായി ആര്യനെ അറിയാം. ഞങ്ങൾ ഒരേ സ്ഥലത്തുനിന്നാണ് അഭിനയം പഠിച്ചത്. ബെംഗളൂരുവിലേക്ക് വരുന്നുണ്ടെന്ന് അവൻ എനിക്ക് മെസേജ് അയച്ചിരുന്നു. അങ്ങനെയാണ് ഞങ്ങൾ ഒന്നിച്ച് പരിപാടിക്ക് എത്തിയത്. ഞങ്ങൾ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ പേർ അവിടെയുണ്ടായിരുന്നു. ഒരുപാട് പേരുണ്ടെങ്കിൽ തനിക്ക് ഒന്നും ചെയ്യാനാവില്ലെന്ന് ആര്യൻ പറഞ്ഞിരുന്നു. അദ്ദേഹത്തിന്‍റെ മാനേജർ കൂടിയായ സുഹൃത്ത് ആൾക്കൂട്ടത്തെ പറഞ്ഞുവിടാം എന്ന് പറഞ്ഞ് പോയി. കുറേ നേരമായി അദ്ദേഹത്തെ കാണുന്നുണ്ടായിരുന്നില്ല. എന്താണ് നടക്കുന്നത് എന്നറിയാൻ ഞങ്ങൾ ബാൽക്കണിയിലേക്ക് പോയി. മാനേജരെ കണ്ടപ്പോൾ അവനോടാണ് ആര്യൻ നടുവിരൽ കാണിച്ചത്. അല്ലാതെ അവിടെ നിൽക്കുന്നവരെ അല്ല.’- സൈദ് പറഞ്ഞു.
തന്‍റെ ബ്രാൻഡിന്‍റെ പ്രമോഷന് വേണ്ടിയാണ് ആര്യൻ ബെംഗളൂരുവിൽ എത്തിയത്. സംഭവത്തിൽ അഡ്വ. ഒസൈദ് ഹുസൈൻ എന്ന ആൾ ബെംഗളൂരു പൊലീസിൽ പരാതി നൽകിയിരുന്നു. പരിപാടിയിൽ പങ്കെടുക്കാൻ നിരവധി പെൺകുട്ടികൾ ഉണ്ടായിരുന്നെന്നും ആര്യന്‍റെ പ്രവർത്തി അവരെ അപമാനിക്കുന്നതാണ് എന്നുമാണ് പരാതിയിൽ പറഞ്ഞിരുന്നത്.

Leave a Reply